നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും വഖഫ് ബില്ലിനെ പിന്തുണക്കുന്നതായി കിരണ്‍ റിജിജു; പാര്‍ലമെന്റിലെ മുസ്‌ലിം എം.പിമാര്‍ ഇത് നല്ല പ്രവൃത്തിയാണെന്ന് പഞ്ഞുവെന്നും കേന്ദ്രമന്ത്രി
നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും വഖഫ് ബില്ലിനെ പിന്തുണക്കുന്നതായി കിരണ്‍ റിജിജു
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ സഖ്യ കക്ഷികളായ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും വഖഫ് ബില്ലിനെ പിന്തുണക്കുന്നതായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാറിന്റെ രണ്ട് പ്രധാന സഖ്യകക്ഷികളായ നിതീഷ് കുമാറിനും എന്‍. ചന്ദ്രബാബു നായിഡുവിനും വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് എന്തെങ്കിലും യോജിപ്പ് ഉണ്ടോ എന്ന പ്രത്യേക ചോദ്യത്തിന് മറുപടിയായാണ് 'എല്ലാവരും ഇതില്‍ ഉണ്ട്' എന്ന് റിജിജു അവകാശപ്പെട്ടത്.
ബില്ലിനെ എതിര്‍ക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ നേതാക്കള്‍ നായിഡുവിനെയും നിതീഷിനെയും സമീപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കിരണ്‍ റിജിജു പ്രതികരണവുമായി രംഗത്തുവന്നത്. ഇരുവരും ബില്ലിന് അനുമതി നല്‍കിയതായി പാര്‍ലമെന്ററി കാര്യ മന്ത്രിയുടെ അവകാശവാദം സൂചിപ്പിക്കുന്നു. നിരവധി മുസ്‌ലിംകളും ബില്ലിനെ പിന്തുണച്ചതായി റിജിജു അവകാശപ്പെട്ടു.
'എല്ലാവരും കപ്പലില്‍ ഉണ്ട്. ചിലര്‍ കുപ്രചരണം നടത്തുന്നു. പാര്‍ലമെന്റിലെ മുസ്‌ലിം എം.പിമാര്‍ ഇത് നല്ല പ്രവൃത്തിയാണെന്ന് എന്നോട് പറഞ്ഞു. അവരുടെ പാര്‍ട്ടികളുടെ സമ്മര്‍ദ്ദം കാരണം അവര്‍ പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്' - ശ്രീനഗറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റിജിജു പറഞ്ഞു. എന്നാല്‍, ആ എം.പിമാരെ സ്പഷ്ടമാക്കാന്‍ മന്ത്രി തയ്യാറായില്ല.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല വഖഫ് ബില്ലിനെ മുസ്‌ലിം വിരുദ്ധ നിയമമാണെന്നും കേന്ദ്രസര്‍ക്കാറിന് ഇത് കൊണ്ടുവരാന്‍ മറ്റൊരു കാരണവുമില്ലെന്നും പറഞ്ഞ സാഹചര്യത്തിലാണ് റിജുജുവിന്റെ പ്രസ്താവന. ബില്ലിനെക്കുറിച്ച് വ്യാജവാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും റിജിജു പറഞ്ഞു.