റിസ്‌ക്കെടുക്കാന്‍ ബിജെപിയില്ല; മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി; ആര്‍എസ്എസിലൂടെ വളര്‍ന്നു വന്ന നേതാവിനെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കാന്‍ ബിജെപിയുടെ രാഷ്ട്രീയ തീരുമാനം; തമിഴ്നാട്ടിലെ നേതാവിന് സുപ്രധാന പദവി നല്‍കുന്നത് ദ്രാവിഡ മണ്ണിലെ രാഷ്ട്രീയത്തിലും കണ്ണുവെച്ച്
റിസ്‌ക്കെടുക്കാന്‍ ബിജെപിയില്ല;
ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണ്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ബിജെപി നേതൃത്വമാണ് രാധാകൃഷ്ണനെ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത്. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി പദം രാജിവച്ച ഒഴിവിലേക്കാണ് പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഞായറാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ ആരംഭിച്ച ബിജെപി ഉന്നത സമിതിയായ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. തമിഴ്‌നാട് സ്വദേശിയാണ് രാധാകൃഷ്ണന്‍. ആര്‍എസ്എസിലൂടെ വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം കൂടിയാണ് ഇതിലൂടെ ബിജെപി നടപ്പിലാക്കിയിരിക്കുന്നത്.
തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷനായിരുന്ന സി പി രാധാകൃഷ്ണന്‍ ആര്‍എസ്എസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജനസംഘത്തിന്റെ നേതാവായിരുന്ന രാധാകൃഷ്ണന്‍ പിന്നീട് ബിജെപിയുടെ തമിഴ്‌നാട്ടിലെ പ്രധാന നേതാക്കളില്‍ ഒരാളായി. കോയമ്പത്തൂരില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണന്‍ നേരത്തെ ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്നു.
ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്‌സേന, ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട്, സിക്കിം ഗവര്‍ണര്‍ ഓംപ്രകാശ് മാത്തൂര്‍, ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നീ ഒട്ടേറെ പേരുകള്‍ പരിഗണനയിലുണ്ടെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, റിസ്‌ക്കെടുക്കേണ്ടെന്ന തീരുമാനത്തില്‍ തന്നെയാണ് അടിയുറച്ച സംഘപരിവാര്‍ പശ്ചാത്തലമുള്ള നേതാവിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി തീരുമാനിച്ചത്.
ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് ഉറപ്പാക്കാന്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടുമെന്ന് ജെപി നഡ്ഡ പറഞ്ഞു. അതിനായി പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 21 നാണ് ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചത്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് അപ്രതീക്ഷിതമായി ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍കര്‍ രാജിവച്ചത്. സെപ്റ്റംബര്‍ 9 നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ പാര്‍ലമെന്റ് ഹൗസിന്റെ ഒന്നാം നിലയിലാണ് വോട്ടെടുപ്പ്,
ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയെ തിങ്കളാഴ്ച നിശ്ചയിച്ചേക്കും. ഇന്ത്യാ സഖ്യ പാര്‍ട്ടികളുടെ പാര്‍ലമെന്റിലെ നേതാക്കള്‍ രാവിലെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് യോഗം വിളിച്ചിരിക്കുന്നത്. അതേസമയം തമിഴ്‌നാട്ടുകാരനായ സി പി രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിശ്ചയിച്ചതിലൂടെ ദ്രാവിഡ മണ്ണിലെ രാഷ്ട്രീയ ലക്ഷ്യവും ബിജെപിക്കുണ്ട്.