ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പുറത്തുവിട്ട് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം; അവസാന വാര്‍ത്താ സമ്മേളനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍; ഇനി ജീവകാരുണ്യ പ്രവര്‍ത്തനം; അഞ്ച് മാസം ഹിമാലയത്തില്‍ ധ്യാനമിരിക്കും
അവസാന വാര്‍ത്താ സമ്മേളനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ അപ്രതീക്ഷിതമായി വിരമിക്കല്‍ തീരുമാനം അറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. ഇന്നത്തേത് തന്റെ അവസാനത്തെ വാര്‍ത്താ സമ്മേളനമാണെന്നും ശിഷ്ടകാലം അഞ്ച് മാസം ഹിമാലയത്തില്‍ ധ്യാനമിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയില്‍ ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കുമെന്നും എട്ടിന് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയ ശേഷമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 64 വയസുകാരനായ രാജീവ് കുമാര്‍ മുന്‍ ബിഹാര്‍/ജാര്‍ഖണ്ഡ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. ഡല്‍ഹി സെന്റ് സ്റ്രീഫന്‍സ് കോളേജിലും ഡല്‍ഹി സര്‍വകലാശാലയിലുമായി വിദ്യാഭ്യാസം നേടിയ ശേഷം 2017 മുതല്‍ 2020 വരെ കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറിയായിരുന്നു. 2022 മെയ് 15 നാണ് ഇദ്ദേഹത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. ഈ വരുന്ന ഫെബ്രുവരി വരെ സര്‍വീസ് കാലാവധിയുണ്ടായിരുന്നു.
1983ലാണ് സിവില്‍ സര്‍വ്വീസില്‍ ചേരുന്നത്. ബിഹാറില്‍ ദിയോഘറിലെ എസ്ഡിഎമ്മായാണ് ആദ്യ നിയമനം. ആര്‍ബിഐയില്‍ സേവനം നടത്തിയ അദ്ദേഹം 2017 മുതല്‍ 2020 വരെ കേന്ദ്രധനകാര്യ സെക്രട്ടറിയായിരുന്നു. 1960 ഫെബ്രുവരി 19 ന് യുപിയിലെ അംരോഹ ജില്ലയില്‍ ഹസന്‍പൂര്‍ പട്ടണത്തില്‍ രാജീവ് കുമാര്‍ ജനിച്ചത്.