മഹാരാഷ്ട്രയില്‍ സസ്‌പെന്‍സിന് വിരാമം; മഹായുതി സര്‍ക്കാരില്‍ ഏക്‌നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകും; ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഫട്‌നാവിസ്, ആസാദ് മൈതാനിയില്‍ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; ചടങ്ങ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍

മഹായുതി സര്‍ക്കാരില്‍ ഏക്‌നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകും

Update: 2024-12-04 14:01 GMT

മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാരില്‍ ഏക്‌നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകും. എന്‍ഡി ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫട്‌നാവിസിന്റെ സത്യപ്രതിജ്ഞയ്്ക്കായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകശവാദം ഉന്നയിച്ച ഫട്‌നാവിസ്, ഷിന്‍ഡെ സര്‍ക്കാരില്‍ ചേരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

' ഷിന്‍ഡെയ്ക്ക് പ്രത്യേക നന്ദി. മന്ത്രിസഭയില്‍ തുടരണമെന്ന് ഷിന്‍ഡെയോട് ഇന്നലെ ഞാന്‍ അഭ്യര്‍ഥിച്ചു. അദ്ദേഹം അതേറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, മുഖ്യമന്ത്രി പദവി ഞങ്ങള്‍ക്കിടയിലെ സാങ്കേതിക കരാര്‍ മാത്രമാണ്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. അതങ്ങനെ തന്നെ തുടരും'-ഫട്‌നാവിസ് പറഞ്ഞു.

' രണ്ടര വര്‍ഷം മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫട്‌നാവിസ് എന്റെ പേര് നിര്‍ദ്ദേശിച്ചു. ഇക്കുറി ഞാന്‍ അദ്ദേഹത്തിന്റെ പേരാണ് നിര്‍ദ്ദേശിക്കുന്നത്-ഷിന്‍ഡെ പ്രതികരിച്ചു.

ഷിന്‍ഡെ വഴങ്ങിയത് ഇങ്ങനെ

രണ്ടാഴ്ചയോളം നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ തെരഞ്ഞെടുത്തതിന്റെ ആശ്വാസത്തിലാണ് ബിജെപി നേതൃത്വം. തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ച് മിന്നും വിജയം നേടിയിട്ടും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വമാണ് സര്‍ക്കാര്‍ രൂപീകരണത്തിന് തടസ്സമായത്. എന്നാല്‍ ഇടഞ്ഞുനിന്ന ഏക്നാഥ് ഷിന്‍ഡെയെ അനുനയിപ്പിക്കാന്‍ മോദിയും അമിത്ഷായും നേരിട്ട് രംഗത്തിറങ്ങിയതോടെ മഹായുതി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും. കേവല ഭൂരിപക്ഷത്തിന് ബിജെപിക്ക് എന്‍സിപി പിന്തുണ അറിയിച്ചതോടെ ഷിന്‍ഡെ വിഭാഗം വഴങ്ങുകയായിരുന്നുവെന്നാണ് സൂചന.

ഫഡ്നവിസ് നാളെ മുംബൈയിലെ ആസാദ് മൈതാനിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം മിന്നുന്ന വിജയം നേടിയിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനം തര്‍ക്കത്തിലായിരുന്നു. ശിവസേന നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ വഴങ്ങാതായതോടെയാണ് അനിശ്ചിതത്വമുണ്ടായത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നത ബിജെപി നേതാക്കള്‍ ഇടപെട്ടതോടെ ഷിന്‍ഡെ അയഞ്ഞു.

മഹായുതിയുടെ വന്‍ വിജയത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായത്. ബിജെപി നിയമസഭാംഗങ്ങളുടെ യോഗത്തില്‍, നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും ബിജെപിയുടെ 132 എംഎല്‍എമാരുടെ പിന്തുണയില്ലാതെ താന്‍ ഇവിടെ ഉണ്ടാകില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയ്ക്ക് നന്ദിയെന്നും ബിജെപിയുടെ 'ഇരട്ട എഞ്ചിന്‍' സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ വികസനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ 'ഏക് ഹെയ് ടു സേഫ് ഹെയ്' മുദ്രാവാക്യമാണ് മഹായുതിയുടെ വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ കോര്‍ കമ്മിറ്റിയാണ് ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 288-ല്‍ 230 സീറ്റുകളും മഹായുതി സഖ്യം നേടിയിരുന്നു. തെരഞ്ഞെടുപ്പില്‍ സഖ്യത്തെ നയിച്ചത് ഷിന്‍ഡെയാണെന്നും മുഖ്യമന്ത്രിയായി അദ്ദേഹം തുടരണമെന്നും ശിവസേന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മത്സരിച്ച 148 സീറ്റില്‍ 132ലും വിജയിച്ച ബിജെപിക്കാണ് മുഖ്യമന്ത്രി സ്ഥാനത്തിനര്‍ഹതയെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. നിയമസഭയില്‍ കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ ബിജെപിക്ക് നിലവില്‍ സഖ്യകക്ഷികളിലൊന്നിന്റെ പിന്തുണ മാത്രമേ ആവശ്യമുള്ളൂവെന്നതും നേട്ടമായി. എന്‍സിപി നേരത്തെ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.

Tags:    

Similar News