അത് ഒന്നും വിശ്വസിക്കരുത്..; കണ്ടാൽ അറിയത്തില്ലേ...എഡിറ്റിംഗ് ആണെന്ന്..!! എപ്സ്റ്റീൻ ഫയലുകളിൽ മോദിയുടെ പേര്; വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ബിജെപി; കോൺഗ്രസിനെതിരെ ആരോപണം
ഡൽഹി: ആഗോള തലത്തിൽ വിവാദമായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ഫയലുകളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാജ പ്രചാരണം നടത്താൻ കോൺഗ്രസ് ഇമെയിൽ സന്ദേശത്തിൽ കൃത്രിമം കാണിച്ചെന്ന് ബിജെപി. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്നും ബിജെപി വക്താവും എംപിയുമായ സംബിത് പത്ര ആരോപിച്ചു.
മോദി എപ്സ്റ്റീന്റെ ഉപദേശം സ്വീകരിച്ചുവെന്ന് വരുത്തിത്തീർക്കുന്ന നിലയിൽ ഇമെയിലിൽ എഡിറ്റ് ചെയ്താണ് കോൺഗ്രസ് പ്രചാരണം നടത്തുന്നതെന്ന് സംബിത് പത്ര വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എപ്സ്റ്റീന്റെ നിർദ്ദേശപ്രകാരം മോദി 2017-ൽ ഇസ്രായേലിൽ പോയി എന്ന തരത്തിലാണ് കൃത്രിമം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കുറ്റവാളിയുടെ ജൽപനങ്ങൾ ഉപയോഗിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപമാനിക്കാനുള്ള ശ്രമം തികഞ്ഞ വഞ്ചനയാണെന്നും ബിജെപി വ്യക്തമാക്കി.
അതേസമയം, എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരും ഉയർന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് വലിയ രാഷ്ട്രീയ വിവാദമുയർത്തിയിരുന്നു. മോദി എന്തിനാണ് എപ്സ്റ്റീന്റെ ഉപദേശം കേട്ടതെന്നും, ഇതിലൂടെ എന്ത് പ്രയോജനമാണ് ഉണ്ടായതെന്നും കോൺഗ്രസ് ചോദ്യം ചെയ്തു. കളങ്കിത വ്യക്തിയുമായുള്ള ബന്ധം രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയമാണെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു.
എന്നാൽ, എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരുണ്ടെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. എപ്സ്റ്റീന്റെ പരാമർശങ്ങളെ മന്ത്രാലയം "ജൽപനങ്ങൾ" എന്ന് വിശേഷിപ്പിക്കുകയും, അത്യന്തം അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്തു. പ്രധാനമന്ത്രി 2017-ൽ ഇസ്രായേലിൽ പോയെന്നതിനപ്പുറം ഒരു യാഥാർത്ഥ്യവുമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ ഒരു ഇമെയിലിൽ നരേന്ദ്ര മോദിയുടെ പേര് പരാമർശിച്ചുവെന്ന വിവരമാണ് റിപ്പോർട്ടുകളായി പുറത്തുവന്നത്. മോദി തന്റെ ഉപദേശം സ്വീകരിച്ചെന്നും, തന്റെ നിർദ്ദേശപ്രകാരം ഇസ്രായേലിൽ പോയെന്നുമാണ് എപ്സ്റ്റീൻ ഈ മെയിലിൽ വിവരിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.