തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഉയര്‍ത്താന്‍ നടപടികളില്ല; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടിയില്ലാതെ നേരിട്ടത് രാഷ്ട്രീയ ശൈലിയില്‍; പ്രതികരണത്തിന് ഭരണകക്ഷികളുടെ സ്വരമെന്ന വിമര്‍ശനം ശക്തം; തെരഞ്ഞെടുപ്പ് കമ്മിഷന്റെ കഴിവില്ലായ്മ തുറന്നുകാട്ടപ്പെട്ടുവെന്ന പരിഹാസം; ആരോപണം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഉയര്‍ത്താന്‍ നടപടികളില്ല
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഉയര്‍ത്തി ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇറങ്ങിത്തിരിച്ച കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തിനെതിരെയും വിമര്‍ശനം ശക്തമാകുന്നു. രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൃത്യമായി മറപടി നല്‍കാതെ രാഷ്ട്രീയ ശൈലിയില്‍ അതിനെ നേരിട്ടു എന്ന വിമര്‍ശനമാണ് ശക്തമാകുന്നത്. ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കമീഷണര്‍ പ്രതികരിച്ചത് ഭരണകക്ഷിയുടെ സ്വരത്തിലെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
തോക്കു ചൂണ്ടി ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട എന്ന പരാമര്‍ശം അടക്കം തിരഞ്ഞെുടുപ്പു കമ്മീഷന്റെ ഭീഷണിയുടെ സ്വരമാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത ഉയര്‍ത്താനുള്ള നടപടികളാണ് വേണ്ടിയിരുന്നത് എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്ന കാര്യം.
രാഹുല്‍ ഗാന്ധി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിക്കുകയാണെന്നാണ് ഗ്യാനേഷ് കുമാര്‍ പറഞ്ഞത്. കമീഷനെ സംബന്ധിച്ചിടത്തോളം പ്രതിപക്ഷമോ ഭരണപക്ഷമോ എന്നില്ല, എല്ലാവരും തുല്യരാണെന്നും പ്രത്യയശാസ്ത്രമോ ബന്ധമോ പരിഗണിക്കാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും നിയമത്തിന് കീഴില്‍ തുല്യമായി പരിഗണിക്കുമെന്നും ആവര്‍ത്തിച്ച കമീഷന്‍, തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച് ഉയരുന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും ആരോപണങ്ങള്‍ക്ക് പിന്നിലെ ഉദ്ദേശ്യം ജനങ്ങള്‍ മനസ്സിലാക്കുമെന്നും അവകാശപ്പെട്ടു.
വോട്ട് കൊള്ള ഉന്നയിച്ച് ഇന്‍ഡ്യ മുന്നണി ബിഹാറില്‍ വോട്ടവകാശ യാത്ര ആരംഭിച്ച ഞായറാഴ്ച തന്നെയാണ് വാര്‍ത്താസമ്മേളനവുമായി കമീഷണര്‍ രംഗത്തുവന്നത് എന്നതും ശ്രദ്ധേയമായി. അതേസമയം കോണ്‍ഗ്രസ് ആരോപണം കടുപ്പിക്കാനും ഒരുങ്ങുന്നു എന്ന സൂചനയാണ് വാര്‍ത്തസമ്മേളനത്തിന് ശേഷം ഉയരുന്നതും.
രാഹുല്‍ ഗാന്ധി നടത്തിയ 'വോട്ടുകൊള്ള' ആരോപണങ്ങളെ വിമര്‍ശിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു കഴിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കഴിവില്ലായ്മ മാത്രമല്ല പ്രകടമായ പക്ഷപാതവും പൂര്‍ണമായി തുറന്നുകാട്ടപ്പെട്ടിരിക്കുകയാണന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഭരണകക്ഷിയും പ്രതിപക്ഷവും തമ്മില്‍ ഒരു വിവേചനവും കാണിക്കുന്നില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അവകാശവാദങ്ങള്‍ പരിഹാസ്യമാണെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഓഗസ്റ്റ് 14ലെ സുപ്രീം കോടതി ഉത്തരവുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അക്ഷരാര്‍ഥത്തില്‍ നടപ്പിലാക്കുമോ എന്നും ജയറാം രമേശ് ചോദിച്ചു.
''ഇന്ന്, രാഹുല്‍ ഗാന്ധി സസാറാമില്‍ നിന്ന് ഇന്ത്യാ സഖ്യത്തിന്റെ വോട്ടര്‍ അധികാര്‍ യാത്ര ആരംഭിച്ചതിന് തൊട്ടുപിന്നാലെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മില്‍ ഒരു വിവേചനവുമില്ലെന്ന് പറഞ്ഞുകൊണ്ടാണ് വാര്‍ത്താസമ്മേളനം ആരംഭിച്ചത്. ഇതു വളരെ പരിഹാസ്യമാണ്. രാഹുല്‍ ഗാന്ധി ഉന്നയിച്ച ഒരു ചോദ്യത്തിനും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അര്‍ഥവത്തായ ഉത്തരം നല്‍കിയില്ല എന്നത് ശ്രദ്ധേയമാണ്.'' എക്സ് പോസ്റ്റില്‍ ജയറാം രമേശ് പറഞ്ഞു.
'വോട്ട് കൊള്ള പോലുള്ള പരാമര്‍ശങ്ങള്‍ ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാണെന്നായിരുന്നു ഗ്യാനേഷ് കുമാര്‍ ആരോപിക്കുന്നു. ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സത്യപ്രസ്താവന സമര്‍പ്പിക്കുകയോ അല്ലെങ്കില്‍ രാജ്യത്തോട് മാപ്പ് പറയുകയോ ചെയ്യണം. ഏഴ് ദിവസത്തിനുള്ളില്‍ സത്യപ്രസ്താവന സമര്‍പ്പിച്ചില്ലെങ്കില്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് അര്‍ഥമാക്കും' -വാര്‍ത്താസമ്മേളനത്തില്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.
മെഷീന്‍ റീഡബിള്‍ വോട്ടര്‍ പട്ടിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പങ്കിടാത്തത് വോട്ടര്‍മാരുടെ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് സുപ്രീംകോടതി നിര്‍ദേശമുള്ളതിനാലാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വാദം. 'കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നിരവധി വോട്ടര്‍മാരുടെ ഫോട്ടോകള്‍ അവരുടെ അനുവാദമില്ലാതെ മാധ്യമങ്ങളില്‍ പുറത്തുവിട്ടത് നാം കണ്ടു. ഏതെങ്കിലും വോട്ടര്‍മാരുടെ അമ്മമാര്‍, മരുമക്കള്‍, പെണ്‍മക്കള്‍ തുടങ്ങിയവരുടെ സി.സി.ടി.വി വീഡിയോകള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പങ്കിടേണ്ടതുണ്ടോ' -സുതാര്യത സംബന്ധിച്ച ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി.
വ്യാജ ആരോപണങ്ങളെ കമീഷന്‍ ഭയക്കുന്നില്ല. കമീഷന്‍ നിര്‍ഭയമായും വിവേചനമില്ലാതെയും പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് തുടരും. ഡാറ്റാബേസില്‍ തിരുത്തലുകള്‍ വരുത്തണമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനാണ് വോട്ടര്‍ പട്ടികകളുടെ പ്രത്യേക തീവ്രമായ പുനരവലോകനം ആരംഭിച്ചത്. എല്ലാ തെഞ്ഞെടുപ്പിനും മുമ്പ് തിരുത്തലുകള്‍ നടത്തണമെന്ന് ജനപ്രാതിനിധ്യ നിയമം അനുശാസിക്കുന്നുണ്ട്. ബിഹാറില്‍ തിടുക്കത്തില്‍ നടക്കുന്ന നടപടിയല്ല.
ബിഹാറിലേത് കഴിഞ്ഞാല്‍ പശ്ചിമ ബംഗാളില്‍ പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തും. വോട്ടര്‍പട്ടിക പരിഷ്‌കരണം വഴി നുഴഞ്ഞു കയറ്റക്കാരെ ഒഴിവാക്കും- അദ്ദേഹം പറഞ്ഞു. വോട്ടര്‍ പട്ടികയിലെ പിഴവുകള്‍ക്ക് കാരണം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉചിതമായ സമയത്ത് ആക്ഷേപങ്ങള്‍ ഉന്നയിക്കാത്തത് കൊണ്ടാണെന്ന് കമീഷന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തിയിരുന്നു.