'അഞ്ചിടത്ത് ടിവികെ റാലികള്‍ സംഘടിപ്പിച്ചു; കരൂരില്‍ മാത്രം എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? അനുവദിച്ച സ്ഥലത്താണ് താന്‍ പ്രസംഗിച്ചത്; സി എം സാര്‍, ഞാനിവിടെ ഓഫീസിലുണ്ട്; എന്നെ എന്തുവേണമെങ്കിലും ചെയ്തോളൂ; ടിവികെ പ്രവര്‍ത്തകരുടെ മേല്‍ കൈവെക്കരുത്; കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ ഗൂഢാലോചന ആരോപിച്ച് വിജയിന്റെ പ്രതികരണം

'ഹൃദയം മുഴുവന്‍ വേദന മാത്രമാണ്; അഞ്ചിടത്ത് ടിവികെ റാലികള്‍ സംഘടിപ്പിച്ചു

Update: 2025-09-30 10:33 GMT

ചെന്നൈ: കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ നേരിട്ടെത്തി ആദ്യ പ്രതികരണവുമായി തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്. ഹൃദയം മുഴുവന്‍ വേദന മാത്രമാണെന്നും ടിവികെ തെറ്റ് ചെയ്തിട്ടില്ലെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് എന്നെ എന്തുവേണമെങ്കിലും ചെയ്‌തോളൂവെന്നും ടിവികെ പ്രവര്‍ത്തകരുടെ മേല്‍ കൈവയ്ക്കരുതെന്നും വിജയ് അഭ്യര്‍ഥിച്ചു. വീഡിയോ സന്ദേശവുമായാണ് വിജയ് ഇന്ന് രംഗത്തുവന്നത്. ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നില്‍ ഗൂഢാലോചന ആരോപിച്ചു കൊണ്ടാണ് വിജയ് രംഗത്തുവന്നത് എന്നതു കൊണ്ട് തന്നെ രാഷ്ട്രീയമായി തന്നെ ഈ വിഷയം മാറുമെന്നത് ഉറപ്പാണ്.

'അഞ്ചിടത്ത് ടിവികെ റാലികള്‍ സംഘടിപ്പിച്ചു. കരൂരില്‍ മാത്രം എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു. എന്നോടുള്ള സ്‌നേഹം കൊണ്ടാണ് ആളുകള്‍ റാലിക്ക് എത്തിയത്. ഇങ്ങനെയൊരു സാഹചര്യം ജീവിതത്തില്‍ മുന്‍പ് ഉണ്ടായിട്ടില്ല. ജനങ്ങളുടെ സ്‌നേഹത്തോട് കടപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കണമെന്ന് കരുതിയിരുന്നില്ല. ടിവികെ തെറ്റൊന്നും ചെയ്തിട്ടില്ല. എങ്കിലും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സത്യം ഉറപ്പായും പുറത്തുവരും,' വിജയ് പറഞ്ഞു.

തന്നോടുള്ള സ്‌നേഹം കൊണ്ടാണ് ആളുകള്‍ കാണാനെത്തിയത്. ആ സ്‌നേഹത്തിന് നന്ദിയുണ്ട്. എന്നാല്‍, സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ജനങ്ങളുടെ സുരക്ഷക്കാണ് പ്രധാന്യം. അതിനാല്‍ തന്നെ രാഷ്ട്രീയം മാറ്റിവെച്ച് സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താന്‍ അനുയോജ്യമായ സ്ഥലത്ത് അനുമതി തേടി പൊലീസിന് സമീപിച്ചിരുന്നു. പൊലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചതെന്നും എന്നാല്‍, നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചുപോയെന്നും വികാരാധീനനായി വിജയ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

സത്യം പുറത്തുവരുമെന്ന് പറഞ്ഞ വിജയ് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന സൂചനയും നല്‍കി. കരൂരില്‍ തുടരാതിരുന്നതിലും വിജയ് വിശദീകരണം നല്‍കി. ഉടന്‍ തന്നെ എല്ലാവരെയും കാണുമെന്നും രാഷ്ട്രീയം ശക്തമായി തുടരുമെന്നും വിജയ് വ്യക്തമാക്കി. വീഡിയോ സന്ദേശത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെയും വിജയ് രൂക്ഷ വിമര്‍ശനം നടത്തി. സിഎം സാര്‍ തന്നോട് എന്തും ആയിക്കോളുവെന്നും ഇങ്ങനെ വേണമായിരുന്നോ പക വീട്ടല്‍ എന്നും വിജയ് തുറന്നടിച്ചു. അഞ്ച് ജില്ലകളിലെ റാലികളില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരില്‍ മാത്രം എങ്ങനെ പ്രശ്‌നമുണ്ടായി? ഇങ്ങനെയാണോ പകരം വീട്ടുന്നത്? ടിവികെ പ്രവര്‍ത്തകരെ തൊടരുത്.


സംഘര്‍ഷാവസ്ഥ ഒഴിവാക്കാനാണ് കരൂരില്‍ ഇപ്പോള്‍ പോകാത്തത്. ജനങ്ങളുടെ സുരക്ഷ പ്രധാനമാണ്. ഇനി മുതല്‍ സുരക്ഷിതമായ ഇടങ്ങള്‍ ചോദിക്കാം. തന്റെ രാഷ്ട്രീയ യാത്ര ഇതുകൊണ്ട് അവസാനിക്കില്ല. അത് തുടരും. തന്നെ പിന്തുണച്ച മറ്റു രാഷ്ട്രീയ നേതാക്കള്‍ക്ക് നന്ദി. എത്രയും വേഗം കരൂരിലേക്ക് പോയി ജനങ്ങളെ കാണും. പക വീട്ടണമെങ്കില്‍ തന്റെ മേല്‍ കൈവെയ്ക്കുവെന്നും പ്രവര്‍ത്തകരെ തുടരുതെന്നും വിജയ് സ്റ്റാലിനെ വെല്ലുവിളിച്ചു.

കരൂരില്‍ തിക്കിലും തിരക്കിലും 41 പേര്‍ മരിച്ച ദുരന്തത്തില്‍, ഒളിവിലായിരുന്ന ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍ അടക്കം അറസ്റ്റിലായിരുന്നു. സെക്രട്ടറി എന്‍.ആനന്ദ്, സംസ്ഥാന ജോ. സെക്രട്ടറി സി.ടി.ആര്‍.നിര്‍മല്‍ കുമാര്‍ എന്നിവരെ കണ്ടെത്താന്‍ 5 പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ വിജയ്യിനും പാര്‍ട്ടിക്കുമെതിരെയാണു കുറ്റപ്പെടുത്തല്‍. ആള്‍ക്കൂട്ടത്തിന്റെ കരുത്ത് കാണിക്കാന്‍ യോഗം വൈകിപ്പിച്ച നടന്‍, അനുമതിയില്ലാതെയാണു റോഡ് ഷോ നടത്തിയത്. വേദിയില്‍ എത്താന്‍ മനഃപൂര്‍വം വൈകിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി. സംഘാടകര്‍ക്കു പലതവണ മുന്നറിയിപ്പും നിര്‍ദേശങ്ങളും നല്‍കിയെങ്കിലും അവഗണിച്ചു.

25 പേര്‍ ശ്വാസം മുട്ടിയാണു മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നു. 3 മിനിറ്റു വരെ ശ്വാസം കിട്ടാതായതോടെയാണു പലരും കുഴഞ്ഞുവീണത്. ചിലരുടെ വാരിയെല്ലുകള്‍ ചവിട്ടേറ്റ് ഒടിഞ്ഞ് ആന്തരിക അവയവങ്ങളില്‍ തുളച്ചു കയറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിച്ചെന്ന ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ ടിവികെ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

നടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കരൂരില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കി. എന്നാല്‍, ദുരന്തം ഡിഎംകെ നടത്തിയ ആസൂത്രിത അട്ടിമറിയാണെന്ന നിലപാടിലാണ് ടിവികെ. സിബിഐ അന്വേഷണം അടിയന്തരമായി പരിഗണിക്കണമെന്ന പാര്‍ട്ടിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഹര്‍ജി വെള്ളിയാഴ്ച പരിഗണിച്ചേക്കും.

ഡിഎംകെ ഗുണ്ടകളുടെ സഹായത്തോടെ അട്ടിമറി നടത്തി, രോഗികള്‍ ഇല്ലാത്ത ആംബുലന്‍സ് ആള്‍ക്കൂട്ടത്തിലൂടെ കടന്നു പോയി, അപകടം നടന്ന് 5 മിനിറ്റിനുള്ളില്‍ സ്ഥലം എംഎല്‍എയും ഡിഎംകെ നേതാവുമായ മുന്‍ മന്ത്രി സെന്തില്‍ ബാലാജി സ്ഥലത്തെത്തി, അപകടം ഉണ്ടാകും മുന്‍പേ ആശുപത്രി സജ്ജമാക്കി തുടങ്ങി ഗുരുതര ആരോപണങ്ങളാണു പാര്‍ട്ടി ഉന്നയിക്കുന്നത്. കരൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നും വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News