ഓപ്പറേഷന്‍ സിന്ദൂറിലെ വിജയം ആഘോഷമാക്കാന്‍ ബിജെപി; നാളെ മുതല്‍ 23 വരെ രാജ്യവ്യാപകമായി തിരംഗ യാത്രകള്‍ സംഘടിപ്പിക്കും; മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും യാത്രകളില്‍ പങ്കെടുക്കും; ഭീകരര്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയാത്ത പ്രത്യാക്രമണമാണ് പ്രധാനമന്ത്രി നല്‍കിയതെന്ന് ബിജെപി
ഓപ്പറേഷന്‍ സിന്ദൂറിലെ വിജയം ആഘോഷമാക്കാന്‍ ബിജെപി
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി. ഓപ്പറേഷന്‍ സിന്ദൂര്‍ വിജയമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി രാജ്യവ്യാപക പ്രചാരണത്തിന് തുനിയുന്നത്. നാളെ മുതല്‍ 23 വരെ രാജ്യവ്യാപകമായി മുതിര്‍ന്ന നേതാക്കളും, മന്ത്രിമാരും നയിക്കുന്ന തിരംഗ യാത്രകള്‍ സംഘടിപ്പിക്കാനാണ് നീക്കം. ഓപ്പറേഷന്‍ സിന്ധൂര്‍ വന്‍ വിജയമാണെന്നും ഭീകരര്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയാത്ത പ്രത്യാക്രമണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയതെന്നുമാണ് ബിജെപിയുടെ വ്യക്തമാക്കുന്നത്.
അതിനിടെ ഓപ്പറേഷന്‍ സിന്ദൂറില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളെ കൊന്നൊടുക്കിയ ഭീകരരെ പിടികൂടാതെ ഓപ്പറോഷന്‍ സിന്ദൂര്‍ വിജയമാണെന്ന് എങ്ങനെ പറയാനാകുമെന്ന് ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ചോദിച്ചു. മൂന്നാം കക്ഷി ഇടപെട്ട് വെടിനിര്‍ത്തലിലേക്ക് കാര്യങ്ങളെത്തിച്ചത് ഇന്ത്യയുടെ ഭരണ നേതൃത്വം ദുര്‍ബലമായതിന്റെ തെളിവാണെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്.
1971ല്‍ അമേരിക്കയെ പടിക്ക് പുറത്ത് നിര്‍ത്തി ഇന്ദിര ഗാന്ധി സ്വീകരിച്ചത് നട്ടെല്ലുള്ള നയമായിരുന്നുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഇന്ദിര-മോദി താരതമ്യങ്ങളും നിറഞ്ഞിരുന്നു. അതേസമയം ഇന്ന് രാത്രി എട്ടിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം തന്റെ മധ്യസ്ഥതയിലാണ് ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തല്‍ കരാറില്‍ എത്തിയതെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കളയാന്‍ എന്തുകൊണ്ടാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി തയ്യാറാവാത്തതെന്ന ചോദ്യം നയതന്ത്ര വൃത്തങ്ങളില്‍ സജീവമാണ്. ''ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിലേക്ക് എത്തിയത്. സാമാന്യ യുക്തിയുള്ളതും ബുദ്ധിപരവുമായ തീരുമാനത്തെ അഭിനന്ദിക്കുന്നു'' ഇങ്ങനെയായിരുന്നു പ്രസിഡന്റ് ട്രംപിന്റെ എക്‌സിലെ പോസ്റ്റ്.
ഇതോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്ക വിഷയങ്ങളില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ പാടില്ല എന്ന പ്രഖ്യാപിത നിലപാടിന്റെ ലംഘനം സംഭവിച്ചുവെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയത്. ഇതിന് സര്‍ക്കാരും ബിജെപിയും ഇനിയും മറുപടി പറയാന്‍ തയ്യാറായിട്ടില്ല.
ട്രംപിന്റെ പ്രസ്താവന സൃഷ്ടിച്ച ആശയക്കുഴപ്പം പരിഹരിക്കാന്‍ നരേന്ദ്ര മോദി രംഗത്തു വരാത്തതിന് പിന്നിലെ ദുരൂഹത മാറ്റണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ പ്രധാന ആവശ്യം. ഇന്ത്യയും അയല്‍രാജ്യങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ പാടില്ല എന്ന നയമാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ പിന്തുടര്‍ന്നു പോരുന്നത്. ഇതാണ് ലംഘിക്കപ്പെട്ടത് എന്നാണ് പ്രതിപക്ഷ ആക്ഷേപം. ഇന്ത്യാ യുഎസ് താരിഫ് കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടക്കുന്ന വേളയില്‍ അമേരിക്കയെ പിണക്കുന്ന നിലപാട് പ്രധാനമന്ത്രി മോദിക്ക് സ്വീകരിക്കാനാവില്ലെന്നും വ്യാഖ്യാനിക്കുന്നവരുണ്ട്.
ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തല്‍ കരാറിലെത്തിയത് എന്നാണ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി പറഞ്ഞത്. പാകിസ്ഥാനുമായുള്ള ചര്‍ച്ചയില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അപ്പോഴും അമേരിക്കന്‍ പ്രസിഡന്റിന്റെ അവകാശ വാദത്തെ നമ്മുടെ സര്‍ക്കാര്‍ തള്ളിപ്പറയുകയോ, നിഷേധിക്കുക ചെയ്തിട്ടില്ല.
വെടിനിര്‍ത്തലിന്റെ സകല ക്രെഡിറ്റും പ്രസിഡന്റ് ട്രംപ് സ്വന്തം പോക്കറ്റിലാക്കാന്‍ ശ്രമിക്കുകയാണ്. അതേസമയം ഭീകരരെ അതിര്‍ത്തി കയറ്റിവിടുന്ന പാകിസ്ഥാന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രസിഡന്റ് ട്രംപ് തള്ളിപ്പറഞ്ഞതുമില്ല. ഞങ്ങള്‍ ഇതില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞ് കൈകഴുകി മാറിനില്‍ക്കുന്ന നിലപാടായിരുന്നു സംഘര്‍ഷമുണ്ടായ ആദ്യ ദിനങ്ങളില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് സ്വീകരിച്ചത്. വളരെ പെട്ടെന്നാണ് അമേരിക്ക യു-ടേണ്‍ അടിച്ചതും വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചെന്ന ട്രംപിന്റെ അവകാശവാദം പുറത്തു വന്നതും.
അതിനിടെ വെടിനിര്‍ത്തലിന് ശേഷം ഇന്ന് വൈകിട്ട് ഹോട്ട്ലൈന്‍ വഴി ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാര്‍ ചര്‍ച്ച നടത്തി. സൈനിക തലത്തിലല്ലാതെ മറ്റു ചര്‍ച്ചകള്‍ക്കില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രാത്രി പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും വലിയ പ്രകോപനങ്ങള്‍ ഉണ്ടായില്ലെന്നാണ് സൂചന. അതിര്‍ത്തി ശാന്തമാണ്. പഞ്ചാബ്, ഗുജറാത്ത് രാജസ്ഥാന്‍, ജമ്മു കശ്മീ ര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തി സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്. ഇവിടത്തെ വിമാനത്താവളങ്ങള്‍ ഉള്‍പ്പടെ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ വൈകാതെ തീരുമാനമാകും.