റൈറ്റ് ബ്രദേഴ്‌സ് വിമാനം കണ്ടുപിടിക്കുന്നതിന് മുമ്പുതന്നെ ഇതൊക്കെ നമ്മുടെ കൈയ്യിൽ ഉണ്ട്; ബിരുദദാനചടങ്ങില്‍ കേന്ദ്രമന്ത്രി ശിവരാജ് സിംഗ്; തലയിൽ കൈവച്ച് വിദ്യാർത്ഥികൾ
ഭോപ്പാൽ: റൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിക്കുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുതന്നെ ഇന്ത്യയിൽ പറക്കുന്ന യന്ത്രങ്ങൾ നിലവിലുണ്ടായിരുന്നുവെന്ന് കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. ഹിന്ദു ഇതിഹാസങ്ങളിൽ പരാമർശിക്കുന്ന 'പുഷ്പക വിമാന'ത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ചൗഹാൻ, ഭോപ്പാലിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ (ഐഐഎസ്ഇആർ) ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് ഇക്കാര്യം വിശദീകരിച്ചത്.
പുരാതന കാലത്ത് ഇന്ത്യയിൽ നൂതന സാങ്കേതികവിദ്യ നിലനിന്നിരുന്നുവെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. "റൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിക്കുന്നതിന് വളരെ മുമ്പുതന്നെ നമുക്ക് പുഷ്പക വിമാനം ഉണ്ടായിരുന്നു. ഇന്ന് നാം ഉപയോഗിക്കുന്ന ഡ്രോണുകൾക്കും മിസൈലുകൾക്കും സമാനമായ യന്ത്രങ്ങൾ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ നമ്മുടെ കൈവശമുണ്ടായിരുന്നു. മഹാഭാരതത്തിൽ പോലും ഇത്തരം കാര്യങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തെ ശാസ്ത്ര സാങ്കേതിക വിദ്യ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ വികസിപ്പിച്ചെടുത്തിട്ടുള്ളതാണ്," ചൗഹാൻ അവകാശപ്പെട്ടു.
നേരത്തെ, ബിജെപി എം.പി അനുരാഗ് ഠാക്കൂർ ആദ്യത്തെ ബഹിരാകാശ സഞ്ചാരി ഹനുമാനാണ് എന്ന് പ്രസ്താവിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചൗഹാന്റെ പരാമർശവും പ്രാധാന്യം നേടുന്നത്. പുരാതന ഭാരതീയ ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുള്ള സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കുകയാണ് ഈ പരാമർശങ്ങൾ.