'ലോകത്ത് നമുക്ക് ഒരു പ്രധാന ശത്രുവില്ല; വിദേശ ആശ്രിതത്വമാണ് ഇന്ത്യയുടെ യഥാര്‍ഥ ശത്രു; ആശ്രിതത്വത്തിന്റെ ഈ ശത്രുവിനെ നമ്മള്‍ ഒരുമിച്ച് തോല്‍പ്പിക്കണം': രാജ്യം സ്വയം പര്യാപ്തമാകേണ്ടത് ഊന്നി പറഞ്ഞ് മോദി; പ്രധാനമന്ത്രിയുടെ പരാമര്‍ശം ട്രംപിന്റെ എച്ച് വണ്‍ ബി വിസ പ്രഖ്യാപനത്തിന് പിന്നാലെ
വിദേശ ആശ്രിതത്വമാണ് ഇന്ത്യയുടെ യഥാര്‍ഥ ശത്രു
അഹമ്മദാബാദ്: വിദേശ ആശ്രിതത്വമാണ് ഇന്ത്യയുടെ യഥാര്‍ഥ ശത്രുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപിന്റെ എച്ച് വണ്‍ ബി വിസ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സ്വാശ്രയത്വത്തിന്റെ പ്രാധാന്യം ഊന്നി പറഞ്ഞ് മോദിയുടെ പ്രസംഗം. വിദേശ ആശ്രിതത്വം രാജ്യത്തിന്റെ പരാജയത്തിന് കാരണമാകുമെന്നും ഇത് മറികടക്കാന്‍ രാജ്യം സ്വയം പര്യാപ്തമാകണമെന്നും അദ്ദേഹം ഗുജറാത്തില്‍ പറഞ്ഞു. വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
്താരിഫ് യുദ്ധത്തിന് പിന്നാലെ ഇരുട്ടടി പോലെ ട്രംപ്, എച്ച്-1ബി വിസയുടെ വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്താന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം. ഇത് പ്രധാനമായും ടെക്‌നോളജി മേഖലയില്‍ ജോലി ചെയ്യുന്നവരെ, പ്രത്യേകിച്ച് ഇന്ത്യക്കാരായ ഉദ്യോഗാര്‍ത്ഥികളെ സാരമായി ബാധിക്കും. എച്ച്-1ബി വിസ അപേക്ഷകരില്‍ ഇന്ത്യയാണ് മുന്നില്‍.
'ലോകത്ത് നമുക്ക് ഒരു പ്രധാന ശത്രുവില്ല. നമ്മുടെ യഥാര്‍ത്ഥ ശത്രു മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നതാണ്,' പ്രധാനമന്ത്രി വിശദീകരിച്ചു. 'ഇന്ത്യയുടെ ആശ്രിതത്വത്തിന്റെ ശത്രുവിനെ നമുക്ക് ഒരുമിച്ച് തകര്‍ക്കേണ്ടതുണ്ട്. വിദേശ ആശ്രിതത്വം വര്‍ധിക്കുമ്പോള്‍ രാജ്യത്തിന്റെ പരാജയവും ഏറും. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം സ്വയം പര്യാപ്തമാകണം.'
മറ്റുള്ളവരെ ആശ്രയിക്കുന്നത് ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുമെന്നും, 140 കോടി ജനങ്ങളുടെ ഭാവിക്കുവേണ്ടി രാജ്യത്തെ മറ്റൊരാശ്രിതത്വത്തിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ വികസനത്തിനായുള്ള ദൃഢനിശ്ചയം മറ്റുള്ളവരെ ആശ്രയിക്കുന്നതിലൂടെ ഇല്ലാതാക്കാനാകില്ല. വരും തലമുറകളുടെ ഭാവിയും അപകടത്തിലാക്കാന്‍ സാധ്യമല്ല. ഇതിനുള്ള ഏക പരിഹാരം സ്വാശ്രയ ഇന്ത്യയാണ്.
1990-ല്‍ ആരംഭിച്ച എച്ച്-1ബി വിസ പദ്ധതി, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം തുടങ്ങിയ മേഖലകളില്‍ യോഗ്യതയുള്ളവരെ ലക്ഷ്യമിട്ടുള്ളതാണ്.