പിണറായിയുടെ ഉറച്ച പിന്തുണയില്‍ ഇഎംഎസിന് ശേഷം സിപിഎം ജനറല്‍ സെക്രട്ടറിയാകുന്ന കേരളാ സഖാവായി ബേബി മാറും; പിബിയില്‍ ശൈലജ എത്തുന്നില്ലെന്ന് ഉറപ്പിച്ച 'കണ്ണൂര്‍ കരുതല്‍'; കേന്ദ്ര കമ്മറ്റിയില്‍ ശ്രീമതിയ്ക്ക് ഇളവ് നല്‍കുന്നതും 'ടീച്ചറെ' ജൂനിയറാക്കാന്‍; റിയാസിനും ഉയര്‍ച്ച വരും; ബംഗാള്‍ ഫാക്ടര്‍ അപ്രസക്തം; മധുരയില്‍ ചിരിക്കുന്നതും പിണറായി
മധുര: എല്ലാവരും ചേര്‍ന്ന് കെകെ ശൈലജ ടീച്ചറെ വെട്ടി. ബാക്കിയുള്ള എല്ലാവര്‍ക്കും ആഗ്രഹിച്ചതെല്ലാം കിട്ടും. കേരളവും ബംഗാളും തമ്മില്‍ ഒന്നരമണിക്കൂറിലേറെ നീണ്ട തര്‍ക്കത്തിനൊടുവില്‍ എം.എ. ബേബിയെ സിപിഎം ജനറല്‍ സെക്രട്ടറിയാക്കാന്‍ പിബി തീരുമാനം എടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ബേബിയെ പിന്തുണച്ചതായിരുന്നു ഇതില്‍ നിര്‍ണ്ണായകമായത്. ഭരണമുള്ള കേരളാ ഘടകം ശക്തമായ ആവശ്യം ഉന്നയിച്ചപ്പോള്‍ ബംഗാളിന്റെ പ്രതിരോധം തകര്‍ന്നു. എന്നാല്‍ പിബി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ കേരളാ ഘടകം മിണ്ടിയില്ല. കെകെ ശൈലജയ്ക്ക് സാധ്യത ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാനായിരുന്നു.
മലയാളിയും കിസാന്‍സഭ ജനറല്‍ സെക്രട്ടറിയുമായ വിജു കൃഷ്ണന്‍, അരുണ്‍കുമാര്‍ (ആന്ധ്രാപ്രദേശ്), യു. വാസുകി (തമിഴ്നാട്), മറിയം ധാവ്ളെ (മഹാരാഷ്ട്ര), ജിതേന്ദ്ര ചൗധരി (ത്രിപുര) തുടങ്ങിയവരെ പിബിയിലെടുക്കും. ബേബിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെ ബംഗാള്‍ഘടകം ശക്തമായി എതിര്‍ത്തു. ഞായറാഴ്ച രാവിലെ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ബംഗാള്‍ഘടകം വീണ്ടും എതിര്‍പ്പുയര്‍ത്തും. സിസിയില്‍ വോട്ടെടുപ്പുണ്ടാവാനാണ് സാധ്യത. വോട്ടെടുപ്പ് ഉണ്ടായാല്‍ ബംഗാള്‍ ഫാക്ടറിനെ അപ്രസക്തമാക്കുന്ന ഫലം വരുമെന്നാണ് കേരളാ നേതാക്കള്‍ പറയുന്നത്. എല്ലാ അര്‍ത്ഥത്തിലും സിപിഎമ്മില്‍ പിണറായി വിജയന്‍ പിടിമുറുക്കുകായണ്.
കേന്ദ്ര കമ്മറ്റിയില്‍ വോട്ടെടുപ്പുണ്ടായാലും ഭരണമുള്ള കേരളത്തിന് മുന്‍കൂക്കം കിട്ടും. അങ്ങനെ ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകും. ഇഎംഎസിന് ശേഷം ജനറല്‍ സെക്രട്ടറിയാകുന്ന കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി സഖാവായി ബേബി മാറും. പാലക്കാട്ടുകാരനായ പ്രകാശ് കാരാട്ട് സിപിഎം ജനറല്‍ സെക്രട്ടറിയായിട്ടുണ്ട്. മലയാളിയാണ് കാരാട്ടെങ്കിലും ഡല്‍ഹിയിലെ പ്രവര്‍ത്തന മികവിലായിരുന്നു കാരാട്ടിന്റെ പദവിയിലെത്തല്‍. അതായത് ഇഎംഎസിന് ശേഷം സിപിഎമ്മിനെ ദേശീയ തലത്തില്‍ നയിക്കുന്ന പൂര്‍ണ്ണ മലയാളിയായി ബേബി മാറിയേക്കും.
കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേരുനിര്‍ദേശിച്ചത്. പിബിയിലെ സീനിയോറിറ്റി കൂടി പരിഗണിച്ചാണ് ബേബിയെ നിര്‍ദേശിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ബംഗാള്‍ഘടകം ഇതിനെ അംഗീകരിച്ചില്ല. എതിര്‍പക്ഷം പരിഗണിച്ചിരുന്ന കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്ളെയുടെ നിലപാട് യോഗത്തില്‍ വഴിത്തിരിവായി. ബംഗാളില്‍നിന്നുള്ള മുഹമ്മദ് സലീമിനെ ധാവ്ളെ നിര്‍ദേശിച്ചു. എന്നാല്‍, താനില്ലെന്ന് സലീം വ്യക്തമാക്കി. ഇതോടെ, തര്‍ക്കം വേറൊരു വഴിക്കായി. ഒടുവില്‍, ഭൂരിപക്ഷാഭിപ്രായം മാനിച്ച് ബേബിയെ നിര്‍ദേശിക്കാന്‍ പിബി തീരുമാനിച്ചു. പ്രായപരിധി പിന്നിട്ടവര്‍ ഒഴിയും.
മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ഇളവ് അനുവദിക്കുന്നത് ഞായറാഴ്ച ചേരുന്ന കേന്ദ്രകമ്മിറ്റി പരിഗണിക്കും. ഇതിനും ബംഗാള്‍ ഘടകം എതിരാണ്. പക്ഷേ അതും നടക്കില്ല. അതിനിടെ പികെ ശ്രീമതിയ്ക്കും ഇളവ് നല്‍കിയേക്കും. മഹിളാ ജനാധിപത്യ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് എന്ന പദവിയാണ് ഇതിന് വേണ്ടി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഏറ്റവും മുതിര്‍ന്ന കേന്ദ്ര കമ്മറ്റി അംഗമെന്ന പരിഗണന കെകെ ശൈലജയ്ക്ക് കിട്ടാതിരിക്കാന്‍ വേണ്ടിയാണ് ഇതെന്നാണ് സൂചന. മന്ത്രി മുഹമ്മദ് റിയാസിനെ കേന്ദ്ര കമ്മറ്റിയിലെത്തിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ റിയാസിനെ പിബിയില്‍ എത്തിക്കാന്‍ വേണ്ടിയാണ് ഈ നീക്കം.
പ്രകാശ് കാരാട്ട് അടക്കം ആറു പേര്‍ പിബിയില്‍ നിന്ന് ഒഴിയും. പ്രകാശ് കാരാട്ട്. വൃന്ദ കാരാട്ട്, മണിക്ക് സര്‍ക്കാര്‍, സുഭാഷിണി അലി എന്നിവരെ സിസിയിലെ പ്രത്യേക ക്ഷണിതാക്കളാക്കും. പാര്‍ട്ടി കോണ്‍ഗ്രസ് സമാപനത്തിന്റെ ഭാഗമായി റെഡ് വോളന്റിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും വൈകിട്ട് മധുരയില്‍ നടക്കും. വൃന്ദയും സുഭാഷിണിയും മാറുമ്പോള്‍ ശൈജല ടീച്ചര്‍ പിബിയില്‍ എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാല്‍ കേരള ഘടകം പിന്തുണയ്ക്കാത്തത് ശൈലജയ്ക്ക് വിനയായി. യു. വാസുകി (തമിഴ്നാട്), മറിയം ധാവ്ളെ (മഹാരാഷ്ട്ര) എന്നിവരെയാണ് പിണറായിയും അനുകൂലിച്ചത്.