'മഹായുതി'യുടെ മഹാവിജയം; മുഖ്യമന്ത്രി കസേരയില്‍ നിന്നും പിടിവിട്ട് ഒടുവില്‍ ഷിന്‍ഡെ; ഫഡ്നാവിസ് മുഖ്യമന്ത്രിയാകും; ശ്രീകാന്ത് ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം? നിര്‍ണായക തീരുമാനം, അമിത് ഷായുമായി നാളെ സഖ്യകക്ഷി നേതാക്കള്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍

മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായേക്കും

Update: 2024-11-27 12:57 GMT

മുംബൈ: മഹാരാഷ്ട്രയില്‍ 'മഹായുതി'യുടെ മഹാവിജയത്തിന് പിന്നാലെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക്. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച ശിവസേന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ പിന്‍വാങ്ങിയതോടെയാണ് തീരുമാനം. മുഖ്യമന്ത്രിയെ സംബന്ധിച്ച ബിജെപി തീരുമാനത്തെ പിന്തുണയ്ക്കുമെന്നും താന്‍ തടസമാകില്ലെന്നു പ്രധാനമന്ത്രിയെ അറിയിച്ചെന്നും ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു. മഹാരാഷ്ട്രയിലേത് ജനങ്ങളുടെ വിജയമാണെന്നും ഷിന്‍ഡെ പറഞ്ഞു. മഹായുതിക്ക് വലിയ വിജയം സമ്മാനിച്ച ജനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഷിന്‍ഡെ നന്ദി പറഞ്ഞു.

അതേ സമയം മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക കൂടിക്കാഴ്ച വ്യാഴാഴ്ച ഡല്‍ഹിയില്‍ നടക്കും. മഹായുതി സഖ്യനേതാക്കളായ ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസ്, ശിവസേനയുടെ ഏക്നാഥ് ഷിന്‍ഡെ, എന്‍.സി.പിയുടെ അജിത് പവാര്‍ എന്നിവര്‍ കേന്ദ്ര ആഭ്യമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം വന്‍വിജയം നേടിയെങ്കിലും ഫഡ്നാവിസും അജിത് പവാറും ഏക്നാഥ് ഷിന്‍ഡെയും മുഖ്യമന്ത്രിക്കസേര ലക്ഷ്യമാക്കിയുള്ള മത്സരം മൂര്‍ച്ഛിച്ചതോടെയാണ് തീരുമാനം വൈകിയത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും ശിവസേനയും തമ്മില്‍ നിരവധി കൂടിക്കാഴ്ചകള്‍ നടന്നിരുന്നു. മഹായുതി സഖ്യം വിജയിക്കുന്നപക്ഷം ഷിന്‍ഡെ തന്നെ മുഖ്യമന്ത്രിസ്ഥാനത്ത് തുടരട്ടേ എന്നായിരുന്നു ഈ യോഗങ്ങളിലെ തീരുമാനം എന്നാണ് സൂചന. എന്നാല്‍ 288 നിയമസഭാ മണ്ഡലങ്ങളില്‍ 235- സീറ്റിലും വിജയിക്കാന്‍ മഹായുതിക്ക് സാധിക്കുകയും ബി.ജെ.പി. 132 സീറ്റുകള്‍ നേടുകയും ചെയ്തതോടെ ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മര്‍ദ്ദം ചെലുത്തിയത്.

ഫഡ്നാവിസിനും ഷിന്‍ഡെയ്ക്കും അജിത് പവാറിനും മുഖ്യമന്ത്രിപദത്തിന് അര്‍ഹതയുണ്ടെന്നാണ് ഇവര്‍ ഓരോരുത്തരുടെയും അനുകൂലികളുടെ അവകാശവാദം. അതേസമയം, കേന്ദ്രമന്ത്രിയും എന്‍.ഡി.എ. സഖ്യകക്ഷിയുമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്താവലെ) നേതാവ് രാംദാസ് അത്താവലെ, ഫഡ്നാവിസിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

അതിനിടെ മുഖമന്ത്രി സ്ഥാനം ബിജെപി കേന്ദ്രനേതൃത്വത്തിന് തീരുമാനിക്കാമെന്ന നിലപാട് സ്വീകരിച്ച് ശിവസേന ഷിന്‍ഡെ വിഭാഗം പിന്‍വാങ്ങുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് പകരമായി മഹായുതി കണ്‍വീനര്‍ സ്ഥാനം ഏകനാഥ് ഷിന്‍ഡെ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം കല്യാണില്‍ നിന്നുള്ള എംപിയായ മകന്‍ ശ്രീകാന്ത് ഷിന്‍ഡെയെക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും ഷിന്‍ഡെ ചോദിച്ചുവെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ബിജെപി നേതൃത്വവും എന്‍സിപിയും ആര്‍എസ്എസും ഈ നിര്‍ദേശത്തെ പിന്തുണക്കും. ഏഴു ലോക്സഭാ എംപിമാര്‍ ശിവസേനയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം. ഏകനാഥ് ഷിന്‍ഡ് കേന്ദ്രമന്ത്രിയാകാനും സാധ്യതയുണ്ട്. വാംഖഡെ സ്റ്റേഡിയത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞയുണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിനെത്തും.

ഷിന്‍ഡേയ്ക്ക് കേന്ദ്രമന്ത്രി പദം അല്ലെങ്കില്‍ ഉപമുഖ്യമന്ത്രി സ്ഥാനം രണ്ടിലൊന്നാണ് ബിജെപി വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇതിന് ഷിന്‍ഡെ വഴങ്ങിയില്ല. മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന്റെ വന്‍ വിജയത്തിനു പിന്നില്‍ താന്‍ നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളാണെന്ന് ഷിന്‍ഡെ അവകാശപ്പെട്ടിരുന്നു.

എന്‍.സി.പി എംഎല്‍എമാരുടെ യോഗം അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. പ്രതിപക്ഷത്തെ ഒരു കക്ഷിക്കും മൊത്തം സീറ്റുകളുടെ പത്തില്‍ ഒന്നുപോലും ലഭിക്കാത്തതിനാല്‍ പ്രതിപക്ഷ നേതാവില്ലാത്ത നിയമസഭയായിരിക്കും മഹാരാഷ്ട്രയിലേത്. നേതൃസ്ഥാനം അവകാശപ്പെടാന്‍ 29 സീറ്റ് വേണമെന്നിരിക്കെ പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ശിവസേന ഉദ്ധവ് വിഭാഗത്തിന് 20 സീറ്റ് മാത്രമാണുള്ളത്.

അതേ സമയം ജനങ്ങള്‍ മഹായുതിക്ക് വോട്ട് ചെയ്തതിന് പ്രധാന കാരണം സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ആവിഷ്‌ക്കരിച്ച പദ്ധതികളാണെന്ന് ഷിന്‍ഡെ അവകാശപ്പെട്ടിരുന്നു. ലാഡ്കി ബഹിന്‍ പദ്ധതിയുള്‍പ്പെടെ ജനങ്ങള്‍ സ്വീകരിച്ചു. മുഖ്യമന്ത്രി സാധാരണക്കാരനായിരിക്കണം. ഞാനൊരു സാധാരണക്കാരനാണ്. കര്‍ഷക കുടുംബത്തില്‍ നിന്നാണ് വരുന്നത്. പ്രശസ്തിക്കു വേണ്ടിയല്ല, ജനങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്.

അവസാനം വരെ അതുതുടരും. ബാല്‍താക്കറെയുടെ മാര്‍ഗമാണ് എല്ലായ്‌പ്പോഴും പിന്തുടര്‍ന്നിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. മഹായുതിയുടെ വിജയം ജനങ്ങള്‍ തന്ന വലിയ അംഗീകാരമാണ്. കൂടുതല്‍ ഉത്തരവാദിത്തത്തോടെ കേന്ദ്ര സഹകരണത്തോടെ സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഇന്ത്യാസഖ്യത്തെ കടപുഴക്കിയാണ് എന്‍ഡിഎ വിജയിച്ചത്. ബിജെപിയും ശിവസേന ഷിന്‍ഡെ പക്ഷവും എന്‍സിപി അജിത് പക്ഷവും ഉള്‍പ്പെടുന്ന 'മഹായുതി' (എന്‍ഡിഎ) 288ല്‍ 234 സീറ്റുമായാണ് ഭരണം നിലനിര്‍ത്തിയത്. കേവലഭൂരിപക്ഷത്തിനു വേണ്ടത് 145 സീറ്റാണ്. ബിജെപി ഒറ്റയ്ക്ക് 132 സീറ്റ് നേടി. യഥാര്‍ഥ ശിവസേന തന്റേതെന്നു തെളിയിക്കുന്ന വിജയമാണ് ഏക്‌നാഥ് ഷിന്‍ഡെ നേടിയത്.

ഷിന്‍ഡെ പക്ഷത്തിന് 57 സീറ്റ് ലഭിച്ചപ്പോള്‍ ഉദ്ധവ് പക്ഷത്തിന് ലഭിച്ചത് 20 സീറ്റുകളാണ്. ആറു മാസം മുന്‍പത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 152 നിയമസഭാ സീറ്റില്‍ മുന്നിട്ടുനിന്ന മഹാവികാസ് അഘാഡി ഇക്കുറി മൂന്നിലൊന്നു സീറ്റിലേക്ക് ഒതുങ്ങുകയായിരുന്നു.

Tags:    

Similar News