കോണ്‍ഗ്രസ് ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം നില്‍ക്കുന്നു; പാക്കിസ്ഥാന്‍ വളര്‍ത്തിയ ഭീകരരെ പിന്തുണക്കുകയും ചെയ്യുന്നു; ചൈനീസ് അധിനിവേശത്തില്‍ നെഹ്രു ഉണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല; വീണ്ടും കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി നരേന്ദ്ര മോദി

കോണ്‍ഗ്രസ് ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം നില്‍ക്കുന്നു;

Update: 2025-09-14 09:24 GMT

ധരാങ്: കോണ്‍ഗ്രസിനും ജവഹര്‍ലാല്‍ നെഹ്രുവിനുമെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ദേശവിരുദ്ധ ശക്തികള്‍ക്കൊപ്പം നില്‍ക്കുകയും പാക്കിസ്ഥാന്‍ വളര്‍ത്തിയ ഭീകരരെ പിന്തുണക്കുകയും ചെയ്യുന്നുവെന്നും മോദി വിമര്‍ശിച്ചു. 1962 ചൈനീസ് അധിനിവേശത്തില്‍ നെഹ്രു ഉണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. അസമില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ തെറ്റുകള്‍ പരിഹരിക്കുകയാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.

അസമിലെ ധരാങ് ജില്ലയില്‍ മെഡിക്കല്‍ കോളജ്, നഴ്‌സിങ് കോളജ്, കാംരൂപിനെയും ധരാങിനെയും ബന്ധിപ്പിക്കുന്ന ഗുവാഹത്തി റിങ് റോഡ് എന്നിങ്ങനെ 6,300 കോടിയുടെ പദ്ധതികള്‍ പ്രധാനമന്ത്രി അനാവരണം ചെയ്തു. ഞായറാഴ്ച വൈകീട്ട് അദ്ദേഹം കൊല്‍ക്കത്തക്ക് തിരിക്കും.

കോണ്‍ഗ്രസ് ഭരണ കാലത്ത് കൃഷി ഭൂമിയിലും ആരാധനാലയങ്ങളിലും വ്യാപകമായ കൈയ്യേറ്റങ്ങളുണ്ടായി. എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ആ തെറ്റുകള്‍ തിരുത്താനും നിയമവിരുദ്ധമായ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും നടപടി ആരംഭിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തില്‍ അസമിലെ നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചതായും മോദി അവകാശപ്പെട്ടു.

ഭാരതരത്ന അവാര്‍ഡ് ജേതാവും ഗായകനും സംഗീതസംവിധായകനുമായ ഭൂപന്‍ ഹസാരികയെ കോണ്‍ഗ്രസ് പാര്‍ട്ടി അപമാനിച്ചതില്‍ തനിക്ക് വേദനയുണ്ടെന്ന് മോദി പറഞ്ഞു. 1962-ലെ ചൈനീസ് ആക്രമണത്തില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അസം ജനതയ്ക്ക് നല്‍കിയ മുറിവുകള്‍ ഇതുവരെ ഉണങ്ങിയിട്ടില്ല.

ആത്മീയ നേതാവ് ശിവകുമാര സ്വാമിക്ക് പകരം ഒരു ഗായകന് അവാര്‍ഡ് നല്‍കിയതില്‍ 2019-ല്‍ കോണ്‍ഗ്രസ് മേധാവി മല്ലികാര്‍ജുന്‍ ഖാര്‍ഗെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ബി.ജെ.പി നേതൃത്വത്തില്‍ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനങ്ങളിലൊന്നാണ് അസം എന്നും മോദി പറഞ്ഞു.

Tags:    

Similar News