വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ സിനിമാ താരത്തെ ഇറക്കാന്‍ ബിജെപി; ഖുശ്ബു അന്തിമപട്ടികയില്‍; അറിയില്ലെന്ന് നടിയുടെ പ്രതികരണം; ദേശീയ പ്രാധാന്യമുള്ള ഒരു നേതാവിനെ പ്രിയങ്കയ്ക്ക് എതിരാളിയായി മത്സരിപ്പിക്കാന്‍ നീക്കം

വയനാട്ടില്‍ പ്രിയങ്കയ്ക്ക് എതിരാളി ഖുശ്ബു; നടിയുടെ പേര് ബിജെപി അന്തിമപട്ടികയില്‍

Update: 2024-10-17 16:02 GMT

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ നടിയും ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് അംഗവുമായ ഖുശ്ബുവിനെ പരീക്ഷിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നീക്കം. വയനാട്ടിലേക്കുളള സ്ഥാനാര്‍ത്ഥിയായി നടി ഖുശ്ബുവും ബിജെപി അന്തിമപട്ടികയില്‍ ഇടംപിടിച്ചതായാണ് വിവരം. തൃശ്ശൂരിന് സമാനമായ രീതിയില്‍ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതില്‍ സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞു.

എന്നാല്‍, വയനാട്ടിലെ തന്റെ സ്ഥാനാര്‍ഥിത്വത്തെപ്പറ്റി അറിയില്ലെന്നു ഖുശ്ബു പ്രതികരിച്ചു. വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യവുമായി ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്നും ഖുശ്ബു പറഞ്ഞു. ''വയനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്നെ ആരും സമീപിച്ചിട്ടില്ല. പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് അറിയില്ല. ദേശീയ നേതൃത്വമോ സംസ്ഥാന നേതൃത്വമോ എന്നോട് ഇക്കാര്യം സംസാരിച്ചിട്ടില്ല.'' ഖുശ്ബു പ്രതികരിച്ചു.

ദേശീയ പ്രാധാന്യമുള്ള ഒരു നേതാവിനെ പ്രിയങ്കയ്ക്ക് എതിരാളിയായി മത്സരിപ്പിക്കുക എന്ന നിലയിലാണ് ഖുശ്ബുവിനെ പരിഗണിക്കുന്നത്. സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. നാലുവര്‍ഷം മുന്‍പാണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ഭാഗമായാണ് ഖുശ്ബു പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

എംടി രമേശ്, ശോഭ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍, നവ്യ ഹരിദാസ് എന്നിവരുടെ പേരുകളും ബിജെപി വയനാട്ടിലേക്ക് സജീവമായി പരിഗണിക്കുന്നുണ്ട്. സത്യന്‍ മൊകേരിയാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

രാഹുല്‍ ഗാന്ധി മണ്ഡലമൊഴിഞ്ഞ സാഹചര്യത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയാണു കോണ്‍ഗ്രസിനായി മത്സരിക്കുന്നത്. സിപിഐ നേതാവ് സത്യന്‍ മൊകേരിയാണ് ഇടതു സ്ഥാനാര്‍ഥി.

Tags:    

Similar News