ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃ സ്ഥാപിക്കണമെന്ന് ആവശ്യം; ബാനര്‍ തട്ടിയെടുത്ത് കീറിമുറിച്ച് ബി.ജെ.പി എംഎല്‍എമാര്‍; നിയമസഭയില്‍ തമ്മിലടിച്ച് ഭരണ - പ്രതിപക്ഷ അംഗങ്ങള്‍

ജമ്മു കശ്മീര്‍ നിയമസഭയില്‍ എംഎല്‍എമാരുടെ കയ്യാങ്കളി

Update: 2024-11-07 08:00 GMT

ശ്രീനഗര്‍: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബാനര്‍ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ജമ്മു കാശ്മീര്‍ നിയമസഭയില്‍ വാക്കേറ്റവും കൈയ്യാങ്കളിയും. ജയിലില്‍ കഴിയുന്ന ബാരാമുള്ള ലോക്‌സഭാ എംപി എഞ്ചിനീയര്‍ റാഷിദിന്റെ സഹോദരന്‍ ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ് ആണ് അനുച്ഛേദം 370 പുനഃസ്ഥാപിക്കുന്നതിനുള്ള ബാനര്‍ പ്രദര്‍ശിപ്പിച്ചത്. പിന്നാലെ ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ ഭരണ - പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലടിക്കുകയായിരുന്നു.

സ്പീക്കറുടെ നിര്‍ദേശ പ്രകാരം മൂന്ന് എംഎല്‍എമാരെ മാര്‍ഷലുകളുടെ അകമ്പടിയോടെ പുറത്താക്കിയെങ്കിലും മറ്റ് പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ത്തതോടെ സംഘര്‍ഷം രൂക്ഷമായി. ബഹളത്തിനിടയില്‍ സ്പീക്കര്‍ അബ്ദുള്‍ റഹീം റാത്തര്‍ സഭ ഇന്നത്തേക്ക് നിര്‍ത്തിവച്ചു.

കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയത്തില്‍ ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ നിയമസഭ സമ്മേളിച്ചയുടന്‍ തന്നെ ബഹളം തുടങ്ങിയിരുന്നു. ബിജെപി എംഎല്‍എയും പ്രതിപക്ഷ നേതാവുമായ സുനില്‍ ശര്‍മ്മ പ്രമേയത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ, അവാമി ഇത്തേഹാദ് പാര്‍ട്ടി നേതാവും ലംഗേറ്റില്‍ നിന്നുള്ള എം.എല്‍.എയുമായ ഷെയ്ഖ് ഖുര്‍ഷീദ് ''ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പുനഃസ്ഥാപിക്കണം'' എന്നെഴുതിയ ബാനര്‍ പ്രദര്‍ശിപ്പിച്ചു.

ഇതോടെ പ്രകോപിതരായ ബി.ജെ.പി അംഗങ്ങള്‍ നടുത്തളത്തിലേയ്ക്ക് ഇറങ്ങുകയും ബാനര്‍ തട്ടിയെടുത്ത് കീറിമുറിക്കുകയും ചെയ്തു. ബഹളം ശമിപ്പിക്കാന്‍ സ്പീക്കര്‍ക്ക് 15 മിനിറ്റോളം സഭ നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. എന്നാല്‍, സഭ നിര്‍ത്തിവെച്ച ശേഷവും ബിജെപി അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയുടെയും ഭരണഘടനാ സംരക്ഷണത്തിന്റെയും പ്രാധാന്യം നിയമസഭ വീണ്ടും ഉറപ്പിക്കണമെന്ന് ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരി അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയ ഐക്യത്തെയും ജമ്മു കശ്മീരിലെ ജനങ്ങളുടെ അഭിലാഷങ്ങളെയും മാനിക്കുന്ന വിധത്തില്‍ ഇവ പുനഃസ്ഥാപിക്കണം. ഇതിനായി ജമ്മു കശ്മീരിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി തിങ്കളാഴ്ച ആരംഭിച്ച അഞ്ച് ദിവസത്തെ നിയമസഭാ സമ്മേളനത്തിനിടെയാണ് സംഭവം. ഇതിനെ തുടര്‍ന്ന് എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്പീക്കര്‍ സമ്മേളനം താല്‍കാലികമായി നിര്‍ത്തിവെച്ചു.

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിന് ഭരണഘടനാപരമായ സംവിധാനം രൂപവത്കരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ബുധനാഴ്ച പാസ്സാക്കിയിരുന്നു. സമ്മേളനം ആരംഭിച്ചയുടനെ ഇതിനെച്ചൊല്ലി ബിജെപി അംഗങ്ങള്‍ നിയമസഭയില്‍ ബഹളമുണ്ടാക്കി.

ബി.ജെ.പി എം.എല്‍.എയും പ്രതിപക്ഷ നേതാവുമായ സുനില്‍ ശര്‍മ പ്രമേയത്തിന്മേല്‍ സംസാരിച്ചുകൊണ്ടിരിക്കെ, ലാംഗേറ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അവാമി ഇത്തേഹാദ് പാര്‍ട്ടി എം.എല്‍.എ ആയ ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ് ബാനര്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇതുകണ്ട ബിജെപി അംഗങ്ങള്‍ ബാനര്‍ തട്ടിയെടുക്കുകയും കീറിയെറിയുകയുമായിരുന്നു.

Tags:    

Similar News