തെരഞ്ഞെടുപ്പില്‍ ആദ്യമായി പിന്തുണ തേടുന്നു; എന്നും വയനാടിനൊപ്പമുണ്ടാകും; നിങ്ങളാണ് എന്റെ കുടുംബം, നിങ്ങളുടെ പ്രശ്‌നത്തിലെല്ലാം താനുണ്ടാകും; എന്റെ സഹോദരന് വലിയ പിന്തുണയാണ് നിങ്ങള്‍ നല്‍കിയത്; കല്‍പ്പറ്റയിലെ പൊതുസമ്മേളനത്തില്‍ പ്രിയങ്ക ഗാന്ധി
തെരഞ്ഞെടുപ്പില്‍ ആദ്യമായി പിന്തുണ തേടുന്നു
കല്‍പ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയ പ്രിയങ്ക ഗാന്ധി കല്‍പ്പറ്റയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പില്‍ ആദ്യമായി തനിക്ക് വേണ്ടി പിന്തുണ തേടുകയാണെന്ന് വയനാട് ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. 17ാം വയസിലാണ് പിതാവിന് വേണ്ടി താന്‍ ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്. പിന്നീട് മാതാവിനും സഹോദരനും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി നിരവധി തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി. ഇതാദ്യമായി തനിക്ക് വേണ്ടി വോട്ട് തേടുകയാണെന്ന് പ്രിയങ്ക പറഞ്ഞു.
ഈ അവസരം എനിക്ക് കിട്ടിയ ആദരമാണ്. നിങ്ങളുടെ പല പ്രശ്‌നങ്ങളും എന്റെ സഹോദരനോട് പറഞ്ഞിട്ടുണ്ടാകും. നിങ്ങളാണ് എന്റെ കുടുംബം. നിങ്ങളുടെ പ്രശ്‌നത്തിലെല്ലാം താനുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മുണ്ടക്കൈ ഉരുള്‍പ്പൊട്ടലിനെ അനുസ്മരിച്ച പ്രിയങ്ക ഗാന്ധി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ കണ്ടുവെന്നും പറഞ്ഞു. ദുരന്തത്തെ നേരിട്ട വയനാട്ടുകാരുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
എന്റെ സഹോദരന് വലിയ പിന്തുണയാണ് നിങ്ങള്‍ നല്‍കിയത്. ആ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് രാജ്യം മുഴുവന്‍ നടക്കാന്‍ സാധിക്കുമായിരുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. 'കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഞാന്‍ വയനാട്ടിലെ മുണ്ടക്കൈയില്‍ സഹോദരനൊപ്പം വന്നിരുന്നു. അവിടെ എല്ലാം നഷ്ടമായവരെ കണ്ടു. ഉരുള്‍പൊട്ടലില്‍ ജീവിതം ഇല്ലാതായ മനുഷ്യരെ കണ്ടു. ഞാന്‍ കണ്ട ഓരോരുത്തരും പരസ്പരം സഹായിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്നു. അത്യാഗ്രഹമില്ലാതെ സ്നേഹം മാത്രം നല്‍കിയാണ് അവര്‍ പരസ്പരം പിന്തുണച്ചത്.വയനാട്ടുക്കാരുടെ ധൈര്യം എന്റെ മനസിനെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. വയനാടിന്റെ കുടുംബമാവുന്നതില്‍ അഭിമാനമുണ്ട്. വളരെയധികം വിചിത്രമായ കാലത്താണ് നാം ജീവിക്കുന്നത്.
അധികാരത്തില്‍ ഇരിക്കുന്നവര്‍ അധികാരം നല്‍കിയവര്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കുന്നു. അധികാരത്തില്‍ ഇരിക്കുന്നവര്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നു. ഇതല്ല രാഷ്ട്രീയം. സത്യത്തിനും സമത്വത്തിനും നീതിക്കുവേണ്ടിയാണ് നാം പോരാടുന്നതെന്നെും പ്രിയങ്ക പറഞ്ഞു. നിങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് സഹോദരന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് നേരിട്ട് വന്ന് നിങ്ങളോട് സംസാരിക്കണം. വന്യജീവി,മനുഷ്യ സംഘര്‍ഷം, മെഡിക്കല്‍ കോളേജ് ആശുപത്രി, രാത്രിയാത്ര നിരോധനം എന്നിവയ്ക്ക് അപ്പുറം നിങ്ങളുടെ മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കണം. ഇത് എന്റെ പുതിയ യാത്ര. എന്റെ ഗുരു നിങ്ങളാണ്',- പ്രിയങ്ക പറഞ്ഞു. രാഹുല്‍ ഗാന്ധിയും സോണിയയും ഖര്‍ഗെയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കല്‍പ്പറ്റയിലെ പരിപാടിയില്‍ പങ്കെടുത്തു.