അത്..നുണ നുണ..! ബാബരി മസ്ജിദ് നിർമിക്കാൻ 'നെഹ്റു'വിന് ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞ കേന്ദ്ര പ്രതിരോധമന്ത്രി; ഇങ്ങനെ കള്ളം പറയല്ലേയെന്ന് കോൺഗ്രസ്; പൊട്ടി പുറപ്പെട്ട് പുതിയ രാഷ്ട്രീയ വിവാദം
ഡൽഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെതിരെ നടത്തിയ വിവാദ പ്രസ്താവന കോൺഗ്രസിൻ്റെ രൂക്ഷ വിമർശനത്തിന് വഴിവെച്ചു. സർക്കാർ ഖജനാവിലെ പണമുപയോഗിച്ച് ബാബരി മസ്ജിദ് നിർമിക്കാൻ നെഹ്‌റു ആഗ്രഹിച്ചിരുന്നെന്നും എന്നാൽ സർദാർ വല്ലഭ് ഭായ് പട്ടേലാണ് അത് തടഞ്ഞതെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു. സർദാർ പട്ടേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഗുജറാത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന.
പ്രസ്താവനക്കെതിരെ പ്രിയങ്കാ ഗാന്ധി എം.പി. ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. രാജ്യത്തെ പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പി.യുടെ തന്ത്രമാണിതെന്ന് പ്രിയങ്കാ ഗാന്ധി വിമർശിച്ചു. അടിസ്ഥാനരഹിതമായ വാദമാണിതെന്നും, ചരിത്രത്തെ വളച്ചൊടിച്ച് ജനങ്ങളെ വിഭജിക്കാനുള്ള നുണയാണ് മന്ത്രി പറയുന്നതെന്നും കോൺഗ്രസ് എം.പി. മാണിക്കം ടാഗോർ പ്രതികരിച്ചു. തെളിവില്ലാത്ത വാദങ്ങൾ ഒരു ഉത്തരവാദിത്തപ്പെട്ട മന്ത്രി ഉന്നയിക്കരുതെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.