സമന്‍സ് ലംഘനക്കേസില്‍ കെജ്രിവാളിന് കോടതിയുടെ ക്ലീന്‍ ചിറ്റ്; രണ്ടുകേസുകളില്‍ വെറുതെ വിട്ടതോടെ, കേന്ദ്ര ഏജന്‍സിക്ക് മുഖത്തേറ്റ അടിയെന്ന് എഎപി; അമാനത്തുള്ള ഖാനും രക്ഷപ്പെട്ടു; ഡല്‍ഹി മദ്യനയക്കേസിലെ കുരുക്ക് അഴിയുന്നുവോ? വേട്ടയാടലെന്ന എഎപിയുടെ ആരോപണത്തിന് കരുത്ത് പകര്‍ന്ന് വിധി
സമന്‍സ് ലംഘനക്കേസില്‍ കെജ്രിവാളിന് കോടതിയുടെ ക്ലീന്‍ ചിറ്റ്
ന്യൂഡല്‍ഹി; ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ സമന്‍സുകള്‍ ലംഘിച്ചെന്ന പരാതിയില്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് കോടതിയുടെ ക്ലീന്‍ ചിറ്റ്. തുടര്‍ച്ചയായ അഞ്ച് സമന്‍സുകള്‍ അയച്ചിട്ടും ഹാജരായില്ലെന്ന് കാണിച്ച് ഇഡി നല്‍കിയ രണ്ട് കേസുകളില്‍ റൗസ് അവന്യൂ കോടതി കെജ്രിവാളിനെ വെറുതെ വിട്ടു. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പരസ് ദലാല്‍ ആണ് അന്വേഷണ ഏജന്‍സിക്ക് തിരിച്ചടിയായ ഈ വിധി പ്രസ്താവിച്ചത്.
കള്ളപ്പണം തടയല്‍ നിയമത്തിലെ (PMLA) 50-ാം വകുപ്പ് പ്രകാരം നല്‍കിയ സമന്‍സുകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി 2024 ഫെബ്രുവരിയില്‍ കോടതിയെ സമീപിച്ചത്. മദ്യനയക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയാന്‍ കെജ്രിവാളിന്റെ സാന്നിധ്യം അത്യാവശ്യമാണെന്നായിരുന്നു ഏജന്‍സിയുടെ വാദം. എന്നാല്‍, സമന്‍സുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും നിയമവിരുദ്ധമാണെന്നുമാണ് എഎപി ഇതിനെതിരെ സ്വീകരിച്ച നിലപാട്. ഈ കേസില്‍ കോടതി കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയതോടെ രാഷ്ട്രീയമായ വലിയൊരു വിജയമാണ് ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്.
കെജ്രിവാളിന് പിന്നാലെ എഎപി എംഎല്‍എ അമാനത്തുള്ള ഖാനും കോടതിയില്‍ നിന്ന് ആശ്വാസം ലഭിച്ചു. ഡല്‍ഹി വഖഫ് ബോര്‍ഡ് കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ഇഡി സമന്‍സുകള്‍ അവഗണിച്ചെന്ന പരാതിയില്‍ അമാനത്തുള്ള ഖാനെയും കോടതി വെറുതെ വിട്ടിട്ടുണ്ട്. രണ്ട് പ്രമുഖ നേതാക്കള്‍ക്കെതിരായ കേസുകള്‍ ഒരേ ദിവസം കോടതി തള്ളിയത് കേന്ദ്ര സര്‍ക്കാരിനും ഇഡിക്കും വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നേതാക്കളെ വേട്ടയാടുകയാണെന്ന എഎപിയുടെ ആരോപണത്തിന് ഈ വിധി കൂടുതല്‍ കരുത്ത് പകരും.
2021-22 ലെ ഡല്‍ഹി മദ്യനയം നടപ്പിലാക്കിയതില്‍ അഴിമതിയും ക്രമക്കേടുമുണ്ടെന്ന് ആരോപിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന നല്‍കിയ പരാതിയിലാണ് കേസിന്റെ തുടക്കം. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐയും പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡിയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. നിലവില്‍ മദ്യനയക്കേസിലെ പ്രധാന അന്വേഷണം തുടരുന്നതിനിടയിലാണ് സമന്‍സ് ലംഘനവുമായി ബന്ധപ്പെട്ട ഉപക്കേസുകളില്‍ കോടതി വിധി വന്നിരിക്കുന്നത്.
