കേരളത്തിന് പുറത്ത് സിപിഎമ്മിന് മലയാളി സെക്രട്ടറി; കേന്ദ്ര ഭരണ പ്രദേശമായ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി മലയാളി ഡി അയ്യപ്പന്‍

Update: 2025-01-01 05:07 GMT

ന്യൂഡൽഹി: കേരളത്തിന് പുറത്ത് സിപിഎമ്മിന് മലയാളി സെക്രട്ടറി. കേന്ദ്ര ഭരണ പ്രദേശമായ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആലപ്പുഴ മുതുകുളം ഡി അയ്യപ്പനെ വീണ്ടും തിരഞ്ഞെടുത്തു. പോര്‍ട്ട് ബെ്‌ളയറില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് അയ്യപ്പനെ രണ്ടാം തവണയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 19 അംഗ സംസ്ഥാന കമ്മിറ്റിയേയും എട്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.

ആന്‍ഡമാനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അയ്യപ്പന്‍ മാവേലിക്കര സ്വദേശിയാണ്. നിലവില്‍ സിഐടിയു ആന്‍ഡമാന്‍ നിക്കോബാര്‍ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റാണ്.

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് അയ്യപ്പന്‍ നിയമബിരുദം നേടിയിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കുകയായിരുന്നു. ആന്‍ഡമാന്‍ & നിക്കോബാര്‍ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി യായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആന്‍ഡമാന്‍ സെക്രട്ടേറിയറ്റില്‍ ഗസറ്റഡ് ഉദ്യോഗസ്ഥനായിരുന്ന അയ്യപ്പന്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശാനുസരണം ജോലി രാജിവച്ചതിനു പിന്നാലെയാണു ആദ്യം ഇവിടുത്തെ പാര്‍ട്ടി സെക്രട്ടറിയാകുന്നത്. പാര്‍ട്ടിയുടെ മറ്റൊരു ഘടകത്തിലും അംഗമാകാതെ സെക്രട്ടറി സ്ഥാനത്തെത്തിയെന്ന പ്രത്യേകതയും അന്ന് അയ്യപ്പനുണ്ട്. സിഐടിയു ആന്‍ഡമാന്‍ ഘടകം വൈസ് പ്രസിഡന്റുമാണ്. ഒട്ടേറെ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്.

മുതുകുളം പുത്തന്‍പുരയില്‍ പരേതനായ പി.ദാമോദരന്റെയും ജി.നളിനിയുടെയും മകനാണ്. പോര്‍ട്ബ്ലയറില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപിക കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ജി.അനിതാ നാഥ് ആണു ഭാര്യ.

Tags:    

Similar News