'ഹനുമാനെ അപമാനിക്കുന്നത് ഒരു യോഗി, പൊതുജനം ഇത് കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്'; പ്രതിപക്ഷ നേതാക്കളെ കുരങ്ങന്മാരെന്ന് വിളിച്ചതിൽ മറുപടിയുമായി കോൺഗ്രസ് നേതാവ്
പട്ന: പ്രതിപക്ഷ നേതാക്കളെ 'കുരങ്ങന്മാർ' എന്ന് വിശേഷിപ്പിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കോൺഗ്രസ് രംഗത്ത്. മുഖ്യമന്ത്രിയുടെ പ്രസ്താവന ഹനുമാനെയാണ് അപമാനിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു. 'അദ്ദേഹം ഒരു യോഗിയാണ്, പക്ഷേ ഹനുമാനെ അപമാനിക്കുകയാണ്. ഒരു യോഗി ഹനുമാൻ ജിയെ അപമാനിക്കുന്നത് സങ്കൽപ്പിക്കുക. നമുക്ക് എന്ത് പറയാൻ കഴിയും? പൊതുജനങ്ങൾ ഇത് കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്' പവൻ ഖേര പറഞ്ഞു.
"ഇന്ന് പപ്പു, ടപ്പു, അക്കു എന്നിങ്ങനെ പേരുള്ള കുരങ്ങന്മാരാണ് ഇന്ത്യ മുന്നണിക്കുള്ളത്. പപ്പുവിന് സത്യം പറയാനോ നല്ലത് ചെയ്യാനോ കഴിയില്ല. ടപ്പുവിന് സത്യം കാണാൻ കഴിയില്ല, അപ്പുവിന് കേൾക്കാൻ കഴിയില്ല," യോഗി ആദിത്യനാഥ് പറഞ്ഞു. രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും തേജസ്വി യാദവും ഇന്ത്യ മുന്നണിയുടെ പുതിയ മൂന്നു കുരങ്ങന്മാരാണെന്നും, ഇവർ ജാതിയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും കലാപങ്ങൾ ഉണ്ടാക്കാനും ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
കുടുംബ മാഫിയകളെ പ്രലോഭിപ്പിച്ച് ശിഷ്യന്മാരാക്കി ബിഹാറിന്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുകയാണ് ഇവർ എന്നും, ജാതിയെ ജാതിക്കെതിരെ തിരിച്ചുവിട്ട് തോക്കുകളും പിസ്റ്റളുകളും ഉപയോഗിച്ച് ബിഹാറിലെ സംവിധാനം താളം തെറ്റിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ്, ആർ.ജെ.ഡി, സമാജ്വാദി പാർട്ടി എന്നിവർ ബിഹാറിൽ കുറ്റവാളികളെ കെട്ടിപ്പിടിക്കുകയാണെന്നും, നുഴഞ്ഞുകയറ്റക്കാരെ വിളിച്ചുകയറ്റി സംസ്ഥാനത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയാണെന്നും യോഗി ആരോപിച്ചു.