രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പ്രതികരിച്ചത് തര്‍ക്കസ്വരത്തില്‍; കൈകാര്യം ചെയ്ത ഈ രീതി ശരിയായിലല്ല; സത്യവാങ്മൂലം നല്‍കാനും മാപ്പുപറയാനും നിര്‍ദേശിച്ച ഘട്ടത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമായിരുന്നു; വിമര്‍ശിച്ച് മുന്‍കമ്മിഷണര്‍മാര്‍

രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പ്രതികരിച്ചത് തര്‍ക്കസ്വരത്തില്‍

Update: 2025-09-09 05:11 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി ആരോപണത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രതികരിച്ച രീതി വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. രാഹുലിനെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വിധത്തിലായിരുന്നു പ്രതികരണങ്ങള്‍. ഈ വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്തു. ഇതിനിടെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് കൊള്ള ആരോപണത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ നടത്തിയ പ്രതികരണത്തെ വിമര്‍ശിച്ച് രണ്ട് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും ഒരു മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണറും രംഗത്തുവന്നു.

മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ എന്നിവരാണ് ഗ്യാനേഷ്‌കുമാറിനെ തള്ളിപ്പറഞ്ഞത്. രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണത്തോട് തര്‍ക്കസ്വരത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പ്രതികരിച്ചത് ശരിയായില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെയും വോട്ടര്‍പട്ടികയെയുംകുറിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയമുണര്‍ത്താനേ ഇത് വഴിയൊരുക്കൂവെന്നും ഇന്ത്യാ ടുഡെ സംഘടിപ്പിച്ച തെക്കന്‍ കോണ്‍ക്ലേവില്‍ ഇവര്‍ അഭിപ്രായപ്പെട്ടു.

ആരോപണമുന്നയിച്ച രാഹുല്‍ഗാന്ധിയോട് സത്യവാങ്മൂലം നല്‍കാനും അല്ലാത്തപക്ഷം സമൂഹത്തോട് മാപ്പുപറയാനും നിര്‍ബന്ധം പിടിച്ചത് തിരഞ്ഞെടുപ്പ് പ്രക്രിയയെപ്പറ്റി സംശയമുയര്‍ത്താന്‍ വഴിയൊരുക്കുന്നതാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ആരോപണമുന്നയിച്ച ആളോട് അതേരീതിയില്‍ രോഷം കൊള്ളുന്നത് സംവിധാനത്തിലുള്ള വിശ്വാസ്യതയെ ഇടിച്ചുതാഴ്ത്തും. തര്‍ക്കിക്കുന്നതിനുപകരം ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.

രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രക്രിയ വലിയ അളവില്‍ സ്വതന്ത്രവും നീതിയുക്തവുമാണെന്ന് മൂന്ന് മുന്‍ കമ്മിഷണര്‍മാരും വ്യക്തമാക്കി. ഗ്യാനേഷ് കുമാറിന്റെ സ്വരം അനാവശ്യമായ പ്രകോപനമായിപ്പോയെന്നാണ് മൂവരും അഭിപ്രായപ്പെട്ടത്. കോപം തിരഞ്ഞെടുപ്പ് കമ്മിഷന് ഗുണമാകില്ല. രാഹുല്‍ഗാന്ധി പ്രതിപക്ഷനേതാവാണെന്നത് മറക്കരുതെന്ന് എസ്.വൈ. ഖുറേഷി ചൂണ്ടിക്കാട്ടി. അദ്ദേഹം ഒരു കാര്യമുന്നയിക്കുമ്പോള്‍ അത് അദ്ദേഹത്തിന്റെമാത്രം അഭിപ്രായമാകുന്നില്ല. മറിച്ച് രാജ്യത്തെ കോടിക്കണക്കിന് പേരുടെ ശബ്ദമാണ്. അദ്ദേഹത്തെ കമ്മിഷന്‍ അതേ സ്വരത്തില്‍ വെല്ലുവിളിക്കുന്നതും രോഷം കൊള്ളുന്നതും കമ്മിഷന്റെ സത്പേരിന് ചേര്‍ന്നതാകില്ല.

താങ്കളായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയെടുക്കുമെന്ന ചോദ്യത്തിന്, അന്വേഷണത്തിന് ഉത്തരവിടുമായിരുന്നുവെന്നായിരുന്നു ഖുറേഷിയുടെ മറുപടി. രാഹുല്‍ഗാന്ധിയോട് സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെടുന്നതിനുപകരം പ്രശ്‌നപരിഹാരത്തിനുള്ള ഇടപെടലായിരുന്നു നടത്തേണ്ടിയിരുന്നതെന്ന് ഒ.പി. റാവത്ത് അഭിപ്രായപ്പെട്ടു.

കമ്മിഷന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കപ്പെടുന്ന വോട്ടര്‍പട്ടിക ചോദ്യംചെയ്യപ്പെടുമ്പോള്‍ അതിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാനാവശ്യമായ അന്വേഷണത്തിന് കമ്മിഷന്‍ ഗൗരവത്തോടെ തയ്യാറാവുകയാണ് വേണ്ടതെന്ന് അശോക് ലവാസ പറഞ്ഞു. ആദരണീയരായ മൂന്ന് വ്യക്തികളും ഉന്നയിച്ച വിമര്‍ശനത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ പ്രതികരണം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം എക്‌സില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News