'എന്റെ ഭര്‍ത്താവിനെ കൊന്ന ആതിഖ് അഹമ്മദിനെ മണ്ണോടു ചേര്‍ക്കാനുള്ള ജോലി മുഖ്യമന്ത്രി ചെയ്തു; നീതി നല്‍കിയതിന് യോഗി ആദിത്യനാഥിനോട് നന്ദി'; നിയമസഭയില്‍ യുപി മുഖ്യമന്ത്രിയെ പ്രശംസിച്ച വനിതാ എംഎല്‍എയെ പുറത്താക്കി അഖിലേഷ് യാദവ്

നിയമസഭയില്‍ യുപി മുഖ്യമന്ത്രിയെ പ്രശംസിച്ച വനിതാ എംഎല്‍എയെ പുറത്താക്കി അഖിലേഷ് യാദവ്

Update: 2025-08-14 12:27 GMT

ലക്‌നൗ: ഭര്‍ത്താവിന്റെ കൊലപാതകിയായ ഗുണ്ടാനേതാവിനെ ഇല്ലാതാക്കി തനിക്ക് നീതി നല്‍കിയതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നിയമസഭയില്‍ നന്ദി പറയുകയും പ്രശംസിക്കുകയും ചെയ്ത പാര്‍ട്ടി എംഎല്‍എയെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പുറത്താക്കി. പൂജ പാല്‍ എന്ന വനിതാ എംഎല്‍എയെയാണ് പുറത്താക്കിയത്. തന്റെ ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നീതി നടപ്പിലാക്കിയെന്നടക്കം നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് നടപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും കടുത്ത അച്ചടക്ക ലംഘനങ്ങളിലും ഏര്‍പ്പെട്ടതിനാണ് പൂജ പാലിനെ പുറത്താക്കിയതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അറിയിച്ചു. മുന്‍പ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഈ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതിനാല്‍ പാര്‍ട്ടിക്ക് കാര്യമായ ദോഷമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂജ പാലിന് ഇനി പാര്‍ട്ടിയുടെ ഒരു പരിപാടിയിലും പങ്കെടുക്കാന്‍ അനുവാദമില്ല. ഭാവിയില്‍ ഒരു പരിപാടിക്കും ക്ഷണിക്കില്ലെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. എംഎല്‍എയുടെ പുറത്താക്കലിന് പിന്നാലെ സമാജ്വാദി പാര്‍ട്ടിക്കെതിരെ ബിജെപി രംഗത്തെത്തി. പൂജ പാലിനെ പുറത്താക്കിയ നടപടി പ്രതിപക്ഷം ദളിത് വിരുദ്ധരാണെന്ന് തെളിയിക്കുന്നതാണെന്ന് ബിജെപി ആരോപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് പൂജ നന്ദി പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു പുറത്താക്കല്‍.

ഉത്തര്‍പ്രദേശ് നിയമസഭയില്‍ 'വിഷന്‍ ഡോക്യുമെന്റ് 2047' എന്ന വിഷയത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയ്ക്കിടെയാണ് സമാജ്വാദി പാര്‍ട്ടി എംഎല്‍എ യോഗിയെ പുകഴ്ത്തി പ്രസംഗം നടത്തിയത്. മറ്റാരും കേള്‍ക്കാതിരുന്നപ്പോള്‍ തന്നെ കേട്ടത് യോഗിയാണെന്നും അദ്ദേഹത്തെ മുഴുവന്‍ സംസ്ഥാനവും വിശ്വാസത്തോടെയാണ് കാണുന്നതെന്നും പൂജ പാല്‍ പറഞ്ഞു. പൂജയുടെ ഭര്‍ത്താവും ബഹുജന്‍ സമാജ് പാര്‍ട്ടി എംഎല്‍എയുമായ രാജു പാല്‍ 2005ല്‍ ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ വെടിയേറ്റ് മരിച്ചിരുന്നു.

''എല്ലാവര്‍ക്കും അറിയാം എന്റെ ഭര്‍ത്താവിനെ കൊന്നതാരാണെന്ന്. എനിക്ക് നീതി ലഭ്യമാക്കിയതിനും മറ്റാരും കേള്‍ക്കാതിരുന്നപ്പോള്‍ എന്നെ കേട്ടതിനും മുഖ്യമന്ത്രിയോട് നന്ദി പറയുന്നു. ആതിഖ് അഹമ്മദിനെപ്പോലെയുള്ള ക്രിമിനലുകളെ കൊല്ലുന്നതടക്കം കുറ്റകൃത്യങ്ങളോട് സന്ധിയില്ലാത്ത നയങ്ങള്‍ പ്രയാഗ്രാജിലെ എന്നെപ്പോലെയുള്ള അനേകം സ്ത്രീകള്‍ക്ക് അദ്ദേഹം നീതി ലഭ്യമാക്കി. ഇന്ന് മുഴുവന്‍ സംസ്ഥാനവും അദ്ദേഹത്തെ വിശ്വാസത്തോടെയാണ് നോക്കുന്നത്. എന്റെ ഭര്‍ത്താവിനെ കൊന്ന ആതിഖ് അഹമ്മദിനെ മണ്ണോടു ചേര്‍ക്കാനുള്ള ജോലി മുഖ്യമന്ത്രി ചെയ്തു''പൂജ പറഞ്ഞു.

പുകഴ്ത്തല്‍ വിവാദമായതിനു പിന്നാലെയാണ് സമാജ് വാദി പാര്‍ട്ടിയുടെ നടപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം, അച്ചടക്ക ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൂജയെ പുറത്താക്കിയത്. പൂജയുമായുള്ള വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം 2005 ജനുവരി 25നാണ് രാജു പാല്‍ കൊല്ലപ്പെടുന്നത്. 2004ല്‍ പ്രയാഗ്രാജ് വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പില്‍ രാജു പരാജയപ്പെടുത്തിയത് ആതിഖ് അഹമ്മദിന്റെ സഹോദരന്‍ അഷ്‌റഫിനെയാണ്. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. 2023ല്‍ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലും വെടിയേറ്റു മരിച്ചു.

ദിവസങ്ങള്‍ക്കകം ആതിഖിനെയും അഷ്‌റഫിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രയാഗ്‌രാജിലേക്ക് മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോകും വഴി പ്രതികള്‍ വെടിയേറ്റു മരിക്കുകയായിരുന്നു. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആതിഖിന്റെ മകന്‍ ആസാദും ഏറ്റുമുട്ടലില്‍ മരിച്ചിരുന്നു.

2005 ജനുവരി 25-നാണ് രാജു പാല്‍ കൊല്ലപ്പെട്ടത്. 2004 ല്‍ പ്രയാഗ്രാജ് വെസ്റ്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പില്‍ ഗുണ്ടാ നേതാവ് അതീഖ് അഹമ്മദിന്റെ സഹോദരന്‍ അഷ്റഫിനെ പരാജയപ്പെടുത്തിയതിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. 2023 ഫെബ്രുവരിയില്‍, ഈ കൊലപാതക കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാല്‍ വെടിയേറ്റ് മരിച്ചു. ഇതിന് പിന്നാലെ അതീഖ് അഹമ്മദും സഹോദരന്‍ അഷ്റഫും അറസ്റ്റിലായി. ഇവരെ മെഡിക്കല്‍ ചെക്കപ്പിനായി കൊണ്ടപോകുമ്പോള്‍ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ജേണലിസ്റ്റുകളെപ്പോലെ പൊലീസുകാര്‍ക്കിടയില്‍ നുഴഞ്ഞു കയറിയാണ് ഇവര്‍ അതിഖ് അഹമ്മദിനെ കൊലപ്പെടുത്തിയത്. നിരവധി പിടിച്ചുപറിക്കേസുകള്‍, കൊലപാതകങ്ങള്‍, ഭീഷണിപ്പെടുത്തലുകള്‍, തട്ടിക്കൊണ്ടുപോകലുകള്‍ എന്നിവയില്‍ പ്രതിയാണ് അതീഖ് അഹമ്മദ്.

Tags:    

Similar News