കെജ്രിവാളിനെ വിമര്‍ശിച്ച് മന്ത്രി കൈലാഷ് ഗെലോട്ട് ആം ആദ്മി പാര്‍ട്ടിക്ക് പുറത്തേക്ക്; പിന്നാലെ മുന്‍ ബി.ജെ.പി എം.എല്‍.എ അനില്‍ ഝായുടെ രംഗപ്രവേശം; നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഡല്‍ഹിയില്‍ നിര്‍ണായക രാഷ്ട്രീയ കരുനീക്കങ്ങള്‍
മുന്‍ ബി.ജെ.പി എം.എല്‍.എ അനില്‍ ഝാ ആം ആദ്മി പാര്‍ട്ടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനും ആം ആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടി നല്‍കി മന്ത്രി കൈലാഷ് ഗെലോട്ട് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ ബി.ജെ.പി മുന്‍ എം.എല്‍.എ അനില്‍ ഝാ എ.എ.പിയില്‍ അംഗത്വമെടുത്തു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെയാണ് നിര്‍ണായക രാഷ്ട്രീയ കരുനീക്കങ്ങള്‍.
എ.എ.പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തിലായിരുന്നു അനില്‍ ഝായുടെ പാര്‍ട്ടി പ്രവേശനം. പൂര്‍വാഞ്ചലി മേഖല കേന്ദ്രീകരിച്ചാണ് ഇദ്ദേഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍. അതിനാല്‍ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ പൂര്‍വാഞ്ചലിലെ വോട്ടര്‍മാരുടെ പിന്തുണ ഉറപ്പിക്കാമെന്നാണ് അനില്‍ ഝാ പാര്‍ട്ടി അംഗത്വം സ്വീകരിച്ചതോടെ എ.എ.പി കരുതുന്നത്. ഡല്‍ഹി മന്ത്രി കൈലാഷ് ഗഹ്ലോട് എ.എ.പി വിട്ടതിനു പിന്നാലെയാണ് അനില്‍ ഝായുടെ രംഗപ്രവേശം എന്നതും ശ്രദ്ധേയമായി.
വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കിരാരി മണ്ഡലത്തില്‍നിന്നാണ് ഝാ രണ്ട് തവണ എം.എല്‍.എ ആയത്. കാവി പാര്‍ട്ടിയിലെ നയങ്ങളിലുള്ള അതൃപ്തി പരസ്യമാക്കിയാണ് അദ്ദേഹം എ.എ.പിയിലെത്തിയത്. ഝായുടെ സാന്നിധ്യം ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളില്‍ വേരുറപ്പിക്കാന്‍ എ.എ.പിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
പൂര്‍വാഞ്ചലി സമുദായത്തിന് വികസനം കൊണ്ടുവരാന്‍ പിന്തുണച്ച ഒരേയൊരു നേതാവാണെന്ന് പറഞ്ഞ് ഝാ കെജ്രിവാളിനെ പുകഴ്ത്തി. ആ മേഖലയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായിരുന്നു. മാത്രമല്ല ഒരുതരത്തിലുള്ള അടിസ്ഥാന വികസനവും അവിടെയുണ്ടായിരുന്നില്ല. കെജ്രിവാളിന്റെ 10 വര്‍ഷത്തെ ഭരണത്തോടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിയെന്നും ഝാ പറഞ്ഞു.
യു.പിയില്‍ നിന്നും ബിഹാറില്‍ നിന്നും ആളുകള്‍ ഡല്‍ഹിയിലെത്തുന്നത് വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയാണെന്ന് കെജ്രിവാള്‍ പറഞ്ഞു. വര്‍ഷങ്ങളായി പൂര്‍വാഞ്ചലി മേഖലയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ ബി.ജെ.പിയും കോണ്‍ഗ്രസും അവഗണിക്കുകയായിരുന്നു. എന്നാല്‍ താന്‍ മുഖ്യമന്ത്രിയായപ്പോള്‍ പൂര്‍വാഞ്ചലി മേഖലയില്‍ വികസനം കൊണ്ടുവരാനുള്ള നടപടികള്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചുവെന്നും കെജ്രിവാള്‍ പറഞ്ഞു. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു ഇത്. പിന്നീട് ചായ്‌വ് എ.എ.പിയോടായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 13 എ.എ.പി നേതാക്കളെയാണ് പൂര്‍വാഞ്ചലി സമുദായത്തിലെ വോട്ടര്‍മാര്‍ വിജയിപ്പിച്ചത്.
അതേ സമയം അരവിന്ദ് കെജ്രിവാളിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചാണ് ഗതാഗത മന്ത്രിയായ ഗെലോട്ട് രാജിക്കത്ത് നല്‍കിയത്. കെജ്രിവാളിന്റെ വസതി കോടികള്‍ മുടക്കി നവീകരിച്ചതിന് എതിരായ പരാതികള്‍ ആംആദ്മി പാര്‍ട്ടി ജനങ്ങള്‍ക്ക് ഒപ്പം തന്നെയാണോ എന്ന സംശയം ഉണ്ടാക്കിയെന്ന് ഗെലോട്ട് തുറന്നടിച്ചു.
യമുന നദി ശുചിയാക്കാത്തത് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ല എന്നതിന് തെളിവാണ്. സ്വന്തം അജണ്ടകളാണ് എഎപിയില്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതിന് പകരം കേന്ദ്ര സര്‍ക്കാരിന് എതിരെ പോരടിക്കാനാണ് നേതാക്കള്‍ക്ക് താല്‍പര്യമെന്നും വിമര്‍ശിക്കുന്നു. കൈലാഷ് ഗെലോട്ടിന് കേന്ദ്ര ഏജന്‍സികളില്‍ നിന്നും സമ്മര്‍ദമുണ്ടായിരുന്നെന്നും തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച ബിജെപിയുടെ ഗൂഢാലോചനയാണ് നടപ്പായതെന്നും എഎപി പ്രതികരിച്ചു.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് രാജി. ഗെലോട്ടിന്റെ തുടര്‍ നടപടികള്‍ നിര്‍ണായകമാണ്. രാജി ബിജെപി സ്വാഗതം ചെയ്തു. തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞെന്നും ഡല്‍ഹി ബിജെപി അധ്യക്ഷന് വീരേന്ദ്ര സച്‌ദേവ പറഞ്ഞു.