വകുപ്പു വിഭജനം കല്ലുകടിയായി; അതിഷി സര്‍ക്കാരിലും അവഗണന; എഎപി വിട്ടത് ഒറ്റരാത്രികൊണ്ട് എടുത്ത തീരുമാനമല്ല; ബിജെപിയില്‍ ചേര്‍ന്നത് ഇഡി - സിബിഐ സമ്മര്‍ദത്തിന് വഴങ്ങിയല്ലെന്ന് കൈലാശ് ഗെലോട്ട്

തിങ്കളാഴ്ച ഉച്ചയ്ക്കാണ് കൈലാശ് ഗെലോട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നത്

Update: 2024-11-18 12:48 GMT

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി വിട്ടത് ഒറ്റരാത്രികൊണ്ട് എടുത്ത തീരുമാനമല്ലെന്നും ഇ.ഡി.യുടേയും സി.ബി.ഐ.യുടേയും സമ്മര്‍ദത്തിന് വഴങ്ങിയല്ല താന്‍ ബി.ജെ.പി.യില്‍ ചേര്‍ന്നതെന്നും കൈലാശ് ഗെലോട്ട്. ഒറ്റരാത്രികൊണ്ട് ആരുടേയും സമ്മര്‍ദത്തിന് വഴങ്ങിയെടുത്ത തീരുമാനമല്ലയിതെന്നും ഗെലോട്ട് വ്യക്തമാക്കി.

ഒറ്റരാത്രികൊണ്ട് ആരുടെയെങ്കിലും സമ്മര്‍ദത്തിന് വഴങ്ങിയെടുത്ത തീരുമാനമാണ് പാര്‍ട്ടിമാറ്റമെന്ന് ചിലര്‍ വിചാരിക്കുന്നുണ്ടാകും. ഇന്നേവരെ, ആരുടേയും സമ്മര്‍ദത്തിന് വഴങ്ങി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഇ.ഡി.യുടേയും സി.ബി.ഐ.യുടേയും സമ്മര്‍ദത്തിന് വഴങ്ങിയാണ് താന്‍ ബി.ജെ.പി.യില്‍ ചേര്‍ന്നത് എന്നൊരു ആഖ്യാനം കെട്ടിപ്പടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, അത്തരമൊരു സമ്മര്‍ദവും തന്റെ തീരുമാനത്തിന് പിന്നിലില്ല, കൈലാശ് ഗെലോട്ട് പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് കൈലാശ് ഗെലോട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രിമാരായ മനോഹര്‍ലാല്‍ ഖട്ടര്‍, ഹര്‍ഷ് മല്‍ഹോത്ര എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടിപ്രവേശം. എ.എ.പി. മന്ത്രിസഭയില്‍ ഗതാഗതം, ഐ.ടി., വനിതാ-ശിശുക്ഷേമവകുപ്പ് മന്ത്രിയായിരുന്ന ഗെലോട്ട് നേരത്തെ മന്ത്രിസ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ചിരുന്നു. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ് സുപ്രധാന പദവികള്‍ വഹിച്ചിട്ടുള്ള കൈലാഷ് ഗെലോട്ടിന്റെ രാജിയിലേക്ക് നയിച്ചത്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനും കത്ത് നല്‍കിയിരുന്നു.

കെജ്രിവാള്‍ സര്‍ക്കാരിലും തുടര്‍ന്നു വന്ന അതിഷി സര്‍ക്കാരിലും വകുപ്പ് വിഭജനത്തിന് പിന്നാലെയുള്ള ഭിന്നതകളും അവഗണനയുമാണ് കൈലാഷ് ഗെലോട്ടും ആം ആദ്മി പാര്‍ട്ടിയുമായുള്ള ബന്ധം വഷളാകാന്‍ ഇടയാക്കിയത്. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായതിനെ തുടര്‍ന്ന് അദ്ദേഹം ചുമതല വഹിച്ചിരുന്ന വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ചു നല്‍കിയപ്പോഴായിരുന്നു ഭിന്നതയ്ക്ക് തുടക്കം.

ആം ആദ്മി പാര്‍ട്ടി മന്ത്രിസഭയിലെ രണ്ടാമനായ സിസോദിയയാണ് ഏറ്റവും കൂടുതല്‍ വകുപ്പുകള്‍ കൈയില്‍ വച്ചിരുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, റവന്യൂ, ഊര്‍ജം, ധനം, ആഭ്യന്തരം തുടങ്ങി സുപ്രധാന വകുപ്പുകളെല്ലാം കൈകാര്യം ചെയ്തിരുന്നത് സിസോദിയയാണ്.

മാര്‍ച്ചില്‍ സിസോദിയ അറസ്റ്റിലായതോടെ ഈ വകുപ്പുകളില്‍ ആഭ്യന്തരം, ധനം, ഊര്‍ജം, പ്ലാനിങ്, പിഡബ്ല്യുഡി, നഗരവികസനം, ജലസേചനം, ജലം എന്നിവ ഗെലോട്ടിനും ആരോഗ്യം, വിദ്യാഭ്യാസം, വിജിലന്‍സ്, ടൂറിസം തുടങ്ങിയവ രാജ് കുമാര്‍ ആനന്ദിനും വീതിച്ചുനല്‍കി. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതു വരെയായിരുന്നു ചുമതല.

എന്നാല്‍ സെപ്റ്റംബറില്‍ മുഖ്യമന്ത്രി അതിഷിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ റവന്യൂ, വിദ്യാഭ്യാസം, ധനം, ഊര്‍ജം, പിഡബ്ല്യുഡി വകുപ്പുകള്‍ അതിഷി തിരിച്ചെടുത്തു. ഡിസംബറില്‍ നിയമ വകുപ്പ് കൂടി ഗെലോട്ടില്‍നിന്ന് തിരിച്ചെടുത്ത് അതിഷിക്ക് നല്‍കിയതോടെ ഭിന്നത രൂക്ഷമായി.

പാര്‍ട്ടിക്ക് ഗെലോട്ടില്‍ വിശ്വാസം പോരെന്ന് ഈ സംഭവത്തോടെ വ്യക്തമായതായി ഗെലോട്ടുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. സ്വാതന്ത്ര്യദിനത്തിലെ പതാക ഉയര്‍ത്തലുമായി ബന്ധപ്പെട്ട വിവാദം ഗെലോട്ട്എഎപി ഭിന്നത മൂര്‍ധന്യത്തിലെത്തിച്ചു. മുഖ്യമന്ത്രിയായ താന്‍ ജയിലില്‍ ആയിരുന്നതിനാല്‍ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്താന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അതിഷിയെ നിയോഗിച്ച് അരവിന്ദ് കേജ്രിവാള്‍ കത്തു നല്‍കിയിരുന്നു.

എന്നാല്‍ സര്‍ക്കാരുമായി ഇടഞ്ഞുനിന്നിരുന്ന ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്‌സേന കേജ്രിവാളിന്റെ കത്തിലെ ആവശ്യം നിഷേധിച്ചു. അതിഷിയല്ല മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ നിയമപരമായി ആഭ്യന്തരമന്ത്രി ഗെലോട്ടാണ് പതാക ഉയര്‍ത്തേണ്ടതെന്ന നിലപാടാണ് സക്‌സേന സ്വീകരിച്ചത്. ഇത് എഎപിയും ഗവര്‍ണറും തമ്മിലുള്ള തുറന്ന യുദ്ധത്തിലേക്ക് നയിച്ചു. ലഫ്.ഗവര്‍ണര്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നാണ് അതിഷി പറഞ്ഞത്. ആഭ്യന്തര മന്ത്രിയായ തനിക്കു മുകളില്‍ അതിഷിയെ നിയോഗിച്ചതും ഗെലോട്ടിനെ പ്രകോപിപ്പിച്ചിരുന്നു.

Tags:    

Similar News