''ഒറ്റരാത്രികൊണ്ട് എടുത്ത തീരുമാനമമല്ല, പാർട്ടി വിടാൻ ആരുടെയും സമ്മർദ്ദമില്ല''; ആം ആദ്മി നേതാവും ഡൽഹി മുൻ മന്ത്രിയുമായ കൈലാഷ് ഗെഹ്ലോട്ട് ബി.ജെ.പിയിൽ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മന്ത്രിയുമായ കൈലാഷ് ഗെഹ്ലോട്ട് ബി.ജെ.പിയിൽ ചേർന്നു. കേന്ദ്ര മന്ത്രി മനോഹർ ലാൽ ഖട്ടാറിന്‍റെയും മറ്റ് ബി.ജെ.പി നേതാക്കളുടെയും സാന്നിധ്യത്തിൽ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തുവെച്ച് ഗെഹ്ലോട്ട് അംഗത്വം സ്വീകരിച്ചു.
ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും മന്ത്രിസഭയില്‍നിന്നും കഴിഞ്ഞദിവസമാണ് ഗെഹ്‌ലോട്ട് രാജിവെച്ചത്. എ.എ.പി മന്ത്രിസഭയില്‍ ഗതാഗതം, ഐടി, സ്ത്രീ-ശിശു വികസനം എന്നീ വകുപ്പുകളിൽ മന്ത്രിയായിരുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ കൈലാഷ് ഗെഹ്ലോട്ടിന്റെ കൂട് മാറ്റം ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ.
അണ്ണാ ഹസാരെയുടെ കാലം മുതൽ താൻ ആം ആദ്മി പാർട്ടിയുടെ ഭാഗമായിരുന്നെന്നും, ഡൽഹിക്ക് വേണ്ടി മുഴുവൻ സമയം എം.എൽ.എയും മന്ത്രിയുമായി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ബി.ജെ.പിയിൽ ചേർന്ന ശേഷം പ്രതികരിച്ചു. ഇത് ഒറ്റരാത്രികൊണ്ട് എടുത്ത തീരുമാനമല്ലെന്നും, പാർട്ടി വിടാൻ ആരുടേയും സമ്മർദ്ദം കാരണം താൻ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടി പോരാടുന്നതിന് പകരം സ്വന്തം രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടിയാണ് ആം ആദ്മി പാർട്ടി പ്രവർത്തിക്കുന്നതെന്ന തോന്നലുണ്ടാക്കുകയാണെന്നും ഇത് അടിസ്ഥാന സേവനങ്ങൾ ജനങ്ങൾക്ക് നൽകുന്നതിന് തടസ്സം സൃഷ്ടിക്കുകയാണെന്നും ഇന്നലെ രാജി വെച്ച ശേഷം മന്ത്രി പ്രതികരിച്ചിരുന്നു.