'ഈ മര്‍ലീന ഇപ്പോള്‍ സിംഗ് ആയിരിക്കുകയാണ്, പിതാവിനെപ്പോലും മാറ്റി'; പ്രിയങ്കയ്ക്കു പിന്നാലെ അതിഷിക്കെതിരെയും മോശം പരാമര്‍ശവുമായി ബിജെപി നേതാവ്
പ്രിയങ്കയ്ക്കു പിന്നാലെ അതിഷിക്കെതിരെയും മോശം പരാമര്‍ശവുമായി ബിജെപി നേതാവ്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷി സിംഗിനെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവും കല്‍ക്കാജി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ രമേഷ് ബിധൂരി. പ്രിയങ്കാ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പേയണ് അതിഷിക്കെതിരെയും ബിജെപി നേതാവ് രംഗത്തെത്തിയത്. അഅതിഷി അച്ഛനെ മാറ്റിയെന്നാണ് രമേഷ് ബിധൂരിയുടെ വിവാദ പരാമര്‍ശം. ഡല്‍ഹിയില്‍ ഒരു പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേഷ് ബിധൂരി.
കുറച്ചുകാലം മുന്‍പുവരെ അതിഷിയുടെ പേരിനൊപ്പം മര്‍ലീനയെന്നായിരുന്നു ഉണ്ടായിരുന്നതെന്നും ഇപ്പോഴത് സിംഗ് എന്നാക്കിയെന്നും രമേഷ് പറഞ്ഞു. ''ഈ മര്‍ലീന ഇപ്പോള്‍ സിംഗ് ആയിരിക്കുകയാണ്. അവര്‍ പേര് മാറ്റിയിരിക്കുകയാണ്. അഴിമതിക്കാരായ കോണ്‍ഗ്രസുമായി കൂട്ടുകൂടില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ മക്കളോട് സത്യം ചെയ്തിരിക്കുകയാണ്. മര്‍ലീന തന്റെ പിതാവിനെപ്പോലും മാറ്റി. ഇത് ആം ആദ്മി പാര്‍ട്ടിയുടെ സ്വഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. നമ്മുടെ നിരവധി ധീര സൈനികരെ ഇല്ലായ്മചെയ്ത അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടത്തരുതെന്നാവശ്യപ്പട്ട് ദയാഹര്‍ജി നല്‍കിയവരാണ് അതിഷി മര്‍ലീനയുടെ മാതാപിതാക്കള്‍. അങ്ങനെയുള്ളവരെ പിന്തുണയ്ക്കണോ എന്ന് ഡല്‍ഹിയിലെ ജനങ്ങളോട് എനിക്ക് ചോദിക്കാന്‍ ആഗ്രഹമുണ്ട്.'' രമേഷ് ബിധൂരി കൂട്ടിച്ചേര്‍ത്തു.
നാണക്കേടിന്റെ എല്ലാ അതിര്‍ വരമ്പുകളും ബി.ജെ.പി നേതാക്കള്‍ ലംഘിക്കുകയാണെന്നാണ് അരവിന്ദ് കെജ്രിവാള്‍ ഈ പരാമര്‍ശത്തോട് പ്രതികരിച്ചത്. ഒരു വനിതാ മുഖ്യമന്ത്രിക്കുനേരെ നടത്തിയ ഈ പ്രസ്താവന ഡല്‍ഹിയിലെ ജനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. ഡല്‍ഹിയിലെ എല്ലാ സ്ത്രീകളും ഇതിന് പ്രതികാരം ചെയ്യണമെന്നും എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.
ഈയിടെയാണ് പ്രിയങ്കാ ഗാന്ധിക്കെതിരെയും രമേഷ് ബിധൂരി മോശം പരാമര്‍ശം നടത്തിയത്. വരുന്ന തിരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചുകഴിഞ്ഞാല്‍ തന്റെ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുകള്‍ പോലെയാക്കും എന്നായിരുന്നു രമേഷ് പറഞ്ഞത്. നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായെത്തിയത്.