'അവന് അവരെ ഭയങ്കര ഇഷ്ടമായിരിന്നു...'; ഡൽഹി മുഖ്യമന്ത്രിയെ ആക്രമിച്ച പ്രതി വസിതിയിലെത്തിയത് രണ്ടുംകല്പിച്ച്; കൈയ്യിൽ കത്തി ഉണ്ടായിരുന്നുവെന്ന് പോലീസ്; ആദ്യം പദ്ധതിയിട്ടത് മറ്റൊന്ന്

Update: 2025-08-26 07:14 GMT

ഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയെ ആക്രമിച്ച പ്രതി രാജേഷ് സക്രിയ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തിയത് കത്തിയുമായി. സുരക്ഷാ സംവിധാനങ്ങൾ കണ്ട് ഭയന്ന് പ്രതി കത്തി വലിച്ചെറിഞ്ഞതായി പൊലീസ് അറിയിച്ചു. കത്തി കണ്ടെത്താനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

കഴിഞ്ഞയാഴ്ച സിവിൽ ലൈൻസിലെ ഔദ്യോഗിക വസതിയോട് ചേർന്ന ഓഫീസിൽ ജനസമ്പർക്ക പരിപാടി നടക്കുന്നതിനിടെയാണ് ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ രാജേഷ് സക്രിയ രേഖാ ഗുപ്തയെ ആക്രമിച്ചത്. സംഭവത്തെത്തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിന് പദ്ധതിയിട്ട പ്രതിയുടെ സുഹൃത്ത് തഹ്‌സീൻ സയ്ദിനെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

തെരുവുനായകളെ ഡൽഹിയിൽ നിന്ന് നീക്കാനുള്ള സുപ്രീംകോടതി വിധിയാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഈ വിധിയിൽ പ്രതിഷേധിച്ച് ഡൽഹിയിലെത്തിയ ഇയാൾ, റെയിൽവേ സ്റ്റേഷനിലെ ഒരു പച്ചക്കറി വണ്ടിയിൽ നിന്ന് കത്തി കൈക്കലാക്കുകയായിരുന്നു. ഈ കത്തിയുമായാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്.

തുടക്കത്തിൽ സുപ്രീംകോടതിയെ ആക്രമിക്കാനാണ് പ്രതി പദ്ധതിയിട്ടിരുന്നത്. എന്നാൽ, സുപ്രീംകോടതിയിലെ കനത്ത സുരക്ഷാ സംവിധാനങ്ങൾ കണ്ട് പ്രതി പദ്ധതി മാറ്റുകയായിരുന്നു. പിന്നീട്, കൂടുതൽ എളുപ്പമെന്ന് തോന്നിയതുകൊണ്ട് മുഖ്യമന്ത്രിയെ ആക്രമിക്കാൻ തീരുമാനിച്ചതായി പൊലീസ് അറിയിച്ചു. തെരുവുനായ്കളോടുള്ള സ്നേഹമാണ് ഇത്തരം ഒരു പ്രവർത്തിയിലേക്ക് തന്നെ നയിച്ചതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

Tags:    

Similar News