'കരൂര്‍ ദുരന്തത്തില്‍ ഉത്തരവാദിത്വമേറ്റെടുത്ത് ഇരകളോടും കുടുംബങ്ങളോടും ക്ഷമ ചോദിക്കാന്‍ തയ്യാറാവണം'; ടി.വി.കെ നേതൃത്വത്തോട് കമല്‍ഹാസന്‍; രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്ത സെന്തില്‍ ബാലാജിയെ അഭിനന്ദിച്ചു കമല്‍

'കരൂര്‍ ദുരന്തത്തില്‍ ഉത്തരവാദിത്വമേറ്റെടുത്ത് ഇരകളോടും കുടുംബങ്ങളോടും ക്ഷമ ചോദിക്കാന്‍ തയ്യാറാവണം'

Update: 2025-10-07 06:09 GMT

കരൂര്‍: കരൂര്‍ ആള്‍ക്കൂട്ട ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചു മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷന്‍ കമല്‍ഹാസന്‍ എം.പി. ദുരന്ത ത്തില്‍ സംഘാടകരായ ടി.വി.കെ നേതൃത്വം വീഴ്ച അംഗീകരിച്ച് ഇരകളോടും കുടുംബങ്ങളോടും മാപ്പുപറയണമെന്ന് കമല്‍ഹാസന്‍ എം.പി ആവശ്യപ്പെട്ടു. കരൂരില്‍ ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍.

സംഭവത്തില്‍ പരസ്പരം പഴിചാരുന്നത് ഒഴിവാക്കണമെന്നും കമല്‍ഹാസന്‍ പറഞ്ഞു. സ്ഥലം എം.എല്‍.എയും ഡി.എം.കെ നേതാവുമായ സെന്തില്‍ ബാലാജിക്കൊപ്പമായിരുന്നു കമല്‍ഹാസന്‍ കരൂരില്‍ സന്ദര്‍ശനം നടത്തിയത്. വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണ്. സര്‍ക്കാറിന് കര്‍ത്തവ്യം നിറവേറ്റുന്നതില്‍ പിന്തുണക്കണമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

കരൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്ത് ഇറങ്ങിയ സെന്തില്‍ ബാലാജിയെ കമല്‍ഹാസന്‍ അഭിനന്ദിച്ചു. ദുരന്തത്തിലെ ഇരകളുമായും കുടുംബാംഗങ്ങളുമായും കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തി. മറ്റെവിടെയെങ്കിലുമാണ് പരിപാടി സംഘടിപ്പിച്ചിരുന്നതെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും അധികരിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കരൂരില്‍ ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. സംഭവവത്തിന് പിന്നാലെ, ടി.വി.കെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനടക്കം നേതാക്കള്‍ അറസ്റ്റിലായിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യയടക്കം കുറ്റങ്ങള്‍ ചുമത്തി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ്, ഡെപ്യൂട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി.ആര്‍. നിര്‍മ്മല്‍ കുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍, വിജയ്യുടെ പേര് ഒരു എഫ്.ഐ.ആറിലും ഉള്‍പ്പെടുത്തിയിട്ടില്ല.

തന്നെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാറിനെ വെല്ലുവിളിക്കുന്ന വിജയ്യെ രൂക്ഷമായി വിമര്‍ശിച്ച് ഡി.എം.കെ മുഖപത്രം മുരസൊലി കഴിഞ്ഞ ദിവസം എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരുന്നു.

Tags:    

Similar News