കോണ്‍ഗ്രസ് വിട്ടുവന്ന അശോക് ചവാന്റെ മകള്‍ക്കും സീറ്റ്; ശ്രീജയ ചവാന്‍ ഉള്‍പ്പടെ 13 വനിതകള്‍; ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കം 99 സ്ഥാനാര്‍ത്ഥികള്‍; മഹാരാഷ്ട്രയില്‍ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി

288 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ ബി.ജെ.പി 160 സീറ്റുകളിലാണ് മത്സരിക്കുക

Update: 2024-10-20 12:16 GMT

മുബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനുളള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെയുമടങ്ങുന്ന 99 പേരുടെ ആദ്യഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയില്‍ സഖ്യധാരണകള്‍ പ്രകാരം ബി.ജെ.പിക്ക് 160 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് സൂചന.

ആകെയുള്ള 288ല്‍ 260 സീറ്റുകളുടെ വിഭജനം ഇന്ന് ഉച്ചയോടെ പൂര്‍ത്തിയായി. ബിജെപി -142, എന്‍സിപി അജിത് പവാര്‍ പക്ഷം -54, ശിവസേന ഏക്‌നാഥ്ഷിന്‍ഡെ വിഭാഗം- 64 എന്നിങ്ങനെയാണ് സീറ്റുകള്‍ സംബന്ധിച്ച് ധാരണയായത്. ഇതിനുപിന്നാലെയാണ് ബിജെപി ആദ്യ പട്ടിക പുറത്തുവിട്ടത്. എന്‍ഡിഎ മുന്നണിയായ മഹായുതിയിലെ മറ്റ് പാര്‍ട്ടികളും പട്ടിക ഉടന്‍ പ്രഖ്യാപിക്കും. ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയുടെ പട്ടിക ഇന്ന് വൈകിട്ടോ നാളെയോ പുറത്തിറങ്ങുമെന്നാണ് സൂചന.

നാഗ്പുര്‍ വെസ്റ്റില്‍ നിന്നാണ് മുന്‍ മുഖ്യമന്ത്രിയും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ഫഡ്നവിസ് മത്സരിക്കുക. 2009 മുതല്‍ ഫഡ്നവിസ് നിലനിര്‍ത്തുന്ന സീറ്റാണിത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കൂലെയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കംതി മണ്ഡലത്തില്‍ നിന്നാണ് ചന്ദ്രശേഖര്‍ ജനവിധി തേടുക. മന്ത്രി സുധീര്‍ മുന്‍ഗത്തിവാര്‍ ബല്ലാര്‍പുര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ മകള്‍ ശ്രീജയ ചവാന്‍ ബോക്കര്‍ മണ്ഡലത്തിലും ജനവിധി തേടും. നിലവില്‍ ബി.ജെ.പിയുടെ രാജ്യസഭാംഗമാണ് അശോക് ചവാന്‍. ശ്രീജയ ചവാന്‍ ഉള്‍പ്പടെ 13 വനിതകളാണ് ആദ്യഘട്ട പട്ടികയിലുള്ളത്. സ്ഥാനാര്‍ഥികളില്‍ വലിയൊരു വിഭാഗവും സിറ്റിങ് എം.എല്‍.എമാരാണ്.

മുന്നണിയിലെ മറ്റ് ഘടകകക്ഷികളായ ഏകനാഥ ഷിന്‍ഡേ പക്ഷ ശിവ്സേന, അജിത് പവാര്‍ പക്ഷ എന്‍.സി.പി എന്നിവരുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സഖ്യം വലിയ തിരിച്ചടി നേരിട്ടിരുന്നു. 48 സീറ്റുകളില്‍ കേവലം 17 സീറ്റുകളില്‍ മാത്രമാണ് ഭരണമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാനായത്. കോണ്‍ഗ്രസും ശിവസേനയും ശരദ് പവാര്‍ വിഭാഗം എന്‍.സി.പിയും ചേര്‍ന്ന മഹാവികാസ് അഘാഡി സഖ്യം 30 സീറ്റുകളില്‍ വിജയിച്ചിരുന്നു.

ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയും അവസാന ഘട്ടത്തിലാണ്. പത്തു സീറ്റുകളിലൊഴികെ എല്ലായിടത്തും സീറ്റ് വിഭജനം പൂര്‍ത്തിയായെന്ന് കോണ്‍ഗ്രസ് പറയുന്നുണ്ടെങ്കിലും ഉദ്ധവ് താക്കറെ വിഭാഗം തൃപ്തിയില്‍ അല്ലെന്നാണ് സൂചന. അതൃപ്തി പ്രകടിപ്പിക്കാന്‍ ഉദ്ധവ് നേതാക്കല്‍ ശരത് പവാറിനെ ഇന്ന് കണ്ടു. എന്‍സിപി ശരത് പവാര് വിഭാഗം 58 സ്ഥാനാര്‍ത്ഥികളെ ഇതിനോടകം നിശ്ചയിച്ചു കഴിഞ്ഞു.

60ലധികം സ്ഥാനാര്‍ത്ഥികള്‍ ശിവസേന ഉദ്ധവ് വിഭാഗത്തിനും റെഡിയാണ്. കോണ്‍ഗ്രസിലും 70തിലധികം സ്ഥാനാര്‍ത്ഥികളുടെ പട്ടികയായി. ഡല്‍ഹിയില്‍ ചേരുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനുശേഷം പ്രഖ്യാപനമുണ്ടാകും. സംയ്കുതമായി പ്രഖ്യാപിക്കാമെന്ന് ശിവസേന മുന്നണിയോഗത്തില്‍ അഭിപ്രായമുന്നയിച്ചിരുന്നു. അങ്ങനെയെങ്കില്‍ നാളെയാകും പ്രഖ്യാപനം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചാല്‍ ഉടന് എന്‍സിപിയും ശിവസേനയും പട്ടിക പുറത്തുവിടും.

Tags:    

Similar News