കേരളം മിനി പാകിസ്താനാണെന്ന് ആക്ഷേപിച്ച ബി.ജെ.പി മന്ത്രിയുടെ പ്രസ്താവന പ്രകോപനപരം; വെളിവാക്കപ്പെട്ടത് സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനം; വിമര്‍ശനവുമായി മുഖ്യമന്ത്രി

കേരളം മിനി പാകിസ്താനാണെന്ന് ആക്ഷേപിച്ച ബി.ജെ.പി മന്ത്രിയുടെ പ്രസ്താവന പ്രകോപനപരം

Update: 2024-12-31 07:43 GMT

തിരുവനന്തപുരം: കേരളത്തെ മിനി പാകിസ്താനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളില്‍ വെളിവാക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

തങ്ങള്‍ക്ക് സ്വാധീനമുറപ്പിക്കാന്‍ പ്രയാസമുള്ള ഭൂപ്രദേശത്തെ അപരവല്‍ക്കരിച്ചും വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയും ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാര്‍ കരുതുന്നത്. അതിനെ പിന്‍പറ്റിയാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നത്. വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി ആ സ്ഥാനത്തു തുടരാന്‍ അര്‍ഹനല്ല. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുംവിധം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയുടെ നടപടിയോട് രാജ്യം ഭരിക്കുന്ന പാര്‍ടിയുടെ നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പില്‍ അഭിപ്രായപ്പെട്ടു.

നേരത്തെ കേരളം മിനി പാകിസ്താനായതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും സഹോദരിയും അവിടെനിന്ന് ജയിച്ചതെന്നും എല്ലാ തീവ്രവാദികളും അവര്‍ക്ക് വോട്ടുചെയ്തുവെന്നുമാണ് നിതീഷ് റാണെ ആരോപിച്ചത്. കഴിഞ്ഞ ദിവസം പുണെയില്‍ നടന്ന ചടങ്ങിലാണ് ബി.ജെ.പി നേതാവും ഫിഷറീസ്, തുറമുഖ വകുപ്പുകളുടെ ചുമതലയുമുള്ള മന്ത്രി കേരള ജനതയെ അടച്ചാക്ഷേപിച്ചത്. താന്‍ പറഞ്ഞതാണ് സത്യമെന്നും തീവ്രവാദികളെ ഒപ്പം കൂട്ടിയാണ് ഇരുവരും എം.പിമാരായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിതേഷ് റാണെയുടെ കേരള വിരുദ്ധ, വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയില്‍ പ്രതിപക്ഷം രംഗത്തുവന്നു. കേരളം ഇന്ത്യയുടെ ഭാഗമാണെന്നും നിതേഷ് റാണെക്ക് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോണ്‍ധെ പാട്ടീല്‍ പറഞ്ഞു. ഈ വിഷയത്തില്‍ ബി.ജെ.പിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ലക്ഷം വോട്ടിനാണ് ജയിച്ചതെന്നും പ്രിയങ്കയുടെ മികച്ച വിജയം ബി.ജെ.പി നേതാക്കളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും ശിവസേന ഉദ്ധവ്പക്ഷ വിഭാഗം നേതാവ് ആനന്ദ് ദുബെ പറഞ്ഞു.

അതേസമയം, വിമര്‍ശനം കടുത്തതോടെ കേരളം ഇന്ത്യയുടെ ഭാഗമാണെന്നും ഹിന്ദു ജനസംഖ്യ കുറയുന്നത് എല്ലാവരുടെയും ആശങ്കയാണെന്നും മന്ത്രി റാണെ പറഞ്ഞു. ഹിന്ദുക്കള്‍ ഇസ്‌ലാമിലേക്കും ക്രിസ്തു മതത്തിലേക്കും മാറുന്നത് അവിടത്തെ എല്ലാ ദിവസത്തെയും കാര്യമാണെന്നും കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ മകന്‍ കൂടിയായ നിതേഷ് വ്യക്തമാക്കി.

Tags:    

Similar News