യുഎസ് കരാറും എപ്സ്റ്റീന്‍ ഫയല്‍സും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്; ജനാധിപത്യ രീതിയില്‍ പ്രതികരിച്ചതിനാണ് സസ്‌പെന്‍ഷന്‍; നാളെ സഭക്ക് അകത്തും പുറത്തും പ്രതിഷേധിക്കും: ഹൈബി ഈഡന്‍ എംപി
യുഎസ് കരാറും എപ്സ്റ്റീന്‍ ഫയല്‍സും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്; ജനാധിപത്യ രീതിയില്‍ പ്രതികരിച്ചതിനാണ് സസ്‌പെന്‍ഷന്‍; നാളെ സഭക്ക് അകത്തും പുറത്തും പ്രതിഷേധിക്കും: ഹൈബി ഈഡന്‍ എംപി
തിരുവനന്തപുരം: ലോക്‌സഭയില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും തുടര്‍ന്നും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെനീക്കം. ഡയസിന് നേരെ കടലാസ് കീറിയെറിഞ്ഞതിനാണ് ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ സ്പീക്കര്‍ നടപടിയെടുത്തത്. ഇന്ത്യ-ചൈന വിഷയം ഉന്നയിച്ച രാഹുലിനെ ഭരണപക്ഷം തടസപ്പെടുത്തിയതിനെതിരെയായിരുന്നു പ്രതിഷേധം. ഭരണ-പ്രതിപക്ഷ തര്‍ക്കം രൂക്ഷമായതോടെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ചതിനാണ് സസ്‌പെന്‍സഷനെന്ന് ഹൈബി ഈഡന്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയെ സംസാരിക്കുമ്പോള്‍ നിരന്തരം തടയുന്നു. കേന്ദ്രം നയതന്ത്ര പരമായ വിഷയങ്ങള്‍ മറച്ചു വെക്കുകയാണ്. ഗുരുതരമായ വെളിപ്പെടുത്തലുകളെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്നും ഹൈബി പറഞ്ഞു. യുഎസ് താരിഫുമായി ബന്ധപ്പെട്ടും എപ്സ്റ്റീന്‍ ഫയല്‍സുമായി ബന്ധപ്പെട്ടും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഗുരുതരമായ വിഷയങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും അദേഹം പറഞ്ഞു.
ഇന്ത്യ യുഎസ് വ്യാപാരകരാര്‍, എപ്സ്റ്റീന്‍ ഫയല്‍ തുടങ്ങിയ വിഷയങ്ങളില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ പാര്‍ലമെന്റിനു പുറത്തും മറ്റു പ്രതിപക്ഷ അംഗങ്ങള്‍ അകത്തും പ്രതിഷേധിക്കുമെന്നും ഹൈബി പറഞ്ഞു. 11 മണിക്ക് മകര്‍ദ്വാരിന് മുമ്പിലായിരിക്കും പ്രതിഷേധം. മണിക്കം ടാഗോര്‍, അമരീന്ദര്‍ സിങ് രാജാ വാറിങ്, ഗുര്‍ദീപ് സിങ് ഓജ്ല, പ്രശാന്ത് പഡോലെ, കിരണ്‍ കുമാര്‍ റെഡ്ഡി, എസ്. വെങ്കട്ടരാമന്‍ എന്നിവരാണ് സസ്പെന്‍ഷന്‍ ലഭിച്ച മറ്റ് എംപിമാര്‍.
പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കാത്തത് ജനാതിപത്യ വിരുദ്ധമാണെന്നും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സസ്പെന്‍ഷന്‍ ഒരു ടൂള്‍ ആക്കുകയാണെന്നും ദീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. സര്‍ക്കാരിന്റെ വീഴ്ചകളാണ് ചൂണ്ടിക്കാട്ടുന്നത്. ദേശസുരക്ഷയെ സംബന്ധിച്ച കാര്യങ്ങളാണ് ഉന്നയിച്ചത്. നാളെ മുതല്‍ പ്രതിഷേധം ശക്തമാക്കുമെന്നും ഹൈബി പറഞ്ഞു.
