ബംഗാളി ഭാഷ സംസാരിക്കുന്നവരെ ഉപദ്രവിക്കുന്നത് കേന്ദ്രം അവസാനിപ്പിക്കണം; ബംഗാളിയെ വിദേശഭാഷയായി കണ്ടതിന് ആഭ്യന്തരമന്ത്രാലയം മാപ്പ് പറയണം; ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പട്ട് സിപിഎം

ബംഗാളി ഭാഷ സംസാരിക്കുന്നവരെ ഉപദ്രവിക്കുന്നത് കേന്ദ്രം അവസാനിപ്പിക്കണം

Update: 2025-08-04 17:21 GMT

ന്യൂഡല്‍ഹി: 'ബംഗാളി'യെ 'ബംഗ്ലാദേശി ഭാഷ' എന്ന് തെറ്റായി കാണിച്ച് കത്ത് നല്‍കിയ ഡല്‍ഹി പൊലീസ് നടപടിയില്‍ വിമര്‍ശനം കടുക്കുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിമര്‍ശനവുമായി രംഗത്തുവന്നതിന് പിന്നാലെ സിപിഎമ്മും കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനെതിരെ രംഗത്തെത്തി.

ഡല്‍ഹി പൊലീസ് നടപടിയെ സിപിഎം പൊളിറ്റ്ബ്യൂറോ അപലപിച്ചു. ബംഗാളി സംസാരിക്കുന്ന എണ്ണമറ്റ ആളുകളെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെന്ന സംശയത്തില്‍ അറസ്റ്റുചെയ്യുന്ന ഡല്‍ഹി പൊലീസിനുള്ളിലെ ആശങ്കജനകമായ മനോഭാവമാണ് ഇതില്‍നിന്ന് പ്രകടമാകുന്നത്. ബംഗാളി ഭാഷയെക്കുറിച്ചുള്ള അവരുടെ അജ്ഞതയ്ക്ക് തെളിവുമാണിത്.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂള്‍പ്രകാരം ഇന്ത്യയുടെ ദേശീയ ഭാഷകളില്‍ ഒന്നാണ് ബംഗാളി. ഇതിനെ വിദേശഭാഷയായി കരുതുന്ന, ആഭ്യന്തരമന്ത്രാലയം നിയന്ത്രിക്കുന്ന ഡല്‍ഹി പൊലീസ് ഭരണഘടനാലംഘനമാണ് നടത്തുന്നത്. ബംഗാളി ഭാഷ സംസാരിക്കുന്നവരെ അവജ്ഞയോടെ കാണുന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ സമീപനത്തിന്റെ ഭാഗവുമാണിത്.

അയല്‍രാജ്യവുമായി ഭാഷ പങ്കിടുന്ന ബംഗാളികളെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ഹീനമായ പദ്ധതിയാണ് ഇതില്‍നിന്ന് വെളിപ്പെടുന്നത്. ദരിദ്ര കുടിയേറ്റ തൊഴിലാളികളായ ബംഗാളികളെ പല സംസ്ഥാനങ്ങളിലും പൊലീസ് വേട്ടയാടുന്നു. പലരെയും തടവില്‍ വയ്ക്കുകയും നടപടിക്രമങ്ങള്‍ പാലിക്കാതെ പുറത്താക്കുകയും ചെയ്യുന്നു.

ബംഗാളി ഭാഷ സംസാരിക്കുന്നവരെ ഉപദ്രവിക്കുന്നത് കേന്ദ്രം അവസാനിപ്പിക്കണം. ബംഗാളിയെ വിദേശഭാഷയായി കണ്ടതിന് ആഭ്യന്തരമന്ത്രാലയം മാപ്പ് പറയണം. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പിബി ആവശ്യപ്പെട്ടു.

Tags:    

Similar News