ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്; സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധം; സ്വതന്ത്രരായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച നേതാക്കളെ ആറുവർഷത്തേക്ക് പുറത്താക്കി ബിജെപി; മുൻമന്ത്രി രഞ്ജിത് സിങ് ചൗട്ടാല അടക്കം ഏഴ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി

Update: 2024-09-30 06:51 GMT

ചണ്ഡീഗഢ്‌: ഹരിയാണ മുൻമന്ത്രി രഞ്ജിത് സിങ് ചൗട്ടാലയെയും മറ്റ് ഏഴുനേതാക്കളെയും ബി.ജെ.പി.യിൽനിന്ന് പുറത്താക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിക്കുമെന്ന് ഇവർ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് ആറുവർഷത്തേക്കാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ചൗട്ടാല ഉൾപ്പെടെ ഏഴ് നേതാക്കളെ അച്ചടക്ക നടപടിയുടെ ഭാഗമായി ആറ് വർഷത്തേക്ക് പുറത്താക്കിയതായി ഹരിയാന ബിജെപി നേതാവ് മോഹൻലാൽ ബദോലി അറിയിച്ചു.

റാനിയ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ചൗട്ടാല ബി.ജെ.പി. വിടാൻ നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ബിജെപിയിൽ ചേരുന്നതിന് മുമ്പ് ചൗട്ടാല നിയമസഭാംഗത്വം ഉപേക്ഷിച്ചു. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഹിസാറിൽ നിന്ന് മത്സരിച്ച ചൗട്ടാല പരാജയപ്പെട്ടിരുന്നു.

മുഖ്യമന്ത്രി നയാബ് സിങ് സെയ്നി ഉൾപ്പെടെയുള്ള ബി.ജെ.പി. നേതാക്കൾക്കെതിരെ മത്സരിക്കാൻ ഇവർ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് പാർട്ടി നടപടി. രഞ്ജിത് സിങ് ചൗട്ടാലയ്ക്കു പുറമെ, സന്ദീപ് ഗാർഗ്, സൈൽ റാം ശർമ, ബച്ചൻ സിങ് ആര്യ, രാധ അഹ്ലാവത്ത്, നവീൻ ഗോയൽ, കെഹാർ സിങ് റാവത്ത് എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് നേതാക്കൾ.

നേതാക്കൾക്കിടയിൽ ഐക്യം കൊണ്ടുവരാൻ സാധിക്കാത്ത പാർട്ടിക്ക് എങ്ങിനെയാണ് സംസ്ഥാനത്ത് സ്ഥിരത കൊണ്ടുവരുമെന്ന് കോൺഗ്രസിനെ ഉന്നംവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനിടെ ചോദിച്ചിരുന്നു. ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തിൽ കോൺഗ്രസിൽ തർക്കമുണ്ടെന്നും മോദി ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബി.ജെ.പി.യിലും ഉൾപാർട്ടി പോര് രൂക്ഷമാകുന്നത്.

പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെപേരിൽ 13 നേതാക്കളെ ഹരിയാണ കോൺഗ്രസ് വെള്ളിയാഴ്ച പുറത്താക്കിയിരുന്നു. സീറ്റ് ലഭിക്കാത്തതിൽ സ്വന്തന്ത്രരായി മത്സരിക്കാൻ തീരുമാനിച്ചതിനെ കണക്കിലെടുത്തിതായിരുന്നു അച്ചടക്ക നടപടി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നിഷേധിച്ചതിൽ ബി.ജെ.പി.യുടെയും കോൺഗ്രസിന്റെയും ഒട്ടേറെ നേതാക്കൾ നീരസം പ്രകടിപ്പിച്ചിരുന്നു.

90 അംഗ ഹരിയാന നിയമസഭയിൽ ഒക്ടോബർ 5 ന് വോട്ടെടുപ്പ് നടക്കാനിരിക്കെ തുടർച്ചയായി മൂന്നാം തവണയും സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒക്‌ടോബർ 8 ന് വോട്ടെണ്ണൽ നടക്കും. 

Tags:    

Similar News