പൗരന്റെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റം; ഇന്ത്യ ഒരു നിരീക്ഷണ രാഷ്ട്രമായി മാറുന്നു; പെഗാസസ് ഒക്കെ ചെലവ് ഉള്ള പരിപാടി ആയത കൊണ്ടാണ് ഈ നീക്കം; സഞ്ചാര്‍ സാഥി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് എംപി

പൗരന്റെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റം

Update: 2025-12-02 09:22 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ മൊബൈല്‍ ഹാന്‍ഡ്സെറ്റുകളിലും സഞ്ചാര്‍ സാഥി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. പൗരന്റെ സ്വകാര്യതയ്ക്ക് മേലുള്ള ഗൗരവകരമായ കടന്നു കയറ്റമാണിതെന്നും പൗരന്മാരുടെ തലയില്‍ ചിപ്പ് ഘടിപ്പിക്കാന്‍ കൂടിയേ ബാക്കിയുള്ളൂവെന്നും ബ്രിട്ടാസ പറഞ്ഞു.

ഇന്ത്യ ഒരു നിരീക്ഷണ രാഷ്ട്രമായി മാറുകയാണ്. പെഗാസസ് ഒക്കെ ചെലവ് ഉള്ള പരിപാടി എന്ന് തിരിച്ചറിഞ്ഞാണ് 120 കോടി ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് സ്ഥാപിക്കാന്‍ ഉള്ള തീരുമാനമെന്നും എം പി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച ഇഡി നോട്ടീസില്‍ പ്രതികരിച്ച ജോണ്‍ ബ്രിട്ടാസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരു തമാശയായി മാറിയെന്നും തെരഞ്ഞെടുപ്പ് അടുക്കും വരെ നോട്ടീസ് അലമാരയിലായിരുന്നെന്നും പരിഹസിച്ചു.

ഇന്ത്യയില്‍ വില്‍ക്കുന്നതിനായി നിര്‍മ്മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ പുതിയ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഫോണില്‍ നിന്നും ആപ്പ് നീക്കം ചെയ്യാന്‍ കഴിയില്ല. ആപ്പിള്‍, സാംസങ്ങ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയ ഫോണ്‍ കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം ലഭിച്ചുകഴിഞ്ഞു. 90 ദിവസത്തിനകം നടപ്പാക്കാനാണ് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്.

'സഞ്ചാര്‍ സാഥി'സൈബര്‍ സുരക്ഷ ആപ്ലിക്കേഷന്‍ ഉണ്ടായിരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നീക്കം പൗരന്മാരെ നിരീക്ഷിക്കാനുള്ള തന്ത്രമാണെന്നും നിര്‍ദേശം ഉടന്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

മൂന്നു മാസത്തിനകം നിര്‍ദേശം നടപ്പാക്കാനാണ് ആപ്പിള്‍, സാംസങ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പ് നിര്‍ദേശം നല്‍കിയത്. നിലവില്‍ 'സഞ്ചാര്‍ സാഥി' ആപ് ആപ്പിള്‍ സ്റ്റോര്‍ അല്ലെങ്കില്‍ ഗൂഗിള്‍ ആപ് സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. ഇന്‍സ്റ്റാള്‍ ചെയ്യണോ വേണ്ടയോ എന്നത് ഉപഭോക്താക്കളുടെ ഇഷ്ടമായിരുന്നു. ഇതിനാണ് മാറ്റം വരുന്നത്. 120 കോടിയിലധികം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ വിപണികളിലൊന്നാണ് ഇന്ത്യ. ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ അപ്‌ഡേറ്റ് ആയി സഞ്ചാര്‍ സാഥി ആപ്പ് എത്തും.

ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആപ് നിര്‍ബന്ധമായും ഫോണില്‍ സൂക്ഷിക്കണമെന്ന് കേന്ദ്രം നിര്‍ദേശിക്കുന്നത്. ടെലികോം സൈബര്‍ സുരക്ഷാ ചട്ടത്തിലെ പുതിയ അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഉത്തരവ്. ഇത് സ്വകാര്യതയുടെ ലംഘനമാണെന്ന് വ്യാപക വിമര്‍ശനമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി. 'ബിഗ് ബ്രദറിന് നമ്മളെ നിരീക്ഷിക്കാനാകില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ഒരു അവിഭാജ്യ ഭാഗമാണ് സ്വകാര്യതക്കുള്ള അവകാശം' -വേണുഗോപാള്‍ എക്‌സില്‍ കുറിച്ചു.

ഓരോ ഇന്ത്യക്കാരനെയും നിരീക്ഷിക്കാനുള്ള ആപ്പാണ് ഫോണുകളില്‍ ഇന്‍ബില്‍റ്റ് ആയി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് ഡിലീറ്റ് ചെയ്യാനാകില്ല. ഓരോ പൗരനെയും നിരീക്ഷിക്കാനുള്ള തന്ത്രമാണിത്. നിര്‍ദേശം തങ്ങള്‍ നിരസിക്കുന്നതായും ഉടനടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഗ് ബോസിന്റെ മറ്റൊരു നിരീക്ഷണ തന്ത്രമാണിതെന്ന് ശിവസേനയുടെ രാജ്യസഭ എം.പി പ്രിയങ്ക ചതുര്‍വേദി ആരോപിച്ചു.

Tags:    

Similar News