അവർ റെയ്ഡിലൂടെ ഭയപ്പെടുത്തി; ഒരു പാഠം പഠിപ്പിക്കാൻ തമിഴ് ജനത കാത്തിരിക്കുന്നു; ആളുകൾ മൂന്ന് തവണ തള്ളിയ സഖ്യo; 2026ൽ ഇനി പുതിയ സർക്കാർ; വിമർശനവുമായി ഡിഎംകെയും ടിവികെയും
ചെന്നൈ: തമിഴ്നാട്ടിലെ ബിജെപി - എഐഎഡിഎംകെ സഖ്യ പ്രഖ്യാപനത്തെ അതിരൂക്ഷമായി വിമർശിച്ച് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനും ടിവികെ നേതാവും നടനുമായ വിജയും. രണ്ട് റെയ്ഡുകളിലൂടെ എഐഎഡിഎംകെയെ ഭയപ്പെടുത്തിയാണ് ബിജെപി സഖ്യത്തിന് നിർബന്ധിതരാക്കിയതെന്ന് എംകെ സ്റ്റാലിൻ തുറന്നടിച്ചു.
തമിഴ്നാടിനെ വഞ്ചിച്ചവർക്കൊപ്പമാണ് എഐഎഡിഎംകെ ചേർന്നതെന്നും ബിജെപി എങ്ങനെ വന്നാലും പാഠം പഠിപ്പിക്കാൻ തമിഴ് ജനത കാത്തിരിക്കുകയാണെന്നും സ്റ്റാലിൻ വ്യക്തമാക്കി. ബിജെപി - എഐഎഡിഎംകെ സഖ്യം മൂന്ന് തവണ തമിഴ്നാട് തള്ളിയതാണ് എന്നായിരുന്നു വിജയുടെ പ്രതികരണം.
എഐഡിഎംകെയുടെ ഐക്കൺ നേതാക്കളായ എംജിആറിന്‍റെയും അണ്ണാദുരൈയുടെയും അനുഗ്രഹം തനിക്കൊപ്പമാണെന്ന് വിജയ് പറഞ്ഞു. ബിജെപിക്ക് ഡിഎംകെ രഹസ്യ പങ്കാളിയും എഐഎഡിഎംകെ പരസ്യ പങ്കാളിയുമാണ്. 2026ലെ നേർക്കുനേർ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലാകുമെന്ന് വിജയ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു.