'കശ്മീരിനെ മുഴുവനായും ഇന്ത്യയുമായി ഒന്നിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിച്ചിരുന്നു; നെഹ്റു അനുവദിച്ചില്ല; കോണ്‍ഗ്രസിന്റെ തെറ്റുമൂലം രാജ്യം ദുരിതമനുഭവിച്ചു; ഇന്ന് ആരെങ്കിലും ഇന്ത്യയ്ക്ക് നേരെ കൈ ഉയര്‍ത്താന്‍ ധൈര്യപ്പെട്ടാല്‍ ആ മണ്ണില്‍ കയറി തിരിച്ചടിക്കും'; പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തി നന്നായി അറിയാമെന്ന് നരേന്ദ്ര മോദി
പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തി നന്നായി അറിയാമെന്ന് നരേന്ദ്ര മോദി
അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാമത് ജന്മവാര്‍ഷിക ദിനത്തില്‍ രാജ്യത്തിന്റെ ശക്തി ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഓപ്പറേഷന്‍ സിന്ദൂര്‍' ഇന്ത്യയുടെ ശക്തമായ മറുപടി ലോകത്തിന് കാണിച്ചുകൊടുത്തു. ഇന്ത്യക്ക് ശത്രുരാജ്യത്തിന്റെ മണ്ണില്‍ കടന്ന് ആക്രമിക്കാന്‍ കഴിയും എന്ന വ്യക്തമായ സന്ദേശം ഓപ്പറേഷന്‍ സിന്ദൂര്‍ നല്‍കി. ആരെങ്കിലും ഇന്ത്യയ്ക്ക് നേരെ കൈ ഉയര്‍ത്താന്‍ ധൈര്യപ്പെട്ടാല്‍, ഇന്ത്യ ആ മണ്ണില്‍ കയറി തിരിച്ചടിക്കും. ഇന്ന് പാക്കിസ്ഥാനും തീവ്രവാദം വളര്‍ത്തുന്നവര്‍ക്കും ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തി എന്താണെന്ന് അറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ഏകതാ ദിവസ് വേദി പ്രധാനമന്ത്രി കോണ്‍ഗ്രസിനെ ആക്രമിക്കാനും ഉപയോഗിച്ചു. മറ്റു നാട്ടുരാജ്യങ്ങളെ ഇന്ത്യയില്‍ ലയിപ്പിച്ചതുപോലെ കശ്മീരിനെ മുഴുവനായും ഇന്ത്യയുമായി ഒന്നിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്റു അതിന് അനുവദിച്ചില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. 'ചരിത്രമെഴുതി സമയം കളയരുത്, പകരം ചരിത്രം സൃഷ്ടിക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്ന് സര്‍ദാര്‍ പട്ടേല്‍ വിശ്വസിച്ചിരുന്നു',
'ചരിത്രമെഴുതി സമയം കളയരുത്, പകരം ചരിത്രം സൃഷ്ടിക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്ന് സര്‍ദാര്‍ പട്ടേല്‍ വിശ്വസിച്ചിരുന്നു', സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ നൂറ്റമ്പതാം ജന്മദിനത്തില്‍ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം നടന്ന രാഷ്ട്രീയ ഏകതാ ദിവസ് പരേഡിന് ശേഷം പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
'മറ്റു നാട്ടുരാജ്യങ്ങളെപ്പോലെ കശ്മീരിനെ മുഴുവനായും ഇന്ത്യയുമായി ഒന്നിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിച്ചു. എന്നാല്‍, നെഹ്റുജി അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റുന്നതില്‍നിന്ന് തടഞ്ഞു. കശ്മീര്‍ വിഭജിക്കപ്പെട്ടു, പ്രത്യേക ഭരണഘടനയും പതാകയും നല്‍കി. കോണ്‍ഗ്രസിന്റെ തെറ്റുമൂലം പതിറ്റാണ്ടുകളോളം രാജ്യം ദുരിതമനുഭവിച്ചു. 'സര്‍ദാര്‍ പട്ടേല്‍ രൂപീകരിച്ച നയങ്ങളും അദ്ദേഹം എടുത്ത തീരുമാനങ്ങളും പുതിയ ചരിത്രം സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പട്ടേലിന്റെ കാഴ്ചപ്പാടുകള്‍ കോണ്‍ഗ്രസ് മറന്നുകളഞ്ഞതായി അദ്ദേഹം ആരോപിച്ചു. പട്ടേലിന്റെ ആദര്‍ശങ്ങളാണ് നക്‌സലിസം, നുഴഞ്ഞുകയറ്റം തുടങ്ങിയ ആഭ്യന്തര വെല്ലുവിളികളോടും ബാഹ്യ ഭീഷണികളോടും ഉള്ള സര്‍ക്കാരിന്റെ സമീപനത്തെ നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നുഴഞ്ഞുകയറ്റം രാജ്യത്തിന്റെ ഐക്യത്തിന് കടുത്ത ഭീഷണിയാണെന്ന് മോദി മുന്നറിയിപ്പ് നല്‍കി. വോട്ട് ബാങ്കിന് വേണ്ടി മുന്‍ സര്‍ക്കാരുകള്‍ രാജ്യസുരക്ഷ അപകടത്തിലാക്കി. നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ക്ക് രാജ്യം ദുര്‍ബലമായാലും പ്രശ്‌നമില്ല. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയും സ്വത്വവും അപകടത്തിലായാല്‍, ഓരോ പൗരനും അപകടത്തിലാണ് എന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ഓരോ നുഴഞ്ഞുകയറ്റക്കാരെയും നീക്കം ചെയ്യാന്‍ നാം ദൃഢനിശ്ചയം ചെയ്യണം എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
നക്‌സലിസത്തിനെതിരെ: '2014-ന് മുമ്പ്, നക്‌സലൈറ്റുകള്‍ രാജ്യത്തിന്റെ വലിയ ഭാഗങ്ങളില്‍ സ്വന്തം ഭരണം നടത്തിയിരുന്നു. സ്‌കൂളുകളും കോളേജുകളും ആശുപത്രികളും തകര്‍ത്തു, ഭരണകൂടം നിസ്സഹായമായി നോക്കി നിന്നു. ഞങ്ങള്‍ അര്‍ബന്‍ നക്‌സലുകള്‍ക്കെതിരെ ശക്തമായി പ്രവര്‍ത്തിച്ചു. അതിന്റെ ഫലമായി, മുമ്പ് നക്‌സല്‍ ബാധിതമായിരുന്ന 125 ജില്ലകളില്‍ നിന്ന് ഇപ്പോള്‍ 11 എണ്ണം മാത്രമാണ് ശേഷിക്കുന്നത്, നക്‌സല്‍ ആധിപത്യം മൂന്ന് ജില്ലകളില്‍ ഒതുങ്ങിഎന്നും അദ്ദേഹം പറഞ്ഞു.
നക്‌സല്‍ ഭീകരതയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞ മോദി രാജ്യത്തുനിന്ന് നക്‌സലിസവും മാവോയിസവും വേരോടെ പിഴുതെറിയുന്നതുവരെ തന്റെ സര്‍ക്കാര്‍ പിന്മാറില്ലെന്ന് പറഞ്ഞു. ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാരില്‍നിന്ന് കോണ്‍ഗ്രസിന് 'അടിമത്ത മനോഭാവം' പാരമ്പര്യമായി ലഭിച്ചുവെന്ന് മോദി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.
പോലീസിന്റെയും അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും സംഘങ്ങള്‍ പങ്കെടുത്ത ദേശീയ ഏകതാ ദിന പരേഡ് മോദി വീക്ഷിച്ചു. ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, സിആര്‍പിഎഫ്, എസ്എസ്ബി തുടങ്ങിയ അര്‍ദ്ധസൈനിക വിഭാഗങ്ങളും ജമ്മു കശ്മീര്‍, പഞ്ചാബ്, അസം, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, കേരളം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് സംഘങ്ങളും ഉള്‍പ്പെടെ എല്ലാ സംഘങ്ങളെയും വനിതാ ഉദ്യോഗസ്ഥരാണ് നയിച്ചത്. നാഷണല്‍ കേഡറ്റ് കോര്‍പ്‌സിന്റെ (എന്‍സിസി) ഒരു സംഘവും പരേഡില്‍ പങ്കെടുത്തു.
