മതസൗഹാർദം കാത്ത് സൂക്ഷിക്കണം; എന്നാലെ രാജ്യത്ത് സമാധാനം നിലനിൽക്കുകയുള്ളൂ; മനുഷ്യർ വേർതിരിഞ്ഞ് കഴിയാൻ ഉള്ളവരല്ല;ഹോളി ഈദ് മിലൻ സംഘടിപ്പിച്ച് സമാജ്‌വാദി പാർട്ടി
ലഖ്‌നൗ: മതസൗഹാർദവും ഐക്യവും പ്രോത്സാഹിപ്പിക്കാനായി ഹോളി ഈദ് മിലൻ സംഘടിപ്പിച്ച് സമാജ്‌വാദി പാർട്ടി. ലഖ്‌നൗവിലെ പാർട്ടി ആസ്ഥാനത്ത് ആണ് പരിപാടി നടത്തിയത്. ഹിന്ദു, മുസ്‌ലിം, സിഖ്, ക്രിസ്ത്യൻ തുടങ്ങി വ്യത്യസ്ത വിശ്വാസങ്ങളിൽപ്പെട്ട നേതാക്കളെയും പ്രവർത്തകരെയും ഒരുമിപ്പിച്ചുകൊണ്ടുള്ള ഊർജസ്വലമായ ആഘോഷമായിരുന്നു പരിപാടി എന്ന് സംഘാടകർ പ്രസ്താവനയിൽ പറയുന്നു.
പാർട്ടി അഖിലേന്ത്യാ അധ്യക്ഷൻ അഖിലേഷ് യാദവ് ആയിരുന്നു പരിപാടിയിൽ മുഖ്യാതിഥി. മതപരവും സാംസ്‌കാരികവുമായ ഐക്യത്തിന്റെ പ്രധാന്യം അദ്ദേഹം തന്റെ പ്രസംഗം ചൂണ്ടിക്കാട്ടി. അഖിലേഷിന്റെ ഭാര്യയും മെയിൻപുരി എംപിയുമായ ഡിംപിൾ യാദവും ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തു.
പരിപാടിയിൽ സംസാരിച്ച അഖിലേഷ് യാദവ് ഇന്ത്യയുടെ ഗംഗാ-ജമുനി തഹ്‌സീബിന്റെ പ്രധാന്യം എടുത്തുപറഞ്ഞു. വ്യത്യസ്ത മതങ്ങളുടെ ആഘോഷങ്ങളിൽ പരസ്പരം പങ്കെടുക്കുകയും ആശംസകൾ നേരുകയും ചെയ്യുന്ന രാജ്യത്തിന്റെ സംസ്‌കാരത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അഖിലേഷ് വ്യക്തമാക്കി.