ഉത്തരേന്ത്യയിലൊക്കെ ഒരു സ്ത്രീക്ക് അഞ്ചോ പത്തോ പുരുഷന്‍മാരെ വിവാഹം ചെയ്യാം; നമ്മുടെ സംസ്ക്കാരം അങ്ങനെയാണോ?; ഒരാള്‍ പോയാല്‍ മറ്റൊരാള്‍ എന്ന അവസ്ഥ; ഭാഷയെ അപമാനിക്കുന്നവരുടെ നാവിനെ മുറിച്ചുകളയണം; പൊതുചടങ്ങിൽ കൈവിട്ട പ്രസംഗവുമായി ഡി.എം.കെ മന്ത്രി; തലയിൽ കൈവെച്ച് നേതാക്കൾ

Update: 2025-03-13 15:25 GMT

ചെന്നൈ: ഭാഷ വിവാദത്തിന്റെ പേരിൽ കേന്ദ്രത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്‌നാട്. ഇപ്പോഴിതാ, ഡി.എം.കെ മന്ത്രിയുടെ വിവാദ പരാമർശമാണ് ചർച്ചയായിരിക്കുന്നത്. ഉത്തരേന്ത്യയില്‍ ഒരു സ്ത്രീക്ക് 10 പുരുഷന്‍മാരെ വരെ വിവാഹം ചെയ്യാമെന്ന വിവാദ പരാമര്‍ശവുമായി തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകന്‍ തുറന്നടിച്ചു. തമിഴ് ഭാഷയെ അപമാനിക്കുന്നവരുടെ നാവ് മുറിച്ചുകളയുമെന്നും മന്ത്രി ഒരു പൊതുചടങ്ങില്‍ രൂക്ഷമായി വിമർശിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ത്രിഭാഷ നയത്തില്‍ കേന്ദ്രത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ പുതിയ പോർ മുഖത്തേക്ക് പ്രവേശിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമര്‍ശം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ...

'നമ്മുടെ സംസ്‌കാരത്തില്‍ ഒരു പുരുഷന് ഒരു സ്ത്രീയെയാണ് വിവാഹം ചെയ്യാനാകുക. എന്നാല്‍ ഉത്തരേന്ത്യയില്‍ അങ്ങനെയല്ല. ഒരു സ്തീക്ക് അഞ്ചോ പത്തോ പുരുഷന്‍മാരെ വിവാഹം ചെയ്യാം. അഞ്ച് പുരുഷന്‍മാര്‍ക്ക് ഒരു സ്ത്രീയേയും വിവാഹം ചെയ്യാം. അതാണ് അവരുടെ സംസ്‌കാരം. ഒരാള്‍ പോയാല്‍ മറ്റൊരാള്‍ വരും.' മന്ത്രി പറഞ്ഞു.

ജനസംഖ്യയുമായി ബന്ധപ്പെട്ടും മന്ത്രി പരാമര്‍ശങ്ങള്‍ നടത്തി. 'കോണ്‍ഗ്രസും കേന്ദ്രത്തില്‍ ഭരിക്കുന്നവരാരോ അവരും ഞങ്ങളോട് ജനസംഖ്യ നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ അത് ചെയ്തു. ഇപ്പോള്‍ ജനസംഖ്യ കുറഞ്ഞു. എന്നാല്‍ ഉത്തരേന്ത്യയില്‍ ജനസംഖ്യ കൂടുതലാണ്‌. അവര്‍ 17ഉം 18ഉം 19ഉം കുട്ടികള്‍ക്ക് ജന്മം നല്‍കുന്നു. അവര്‍ക്ക് മറ്റ് ജോലികളൊന്നുമില്ല.' മന്ത്രി കുറ്റപ്പെടുത്തി.

പാര്‍ലമെന്റില്‍ ഡി.എം.കെ എം.പിമാര്‍ക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ അധിക്ഷേപകരമായ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് തമിഴരെ അപമാനിക്കുന്നവര്‍ക്ക് ദുരൈ മുരുകന്‍ മുന്നറിയിപ്പ് നൽകുകയും ചെയ്തു. 'ഈ ദുര്‍ഗന്ധം വമിക്കുന്ന സംസ്‌കാരത്തില്‍ നിന്നാണ് നിങ്ങള്‍ വരുന്നത്. നിങ്ങള്‍ ഞങ്ങളെ അപരിഷ്‌കൃതര്‍ എന്ന് വിളിക്കുകയാണോ?. ഞങ്ങള്‍ നിങ്ങളുടെ നാവ് മുറിക്കും.സൂക്ഷിക്കുക,' മന്ത്രി അതിരൂക്ഷമായി തുറന്നടിച്ചു.

അതേസമയം, ത്രിഭാഷ പദ്ധതിയിൽ അടക്കം കേന്ദ്ര സർക്കാരുമായി പോര് തുടരുന്നതിനിടെ തമിഴ് നാട്ടിലെ സ്റ്റാലിൻ സർക്കാരിന്‍റെ പുതിയ പ്രഖ്യാപനം. തമിഴ്നാട് ബജറ്റിൽ രൂപയുടെ ചിഹ്നം (₹) ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചു. രൂപയുടെ ചിഹ്നത്തിന് പകരം തമിഴ് അക്ഷരമാലയിലെ 'രൂ' എന്ന് ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബജറ്റ് ലോഗോ പുറത്തുവിട്ടുകൊണ്ടാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാർക്കും എല്ലാം എന്നതാണ് ഇത്തവണത്തെ ബജറ്റിന്‍റെ ടാഗ്‍ലൈൻ എന്നും വ്യക്തമാക്കി.

ഇതിനിടെ, രാജ്യത്തെ മണ്ഡലപുനർനിർണയവുമായി ബന്ധപ്പെട്ട് എം കെ സ്റ്റാലിൻ വിളിച്ച സംസ്ഥാനങ്ങളുടെ യോഗത്തിനോട് പ്രതികരിച്ച് കർണാടക സർക്കാർ രംഗത്തെത്തി. സ്റ്റാലിൻ വിളിച്ച സംസ്ഥാനങ്ങളുടെ യോഗത്തിൽ കർണാടകയുടെ പ്രതിനിധിയായി ഡി കെ ശിവകുമാർ പങ്കെടുക്കും. തനിക്ക് മുൻനിശ്ചയിച്ച പരിപാടികളുള്ളതിനാൽ ഉപമുഖ്യമന്ത്രി പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാണ് അറിയിച്ചത്. സ്റ്റാലിന് ഇക്കാര്യം അറിയിച്ച് കത്ത് നൽകിയതായും കർണാടക മുഖ്യമന്ത്രി വിവരിക്കുകയും ചെയ്തു.

Tags:    

Similar News