ജ്യൂസില്‍ ലഹരി കലര്‍ത്തി വീട്ടുജോലിക്കാരിയായ ഒഡിഷ സ്വദേശിനിയെ പീഡിപ്പിച്ച 72കാരന്‍ അന്ന് മുങ്ങിയത് ലക്ഷദ്വീപിലേക്കോ? ലക്ഷദ്വീപിലെ ബിജെപി കലഹം ചര്‍ച്ചയാക്കുന്നത് ശിവപ്രസാദിന്റെ പഴയൊരു ഫോട്ടോ; കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ കാസ്മി കോയയ്‌ക്കെതിരെ ആരോപണം ശക്തം

Update: 2024-11-29 13:40 GMT

കൊച്ചി: ലക്ഷദ്വീപ് ബിജെപി യിലും ശുദ്ധീകരണം വേണമെന്ന ആവശ്യം ശക്തം. കേരളത്തിലേതിന് സമാനമായി ലക്ഷദ്വീപില്‍ ബിജെപി യില്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പുരോഗമിക്കുമ്പോഴാണ് ചേരിപ്പോരും ഉടലെടുക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപി യിലെത്തിയ കെ.എന്‍ കാസ്മി കോയയാണ് നിലവില്‍ ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ്. എന്നാല്‍ പ്രസിഡന്റിന്റെ സ്വജന പക്ഷപാതമാണ് പാര്‍ട്ടിയിലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം.

കേന്ദ്രസര്‍ക്കാരിലെ അധികാരം ഉപയോഗിച്ച് പ്രസിഡന്റ് കുടുംബത്തിനായി പലതും നേടുന്നെന്ന് പ്രസിഡന്റിനെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നു. പ്രസിഡന്റ് അദ്ദേഹത്തിന് വ്യക്തി ബന്ധമുള്ള പലര്‍ക്കും വേണ്ടി കേന്ദ്രത്തില്‍ സ്വാധീനം ചെലുത്തുന്നെന്നും ഇവര്‍ ആരോപിക്കുന്നു. ഒഡീഷ സ്വദേശിനിയായ വീട്ട് ജോലിക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ലക്ഷദ്വീപ് ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ എങ്ങനെ എത്തി എന്ന ചോദ്യവും ബിജെപി നേതാക്കള്‍ ഉയര്‍ത്തുന്നു. കേരളത്തില്‍ ഏറെ ചര്‍ച്ചയായ പീഡനക്കേസ് പ്രതിയുടെ ചിത്രം അടക്കം പുറത്തു വിട്ടിരുന്നു.

ഇക്കാര്യം കോണ്‍ഗ്രസ് അനുകൂല ജയ്ഹിന്ദ് ചാനല്‍ വാര്‍ത്തയാക്കിയത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റിനൊപ്പം ഇയ്യാള്‍ ഇരിക്കുന്ന ചിത്രമാണ് ചാനല്‍ പുറത്ത് വിട്ടതെന്നും ഇയ്യാളും പ്രസിഡന്റുമായുള്ള ബന്ധത്തില്‍ വിശദീകരണം നല്‍കേണ്ടത് പ്രസിഡന്റ് ആണെന്നും ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരില്‍ ചുമതലയില്‍ നിന്ന് നീക്കിയ യുവമോര്‍ച്ച മുന്‍ അദ്ധ്യക്ഷന് വേണ്ടി പാര്‍ട്ടിയുടെ ഔദ്യോഗിക മീഡിയാ കണ്‍വീനര്‍ വാര്‍ത്തകള്‍ നല്‍കുന്നത് ശരിയല്ലെന്നും ഇവര്‍ പറയുന്നു.

ഈ രീതിയില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ പ്രസിഡന്റ് സംരക്ഷിക്കുകയാണെന്നും പ്രസിഡന്റിനെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നു. പ്രസിഡന്റിനോട് അടുപ്പമുള്ള വക്കീല്‍ കേന്ദ്ര സര്‍ക്കാരിനും ദ്വീപ് അഡ്മിനിസ്‌ട്രേഷനും എതിരായ കേസുകളില്‍ ഹാജരാകുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റിന്റെ സമീപനമാണ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് പ്രധാന പ്രതിസന്ധിയെന്നും കോണ്‍ഗ്രസിലെ കുടുംബ വാഴ്ച്ചയാണ് പാര്‍ട്ടിയില്‍ പ്രസിഡന്റ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ എതിരാളികള്‍ ആരോപിക്കുന്നു.

വൈറ്റിലയില്‍ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ഹോര്‍ട്ടികോര്‍പ്, ഫാമിങ് കോപറേഷന്‍ തുടങ്ങിയവയുടെ മുന്‍ എം.ഡി കെ. ശിവപ്രസാദ് കീഴടങ്ങിയത് വലിയ വിവാദമായിരുന്നു. ശനിയാഴ്ച രാവിലെ കൊച്ചി സൗത്ത് എ.സി.പി മുന്‍പാകെയാണ് ശിവപ്രസാദ് കീഴടങ്ങിയത്. പൊലീസ് സ്റ്റേഷനില്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ശിവപ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അടക്കം വിവാദമായി. ഇയാള്‍ ഒളിവില്‍ താമസിച്ചത് ലക്ഷദ്വീപിലാണെന്ന ആരോപണവും ഉണ്ട്. ഇതിനിടെയാണ് ബിജെപി പരിപാടിയില്‍ ഇയാള്‍ പങ്കെടുത്ത ഫോട്ടോ അടക്കം പുറത്തു വന്നത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയതിനെ തുടര്‍ന്ന് കീഴടങ്ങാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഒക്ടോബര്‍ 15നാണ് ഒഡിഷക്കാരിയായ യുവതി പീഡനത്തിനിരയായത്. തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്ന വിവരം വീട്ടുജോലിക്കാരി സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് എത്തി രക്ഷിക്കുകയും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് വീട്ടുടമയായ ശിവപ്രസാദ് തന്നെ പീഡിപ്പിച്ചു എന്ന് യുവതി മൊഴി നല്‍കിയത്. ഒളിവില്‍ പോയ ശിവപ്രസാദിന് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. അതിനിടെയാണ് ശിവപ്രസാദ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.

ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തിയ ശേഷം യുവതിയെ പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ വിദേശത്തേയ്ക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ശിവപ്രസാദിനെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ലക്ഷദ്വീപിലേക്ക് കടന്നിരുന്നുവെന്ന സംശയമാണ് അവിടെയുള്ള ബിജെപിക്കാര്‍ ഉയര്‍ത്തുന്നത്.

Tags:    

Similar News