'വാക്കുപാലിക്കുന്നതാണ് ഏറ്റവും വലിയ കരുത്ത്'; കര്‍ണാടകയിലെ മുഖ്യമന്ത്രി തര്‍ക്കത്തിനിടെ ഹൈക്കമാന്‍ഡിനെ ലക്ഷ്യമാക്കി ഡി.കെ. ശിവകുമാറിന്റെ ഒളിയമ്പ്; ഡികെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു ഹൈക്കമാന്‍ഡ്; ഡികെയെ മുഖ്യമന്ത്രിയാക്കാന്‍ ക്ഷേത്രത്തില്‍ 1001 തേങ്ങയടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
'വാക്കുപാലിക്കുന്നതാണ് ഏറ്റവും വലിയ കരുത്ത്'; കര്‍ണാടകയിലെ മുഖ്യമന്ത്രി തര്‍ക്കത്തിനിടെ ഹൈക്കമാന്‍ഡിനെ ലക്ഷ്യമാക്കി ഡി.കെ. ശിവകുമാറിന്റെ ഒളിയമ്പ്
ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തെയും അധികാരം പങ്കുവെക്കുന്നതിനെയും ചൊല്ലിയുള്ള വിവാദം ദിനംപ്രതി വഷളായിക്കൊണ്ടിരിക്കെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരെ ഒളിയമ്പുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. വാക്കാണ് ലേകശക്തിയെന്നും വാക്ക് പാലിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കരുത്തെന്നും പാര്‍ട്ടി നേതൃത്വത്തെ ലക്ഷ്യമാക്കി ഡി.കെ. ശിവകുമാര്‍ പരാമര്‍ശിച്ചു. മുന്‍പുണ്ടാക്കിയ കരാര്‍ പ്രകാരം മുഖ്യമന്ത്രി പദവി ഒഴിയാന്‍ സമയമായെന്ന് നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തുകാണ് ഡികെ. വിവാദം മുറുകവേ ഡികെയെയും സിദ്ധരാമയ്യയെയും ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഇരുവരുമായി സംസാരിച്ച് ഒരു ധാരണയില്‍ എത്താനാണ് ഹൈക്കമാന്‍ഡ് ഒരുങ്ങുന്നത്. സോണിയ ഗാന്ധിയെ അടുക്കം വിഷയത്തില്‍ ഇടപെടുവിക്കുവാനാണ് നീക്കം നടക്കുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവകുമാര്‍ പക്ഷം അവകാശവാദം ഉന്നയിക്കുകയാണ്. 2023 മേയില്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പിന് ശേഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായതോടെ ഒരു അധികാര പങ്കുവെക്കല്‍ കരാറില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ഈ കരാര്‍ അനുസരിച്ച് രണ്ടര വര്‍ഷത്തിനുശേഷം സിദ്ധരാമയ്യ പദവിയൊഴിയുകയും ശിവകുമാര്‍ മുഖ്യമന്ത്രിയാകുകയും ചെയ്യും. ഈ കരാര്‍ അനുസരിച്ചുള്ള വാക്ക് പാലിക്കണമെന്നാണ് ശിവകുമാര്‍ പക്ഷത്തിന്റെ ആവശ്യം. ആ ആവശ്യം തന്നെയാണ് ശിവകുമാര്‍ ഉന്നയിച്ചിരിക്കുന്നതും.
'ജഡ്ജിയായാലും, പ്രസിഡന്റായാലും, ഞാനടക്കം മറ്റാരായാലും, എല്ലാവരും പറഞ്ഞ വാക്ക് പാലിക്കണം. വാക്കാണ് ലോകശക്തി. പുറകില്‍ നില്‍ക്കുന്നവര്‍ക്ക് കസേരയുടെ വില അറിയില്ല. ആ കസേരയ്ക്ക് എന്ത് വിലയും പ്രാധാന്യവുമാണുള്ളതെന്ന് അവര്‍ക്കറിയില്ല. ഒഴിഞ്ഞ കസേര വലിച്ച് അതിലിരിക്കുന്നതിന് പകരം അവര്‍ നില്‍ക്കുകയാണ്. എല്ലാ മുതിര്‍ന്ന നേതാക്കളും ഇരിക്കുമ്പോള്‍, അവര്‍ ഇരിക്കാന്‍ കൂട്ടാക്കാതെ നില്‍ക്കുന്നു. നിങ്ങള്‍ക്ക് ഒരു കസേരയും കിട്ടില്ല, നിങ്ങള്‍ പിന്നിലായിപ്പോകും.' ശിവകുമാര്‍ പറഞ്ഞു. എന്നാല്‍, ഒഴിഞ്ഞ കസേര എന്ന് ശിവകുമാര്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമായിട്ടില്ല. കാരണം, താന്‍ സ്ഥാനമൊഴിയാന്‍ തയ്യാറല്ലെന്നും നിയമസഭയുടെ ശേഷിക്കുന്ന കാലയളവിലും മുഖ്യമന്ത്രിയായി തുടരുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.
ശിവകുമാര്‍ ക്യാമ്പിലെ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, സിദ്ധരാമയ്യ, ശിവകുമാര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല, ശിവകുമാറിന്റെ സഹോദരനും എം.പി.യുമായ ഡി.കെ. സുരേഷ് എന്നിവര്‍ പങ്കെടുത്ത നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് അധികാര പങ്കുവെക്കല്‍ കരാര്‍ ഉറപ്പിച്ചത്. ശിവകുമാര്‍ തുടക്കത്തില്‍ ആദ്യത്തെ രണ്ടര വര്‍ഷം ആവശ്യപ്പെട്ടിരുന്നുവെങ്കിലും, സീനിയോറിറ്റി ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ അത് നിരസിച്ചു. ഒടുവിലത്തെ ഒത്തുതീര്‍പ്പ് പ്രകാരം ആദ്യ പകുതി സിദ്ധരാമയ്യക്ക് ലഭിച്ചു, പിന്നീട് ശിവകുമാര്‍ അധികാരം ഏറ്റെടുക്കുമെന്നായിരുന്നു ധാരണ.
ഇതിനിടെ, നേതൃമാറ്റം ആവശ്യപ്പെട്ട് ശിവകുമാറിനെ അനുകൂലിക്കുന്ന എംഎല്‍എമാര്‍ തലസ്ഥാനത്ത് ഒത്തുകൂടിയപ്പോഴും സിദ്ധരാമയ്യയുടെ സാമ്പത്തിക ഉപദേഷ്ടാവും മുഖ്യമന്ത്രിയുടെ ക്യാമ്പിലെ മുതിര്‍ന്ന നേതാവുമായ ബസവരാജ് രായറെഡ്ഡി ഡല്‍ഹിയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തള്ളിപ്പറഞ്ഞു. വ്യക്തമായ ഒരു കാരണം ഹൈക്കമാന്‍ഡ് നല്‍കിയില്ലെങ്കില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിയില്ലെന്ന് രായറെഡ്ഡി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
അതിനിടെ ശിവകുമാര്‍ ഉടന്‍ മുഖ്യമന്ത്രിയാകുമെന്ന അവകാശവാദവുമായി എംഎല്‍എ ഇഖ്ബാല്‍ ഹുസൈന്‍ രംഗത്തെത്തി. ഇരുന്നൂറു ശതമാനവും മുഖ്യമന്ത്രി കസേര ഡികെയ്ക്ക് ഉറപ്പാണെന്നാണ് അദ്ദേഹത്തിന്റെ ക്യാമ്പ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. അണികള്‍ പൂജ നടത്തിയും തേങ്ങ ഉടച്ചുമാണ് ഡികെയുടെ മുഖ്യമന്ത്രി പദത്തിനായി പ്രാര്‍ഥിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 1001 തേങ്ങയാണ് ഘടി സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ഡികെയ്ക്കായി ഉടച്ചത്. അതേസമയം മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡ് ഒരുമിച്ച് ഒരു ടീമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒടുവില്‍ പ്രതികരിച്ചിരിക്കുന്നത്.
ഇതിനിടയില്‍ സംസ്ഥാന ആഭ്യന്തരമന്ത്രി ജി പരമേശ്വര ഡി കെ ശിവകുമാറിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയായി അംഗീകരിക്കുമെന്നാണ് മന്ത്രിയുടെ പ്രസ്താവന. നിലവില്‍ മുഖ്യമന്ത്രി പദത്തിനായി വലിയ സമ്മര്‍ദമാണ് ഡി കെ ശിവകുമാര്‍ ചെലുത്തുന്നത്. സമ്മര്‍ദം വിജയിക്കുന്ന സാഹചര്യമാണ് നിലവിലെ സംഭവവികാസങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇതോടെ സിദ്ധരാമയ്യ പക്ഷം നിലപാട് കടുപ്പിക്കുകയും തര്‍ക്കം രൂക്ഷമായ നിലയിലേക്ക് പോകുകയുമാണ്. സിദ്ധരാമയ്യയ്ക്കൊപ്പം കൂടുതല്‍ എംഎല്‍എമാര്‍ നിലയുറപ്പിച്ച സാഹചര്യത്തില്‍ സ്ഥാനമൊഴിയാന്‍ അദ്ദേഹം തയ്യാറാകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ശിവകുമാറിന്റെ ആവശ്യത്തില്‍ ആദ്യം ഹൈക്കമാന്‍ഡ് മൗനം പാലിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ നയിച്ചതും കോണ്‍ഗ്രസിന്റെ മുഖമായതും ഡി കെ ശിവകുമാറാണ്. എന്നാല്‍ എംഎല്‍എമാരുടെ പിന്തുണയുടെ അടിസ്ഥാനത്തില്‍ സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പദം ലഭിക്കുകയാണ് ഉണ്ടായത്. രാഹുല്‍ ഗാന്ധിക്ക് ഡി കെ ശിവകുമാറിനോടാണ് താത്പര്യമെന്ന കാര്യം സിദ്ധരാമയ്യ പക്ഷത്തിന് ലഭിച്ചിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാമെന്ന ബിജെപിയുടെ വാദത്തെ ഡി കെ ശിവകുമാര്‍ തള്ളിയിട്ടുണ്ട്. ബിജെപി മുതിര്‍ന്ന നേതാവ് സദാനന്ദ ഗൗഡ നേരിട്ടെത്തി ഡി കെ ശിവകുമാറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കെണിയില്‍ വീഴാന്‍ താന്‍ തയ്യാറല്ലെന്ന് ഡി കെ ശിവകുമാര്‍ പ്രതികരിച്ചു. പിന്തുണ തള്ളിയതായി പരസ്യമായി പ്രഖ്യാപിച്ച ശിവകുമാര്‍ ബിജെപിയും ജനതാദളും തന്റെ കാര്യമോര്‍ത്ത് വിഷമിക്കേണ്ടെന്നും സ്വന്തം കാര്യം പരിഹരിച്ചാല്‍ മതിയെന്നുമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.
