കശ്മീരില്‍ ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്; മൂന്നു മന്ത്രിസ്ഥാനം ലഭിച്ചേക്കും; ഏക സിപിഎം എംഎല്‍എ തരിഗാമിയും ഒമര്‍ അബ്ദുള്ള മന്ത്രിസഭയിലേക്ക്; പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം ഉടനുണ്ടാകും
ജമ്മു കശ്മീരില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍
ശ്രീനഗര്‍: ജമ്മുകശ്മീരിലെ മുതിര്‍ന്ന സിപിഎം നേതാവ് യൂസഫ് തരിഗാമി എംഎല്‍എയെ ഒമര്‍ അബ്ദുള്ള മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് സിപിഎം ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഉടന്‍ ഉണ്ടായേക്കും. എന്നാല്‍ ജമ്മുകശ്മീര്‍ സംസ്ഥാന ഘടകത്തിന്റെ തീരുമാനം ഇതില്‍ നിര്‍ണായകമാണ്.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് - നാഷണല്‍ കോണ്‍ഫറന്‍സ് ഉഭയകക്ഷി ചര്‍ച്ച വെള്ളിയാഴ്ച ഉച്ചയ്ക്ക് ചേരും. തരിഗാമിക്ക് പിന്തുണ നല്‍കികൊണ്ടുള്ള കത്ത് കോണ്‍ഗ്രസ് ഈ യോഗത്തില്‍ വെച്ച് കൈമാറും കോണ്‍ഗ്രസിന് മൂന്ന് മന്ത്രിമാരുണ്ടാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്. താരിഖ് ഹമീദ് കാര, ഗുലാം അഹ്‌മദ് മിര്‍, ഇഫ്ത്തിക്കര്‍ അഹ്‌മദ് എന്നിവര്‍ കോണ്‍ഗ്രസില്‍ നിന്നും മന്ത്രിമാരായേക്കും.
ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കാം. ഇതു സംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന മുന്നണി യോഗത്തിലുണ്ടാകും. കോണ്‍ഗ്രസിന് 2 മന്ത്രിസ്ഥാനം നല്‍കാനായിരുന്നു നാഷനല്‍ കോണ്‍ഫറന്‍സിന്റെ ആദ്യത്തെ തീരുമാനം. ഒമര്‍ അബ്ദുല്ല ഇന്നു തന്നെ ഗവര്‍ണറെ കാണും.
മത്സരിച്ച 57ല്‍ 42 സീറ്റുകളിലും നാഷനല്‍ കോണ്‍ഫറന്‍സ് വിജയിച്ചിരുന്നു. മത്സരിച്ച രണ്ട് സീറ്റുകളിലും ഒമര്‍ അബ്ദുല്ലയും വിജയിച്ചു. ഇന്ത്യ സഖ്യത്തില്‍ 32 സീറ്റുകള്‍ കോണ്‍ഗ്രസിനു നല്‍കിയെങ്കിലും വിജയിക്കാനായത് 6 ഇടത്ത് മാത്രമാണ്.
ഒമര്‍ അബ്ദുല്ല മന്ത്രിസഭയില്‍ ചെറുകക്ഷികള്‍ക്ക് ഇടം ലഭിച്ചേക്കില്ല. എന്നാല്‍ സംസ്ഥാനത്തെ ഏക സിപിഎം എംഎല്‍എ മുഹമ്മദ് യൂസഫ് തരിഗാമി മന്ത്രിയാകുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. തരിഗാമിയുടെ മന്ത്രിസഭാ പ്രവേശനം സിപിഎം നിഷേധിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ കുല്‍ഗാമില്‍ നിന്നാണ് തരിഗാമി വിജയിച്ചത്.
തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച തരിഗാമി പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗം കൂടിയാണ്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് തരിഗാമി ജനവിധി തേടിയത്. 1996-ലാണ് കുല്‍ഗാമില്‍നിന്ന് തരിഗാമി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 2002, 2008, 2014 വര്‍ഷങ്ങളിലും ജയം ആവര്‍ത്തിച്ചു.
നേരത്തേ നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള തരിഗാമിയെ മന്ത്രിയാക്കണമെന്ന് സിപിഎം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിപിഎം ആ ആവശ്യം നിരസിക്കുകയാണ് ചെയ്തത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടാല്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.
ജമ്മു കശ്മീരില്‍ ഇന്ന് നിര്‍ണായകമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസുമായും ഒപ്പം സിപിഎമ്മുമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ചര്‍ച്ച അനുകൂലമായാല്‍ തരിഗാമി ഒമര്‍ അബ്ദുല്ല മന്ത്രിസഭയിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്.
സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമാണ് മുഹമ്മദ് യൂസുഫ് തരിഗാമി. ജമാഅത്തെ ഇസ്ലാമി നേതാവ് സയര്‍ അഹമ്മദ് റെഷിക്കെതിരെ 7,838 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു തരിഗാമിയുടെ വിജയം. 1996 മുതല്‍ ഒറ്റയ്ക്ക് മത്സരിച്ച കുല്‍ഗാമില്‍ ഇത്തവണ ഇന്ത്യ സഖ്യവുമായി ചേര്‍ന്നാണ് സിപിഎം മത്സരിച്ചത്.ജമ്മു കശ്മീരില്‍ ഇന്ന് നിര്‍ണായകമായ ചര്‍ച്ചകള്‍