മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി വിട്ട് ഹർഷവർദ്ധൻ പാട്ടീൽ; ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി; എൻസിപിയിൽ ചേരുമെന്ന് പ്രഖ്യാപനം
പൂനെ: മഹാരാഷ്ട്ര ബിജെപി നേതാവ് ഹർഷവർദ്ധൻ പാട്ടീൽ എൻസിപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. മുംബൈയിൽ പാർട്ടി അധ്യക്ഷൻ ശരദ് പവാറിനെ കണ്ടതിന് തൊട്ടുപിന്നാലെയാണ് തീരുമാനം.
സൗത്ത് മുംബൈയിലെ ശരദ് പവാറിന്റെ വസതിയായ സിൽവർ ഓക്‌സിൽ വെച്ചാണ് ഹർഷവർദ്ധൻ പാട്ടീൽ കൂടിക്കാഴ്ച നടത്തിയത്. എൻസിപിയിൽ ചേർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പവാർ ആവശ്യപ്പെട്ടതായും യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
ഇന്ദ്പുർ സീറ്റിൽ നിന്നും നാല് തവണ പാട്ടിൽ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇൻദാപൂരിൽ നിന്ന് എൻസിപിയുടെ ദത്താത്രയ ഭാർനെയോട് രണ്ട് തവണ പരാജയപ്പെട്ട പാട്ടീലിനെ ശരദ് പവാറിൻ്റെ പാർട്ടി അതേ സീറ്റിൽ നിന്ന് മത്സരിപ്പിക്കാനാണ് സാധ്യത.
1995-99 കാലത്ത് ശിവസേന-ബിജെപി സഖ്യ സർക്കാരിൽ കൃഷി, വിപണന വകുപ്പ് സഹമന്ത്രിയായും, 1999-2014 കോൺഗ്രസ്-എൻസിപി സഖ്യ സർക്കാരിൽ മന്ത്രിയായും പാട്ടീൽ സേവനമനുഷ്ഠിച്ചു.