ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഐസ- ഡിഎസ്എഫ് സഖ്യത്തിന് വിജയം; പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സെന്‍ട്രല്‍ പാനലില്‍ എബിവിപിക്കും സീറ്റ്; എബിവിപിയുടെ വൈഭവ് മീണ ജോയിന്റ് സെക്രട്ടറി

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഐസ- ഡിഎസ്എഫ് സഖ്യത്തിന് വിജയം

Update: 2025-04-28 06:01 GMT

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഐസ- ഡിഎസ്എഫ് സഖ്യത്തിന് വിജയം. സെന്‍ട്രല്‍ പാനലില്‍ നാലില്‍ മൂന്ന് സീറ്റിലും സഖ്യം വിജയിച്ചു. ഐസയുടെ നിതീഷ് കുമാര്‍ പ്രസിഡന്റും ഡിഎസ്എഫിന്റെ മനീഷ വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. 10 വര്‍ഷങ്ങള്‍ക്ക് ശേഷം സെന്‍ട്രല്‍ പാനലില്‍ എബിവിപിക്കും വിജയം നേടാനായി. എബിവിപിയുടെ വൈഭവ് മീണയാണ് ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 42 കൗണ്‍സിലര്‍ സീറ്റുകളില്‍ 23 എണ്ണം എബിവിപി സ്വന്തമാക്കി.

1,702 വോട്ടുകള്‍ നേടിയാണ് ഐസയുടെ നിതീഷ് കുമാര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 1,430 വോട്ടുകള്‍ നേടിയ എബിവിപിയുടെ ശിഖ സ്വരാജ് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. എസ്എഫ്‌ഐയുടെ പിന്തുണയോടെ മത്സരിച്ച തയബ്ബ അഹമ്മദ് 918 വോട്ടുകളാണ് നേടിയത്. 1,150 വോട്ടുകളോടെയാണ് ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡിഎസ്എഫ്) സ്ഥാനാര്‍ഥി മനീഷ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 1,116 വോട്ടുകള്‍ നേടിയ നിട്ടു ഗൗദമിനെയാണ് മനീഷ മറികടന്നത്. ജെനറല്‍ സെക്രട്ടറി സ്ഥാനവും ഡിഎസ്എഫിനാണ്. 1,520 വോട്ട് നേടിയ മുന്‍തേഹ ഫാത്തിമ ആണ് ജനറന്‍ സെക്രട്ടറി.

ജോയിന്റ് സെക്രട്ടറി സ്ഥാനം എബിവിപിക്കാണ്. എബിവിപിയുടെ വൈഭവ് മീണ 1,518 വോട്ടുകള്‍ നേടിയാണ് വിജയം ഉറപ്പിച്ചത്. ഐസയുടെ നരേഷ് കുമാറിനെയും (1,433 വോട്ടുകള്‍) പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (പിഎസ്എ) സ്ഥാനാര്‍ഥി നിഗം ??കുമാരിയെയും (1,256 വോട്ടുകള്‍) പരാജയപ്പെടുത്തിയാണ് ജയം. 2015-16 ല്‍ സൗരവ് ശര്‍മയ്ക്ക് ശേഷം ആദ്യമായാണ് സെന്‍ട്രല്‍ പാനലില്‍ എബിവിപി വിജയിക്കുന്നത്. 2000-01 ലായിരുന്നു എബിവിപി അവസാനമായി പ്രസിഡന്റ് സ്ഥാനം നേടിയത്. സന്ദീപ് മഹാപത്രയായിരുന്നു അന്നത്തെ എബിവിപിയുടെ യൂണിയന്‍ പ്രസിഡന്റ്.

ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സഖ്യം ഒറ്റക്കെട്ടായല്ല മത്സരിച്ചത്. ഐസയും ഡിഎസ്എഫും ഒരു സഖ്യമായി മത്സരിച്ചപ്പോള്‍ എസ്എഫ്‌ഐയും ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷനും (എഐഎസ്എഫ്) ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ബിഎപിഎസ്എ), പിഎസ്എ എന്നിവയുമായി സഖ്യം രൂപീകരിച്ചു. അതേസമയം സ്വതന്ത്രമായാണ് എബിവിപി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

ഏപ്രില്‍ 25 ന് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടിങ്ങിന് യോഗ്യരായ 7,906 വിദ്യാര്‍ഥികളില്‍ ഏകദേശം 5,500 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2012 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങ്ങുകളില്‍ ഒന്നാണിത്. 2023 ല്‍ രേഖപ്പെടുത്തിയ 73 ശതമാനമാണ് ഏറ്റവും ഉയര്‍ന്ന പോളിങ്.

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഐസ- ഡിഎസ്എഫ് സഖ്യത്തിന് വിജയം; പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സെന്‍ട്രല്‍ പാനലില്‍ എബിവിപിക്കും സീറ്റ്; എബിവിപിയുടെ വൈഭവ് മീണയാണ് ജോയിന്റ് സെക്രട്ടറി

Tags:    

Similar News