വിവാദങ്ങളില്‍ കോണ്‍ഗ്രസ് കക്ഷിയാകാനില്ല; രാഹുല്‍ ഗാന്ധി വിജയിനെ വിളിച്ചത് വേദനയില്‍ ഒപ്പമുണ്ടെന്ന് അറിയിക്കാന്‍; ആദ്യം വിളിച്ചത് എം കെ സ്റ്റാലിനെയാണ്; കരൂര്‍ സന്ദര്‍ശിച്ച കെ സി വേണുഗോപാലിന്റെ പ്രതികരണം ഇങ്ങനെ
വിവാദങ്ങളില്‍ കോണ്‍ഗ്രസ് കക്ഷിയാകാനില്ല; രാഹുല്‍ ഗാന്ധി വിജയിനെ വിളിച്ചത് വേദനയില്‍ ഒപ്പമുണ്ടെന്ന് അറിയിക്കാന്‍
കരൂര്‍: കരൂര്‍ ദുരന്തം തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വിവാദമായി മാറിയിരിക്കയാണ്. ദുരന്തത്തില്‍ സര്‍ക്കാറിനെ പഴിചാരി വിജയ് രംഗത്തുവന്നതോടെ പ്രതികരിച്ചു ഡിഎംകെയും പ്രതികരിച്ചു. ഇതിനിടെ രാഹുല്‍ ഗാന്ധി വിജയിനെ വിളിച്ചതും വിവാദമായി മാറുന്നുണ്ട്. ഇത് സ്റ്റാലിന്റെ എതിര്‍പ്പിന് ഇടയാക്കുമോ എന്നതാണ് ആശങ്ക. ഈ സാഹചര്യത്തില്‍ വിശദീകരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തുവന്നു.
രാഹുല്‍ ഗാന്ധി വിജയ്‌യെ വിളിച്ചതില്‍ രാഷ്ട്രീയമില്ലെന്നും വേദനയില്‍ ഒപ്പമുണ്ടെന്ന് അറിയിക്കാനാണ് വിളിച്ചതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് സംഘത്തിനൊപ്പം കരൂരിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാല്‍. കരൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരെ കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെയും കണ്ടു. കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയപോരിനില്ലെന്നും അതിനുള്ള സമയമല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മരിച്ചവരുടെ ദുഃഖത്തിനു ഒപ്പം നില്‍ക്കുകയാണ്.
ദുരന്തിനു ഉത്തരവാദികളെ തിരയേണ്ട സമയമല്ലിത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം ഉറപ്പാക്കിയിട്ടുണ്ട്. മരിച്ച 41 പേരുടെ കുടുംബങ്ങള്‍ക്കും ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്കും സഹായം നല്‍കും. രാഹുല്‍ ഗാന്ധി വിജയിയെ വിളിച്ചതില്‍ രാഷ്ട്രീയമില്ല. തമിഴ്‌നാടിനെ എപ്പോഴും ചേര്‍ത്തുപിടിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആണ് ആദ്യം വിളിച്ചത്.
വിവാദങ്ങളില്‍ കോണ്‍ഗ്രസ് കക്ഷി ആകുന്നില്ല. കരൂര്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും കോണ്‍ഗ്രസ് ധനസഹായം നല്‍കും. അപകടത്തിന് ഉത്തരവാദി ആരാണെന്ന് നിര്‍ണയിക്കാന്‍ നമ്മള്‍ ആരുമല്ല, രാഷ്ട്രീയപരമായി ഈ വിഷയത്തെ സമീപിക്കാന്‍ കോണ്‍ഗ്രസില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.