മുസ്ലിംങ്ങള്‍ ഹിന്ദുക്കളില്‍ നിന്ന് അച്ചടക്കം പഠിക്കണം; റോഡുകള്‍ നടക്കാന്‍ വേണ്ടിയുള്ളതാണ് നിസ്‌കരിക്കാനുള്ള ഇടമല്ല; കുംഭമേളയോട് അനുബന്ധിച്ച് ഒരു അക്രമവും ഉണ്ടായിട്ടില്ല; വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്

Update: 2025-04-01 07:14 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഈദ് ഗാഹുകളെ വിലക്കിയത് ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഘോഷങ്ങള്‍ ധിക്കാരം കാണിക്കാനുള്ള മാധ്യമമായി മാറരുത്. മുസ്‌ലിംകള്‍ ഹിന്ദുക്കളില്‍ നിന്ന് അച്ചടക്കം പഠിക്കണമെന്നും പൊതുനിരത്തുകള്‍ നിസ്‌കരിക്കാനുള്ള ഇടമല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കുംഭമേളയോട് അനുബന്ധിച്ച് ഒരു അക്രമവും ഉണ്ടായിട്ടില്ലെന്നും യോഗി പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'റോഡുകള്‍ നടക്കാന്‍ വേണ്ടിയുള്ളതാണ് . ഹിന്ദുക്കളില്‍ നിന്ന് അച്ചടക്കം പഠിക്കണം. 66 കോടി ആളുകള്‍ പ്രയാഗ്രാജില്‍ എത്തി. എവിടെയും കൊള്ളയടിക്കലോ തീവെപ്പോ ഉണ്ടായിട്ടില്ല. എവിടെയും പീഡനമുണ്ടായില്ല, എവിടെയും നശീകരണമുണ്ടായിട്ടില്ല, എവിടെയും തട്ടിക്കൊണ്ടുപോകലുണ്ടായിട്ടില്ല, ഇതാണ് അച്ചടക്കം, ഇതാണ് മതപരമായ അച്ചടക്കം. അവര്‍ ഭക്തിപൂര്‍വം വന്നു, മഹാ സ്‌നാനത്തില്‍ പങ്കെടുത്തു, തുടര്‍ന്ന് അവര്‍ മടങ്ങി. ഉത്സവങ്ങളോ ആഘോഷങ്ങളോ അഹങ്കാരത്തിനുള്ള ഒരു മാധ്യമമായി മാറരുത്. ആ അച്ചടക്കം പിന്തുടരാന്‍ പഠിക്കുക'' യോഗി പറഞ്ഞു.

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്‌നങ്ങളോ കുംഭമേളയില്‍ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം ഹിന്ദുക്കളില്‍ നിന്ന് പഠിക്കണം. റോഡ് നടക്കാനുള്ളതാണെന്നും യോഗി വ്യക്തമാക്കി. കുംഭമേളയില്‍ മോഷണമോ തീവെപ്പോ തട്ടികൊണ്ടുപോകലോ പോലുള്ള പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ഇതാണ് മതപരമായ അച്ചടക്കം അദ്ദേഹം പറഞ്ഞു. കുംഭമേളയില്‍ സ്ഥാപിച്ചിരുന്ന ടെന്റുകള്‍ക്ക് വ്യപകമായി തീപിടിക്കുകയും മുസ്ലിങ്ങളായ കച്ചവടക്കാര്‍ക്കെതിരെ നിരന്തരമായി ആക്രമണങ്ങള്‍ ഉണ്ടാകുകയും അനേകം ആളുകളുടെ മരണത്തിന് കാരണമായ അപകടങ്ങള്‍ നടക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് യോഗിയുടെ പരാമര്‍ശം.

കനത്ത സുരക്ഷയിലാണ് ഉത്തര്‍പ്രദേശില്‍ ഈദ് ആഘോഷം നടന്നത്. കനത്ത സുരക്ഷയിലായിരുന്നു ആഘോഷങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കൂടി സഹായത്തോടെയാണ് യു.പി പൊലീസ് നിരീക്ഷണം നടത്തിയത്. മീററ്റിലെ ചെറിയ സംഘര്‍ഷം ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് കാര്യമായ പ്രശ്‌നങ്ങളൊന്നും യു.പിയിലുണ്ടായില്ല.

Tags:    

Similar News