ലക്ഷദ്വീപ് ബിജെപി പുനഃസംഘടനയില്‍ ചര്‍ച്ചയായി കൊച്ചിയിലെ പീഢനം; ചിലര്‍ക്ക് കാലം നല്‍കിയ മറുപടിയാണ് ആ പീഢകന്‍ കേസില്‍ പ്രതിയായതെന്ന് ദ്വീപിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം; ശിവപ്രസാദ് ചെയ്ത് കൂട്ടിയ കാര്യങ്ങള്‍ എങ്ങനെ മറക്കാനാകും എന്ന് ചോദിക്കുന്ന സദ്ദേശമെത്തിയത് ആദ്യമെത്തിയത് എന്‍സിപി ഗ്രൂപ്പില്‍!

Update: 2024-12-14 06:35 GMT

കവരത്തി: ബിജെപി പുനഃസംഘടനാ നടപടികള്‍ തുടരുമ്പോഴാണ് കൊച്ചിയില്‍ വീട്ട് വേലക്കാരിയായ ഒഡീഷാ സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ശിവപ്രസാദിന്റെ ദ്വീപ് സന്ദര്‍ശനവും വിവാദമാകുന്നത്. ശിവപ്രസാദിനെബിജെപി പരിപാടിക്ക് എന്ത് അടിസ്ഥാനത്തില്‍ കൊണ്ട് വന്നു എന്ന ചോദ്യം പാര്‍ട്ടിക്കുള്ളില്‍ ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു. വിഷയം ബിജെപി ഗ്രൂപ്പുകള്‍ക്ക് പുറത്തേക്ക് പോകുന്നതും ബിജെപിയെ പ്രതിരോധത്തിലാക്കുകയാണ്.

ശിവപ്രസാദ് ദ്വീപിലെത്തിയത് ദ്വീപിന്റെ പരിശുദ്ധതയും രാഷ്ട്രീയത്തിന്റെ വിശ്വാസ്യതയും തകര്‍ത്തു എന്ന ആരോപണവും ബിജെപിയുടെ എതിരാളികള്‍ ഉയര്‍ത്തുകയാണ്. ശിവപ്രസാദ് ദ്വീപിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കി സംഭവം കയ്യാങ്കളിയോളമെത്തി എന്ന് പ്രചരിക്കുന്ന വാട്‌സാപ്പ് സന്ദേശത്തില്‍ വ്യക്തമാണ്. യുവമോര്‍ച്ച ലക്ഷദ്വീപ് ഘടകം മുന്‍ അദ്ധ്യക്ഷന്‍ മഹദാ ഹുസൈന്‍ എന്‍സിപി ശരത് പവാര്‍ വിഭാഗത്തിനൊപ്പം ചേര്‍ന്നതിന് പിന്നാലെയാണ് എന്‍സിപി ലക്ഷദ്വീപ് ഗ്രൂപ്പില്‍ ഇങ്ങനെ സന്ദേശമെത്തിയതെന്നും ചില ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

എന്തായാലും ശിവപ്രസാദ് എങ്ങനെ ബിജെപി പരിപാടിക്ക് എത്തി എന്നതില്‍ ഔദ്യോഗിക നേതൃത്വം ഇതുവരെ വശദീകരണം നല്‍കിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ എതിര്‍ ചേരിയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു , ലക്ഷദ്വീപിന്റെ പവിത്രതയും പരിശുദ്ധതയും തകര്‍ക്കാന്‍ കൂട്ട് നിന്നത് ആരായാലും നടപടി വേണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. പാര്‍ട്ടി പുനഃസംഘടനയോടെ രാജ്യത്തിനാകെ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ചിലരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ കാരണം അനുകൂല സാഹചര്യങ്ങള്‍ പോലും മുതലാക്കാനാകാത്ത അവസ്ഥയാണെന്നും ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ലക്ഷദ്വീപ് ബിജെപിയില്‍ കൊച്ചിയിലെ പീഡനം ചര്‍ച്ചയാകുമ്പോള്‍ അത് നേതൃത്വത്തെ വെട്ടിലാക്കുന്നുണ്ട്. കേസുണ്ടാകുന്നതിന് മുമ്പേയാണ് ഇയാളെ കൊണ്ടു വന്നതെന്നാണ് പ്രതിരോധം തീര്‍ക്കാന്‍ ഔദ്യോഗിക പക്ഷത്തിനുള്ള കച്ചിത്തുരുമ്പ്.

ലക്ഷദ്വീപ് ബിജെപി യിലും ശുദ്ധീകരണം വേണമെന്ന ആവശ്യം ശക്തമാണ്. കേരളത്തിലേതിന് സമാനമായി ലക്ഷദ്വീപില്‍ ബിജെപി യില്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പുരോഗമിക്കുമ്പോഴാണ് ചേരിപ്പോരും ഉടലെടുക്കുന്നത്. ഒഡീഷ സ്വദേശിനിയായ വീട്ട് ജോലിക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ലക്ഷദ്വീപ് ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ എങ്ങനെ എത്തി എന്ന ചോദ്യവും ബിജെപിയില്‍ ഒരു മാസമായി സജീവ ചര്‍ച്ചയാണ്. കേരളത്തില്‍ ഏറെ ചര്‍ച്ചയായ പീഡനക്കേസ് പ്രതിയുടെ ചിത്രം അടക്കം പുറത്തു വിട്ടിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് അനുകൂല ജയ്ഹിന്ദ് ചാനല്‍ വാര്‍ത്തയാക്കിയത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വൈറ്റിലയില്‍ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ഹോര്‍ട്ടികോര്‍പ്, ഫാമിങ് കോപറേഷന്‍ തുടങ്ങിയവയുടെ മുന്‍ എം.ഡി കെ. ശിവപ്രസാദ് കീഴടങ്ങിയത് വലിയ വിവാദമായിരുന്നു. ശനിയാഴ്ച രാവിലെ കൊച്ചി സൗത്ത് എ.സി.പി മുന്‍പാകെയാണ് ശിവപ്രസാദ് കീഴടങ്ങിയത്. പൊലീസ് സ്റ്റേഷനില്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ശിവപ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അടക്കം വിവാദമായി. ഇതിനിടെയാണ് ബിജെപി പരിപാടിയില്‍ ഇയാള്‍ പങ്കെടുത്ത ഫോട്ടോ അടക്കം പുറത്തു വന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയതിനെ തുടര്‍ന്ന് കീഴടങ്ങാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

ഒക്ടോബര്‍ 15നാണ് ഒഡിഷക്കാരിയായ യുവതി പീഡനത്തിനിരയായത്. തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്ന വിവരം വീട്ടുജോലിക്കാരി സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് എത്തി രക്ഷിക്കുകയും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് വീട്ടുടമയായ ശിവപ്രസാദ് തന്നെ പീഡിപ്പിച്ചു എന്ന് യുവതി മൊഴി നല്‍കിയത്. ഒളിവില്‍ പോയ ശിവപ്രസാദിന് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. അതിനിടെയാണ് ശിവപ്രസാദ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. അത് തള്ളിപോയതോടെ കീഴടങ്ങുകയായിരുന്നു.

Tags:    

Similar News