രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ വസതി ഒഴിപ്പിച്ചു; ബിജെപിയുടെ നിര്‍ദേശപ്രകാരം അതിഷിയുടെ സാധനങ്ങള്‍ ബലം പ്രയോഗിച്ച് നീക്കം ചെയ്തു; ഗവര്‍ണര്‍ക്കെതിരെ ആരോപണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

രാജ്യതലസ്ഥാനത്ത് വീണ്ടും സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് മുറുകുന്നു

Update: 2024-10-09 17:37 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിക്കായി അനുവദിച്ചിട്ടുള്ള ഔദ്യോഗിക വസതിയില്‍ നിന്നും അതിഷിയുടെ സാധനങ്ങള്‍ പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ടുമെന്റ് (പി.ഡബ്ല്യു.ഡി.) ഒഴിപ്പിച്ചതായി പരാതി. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. രണ്ടുദിവസം മുമ്പാണ് ഡല്‍ഹി മുഖ്യമന്ത്രി അതിഷി ഈ വസതിയിലേക്ക് താമസം മാറ്റിയത്. ഇതിനുമുമ്പ് മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളായിരുന്നു ഇവിടെ താമസിച്ചിരുന്നത്.

സിവില്‍ ലൈനിലെ '6 ഫ്‌ലാഗ് സ്റ്റാഫ് റോഡ്' ബംഗ്ലാവില്‍നിന്ന് അതിഷിയുടെ സാധനങ്ങള്‍ ബിജെപി നിര്‍ദേശപ്രകാരം ലഫ്.ഗവര്‍ണര്‍ വി.കെ.സക്‌സേന ഒഴിപ്പിച്ചെന്നാണ് എഎപിയുടെയും മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും പരാതി. ഒരു ബിജെപി നേതാവിന് ഈ വസതി അനുവദിക്കുന്നതിനു വേണ്ടിയാണ് നടപടിയെന്നും അവര്‍ ആരോപിച്ചു.

നോര്‍ത്ത് ഡല്‍ഹിയിലെ സിവില്‍ ലൈന്‍സ് ഏരിയയിലെ ബംഗ്ലാവിലേക്ക് തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി അതിഷി താമസം മാറിയത്. മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കേജ്രിവാള്‍ താമസിച്ചിരുന്ന വസതിയാണ് ഇത്. ''രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ വസതി ഒഴിപ്പിച്ചു. ബിജെപിയുടെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയുടെ വസതിയില്‍നിന്ന് ലഫ്.ഗവര്‍ണര്‍, മുഖ്യമന്ത്രി അതിഷിയുടെ സാധനങ്ങള്‍ ബലം പ്രയോഗിച്ച് നീക്കം ചെയ്തു. 27 വര്‍ഷമായി ഡല്‍ഹിയില്‍ അധികാരത്തില്‍ നിന്ന് പുറത്തായ ബിജെപി ഇപ്പോള്‍ മുഖ്യമന്ത്രിയുടെ വസതി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്.'' മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും മുഖ്യമന്ത്രിയുടെ തന്നെ സാധനങ്ങള്‍ പി.ഡബ്ല്യു.ഡി. അനധികൃതമായി ഒഴിപ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. അതേസമയം, ഈ വസതി ഔദ്യോഗികമായി അതിഷിക്ക് നല്‍കിയിട്ടില്ലെന്നും അതുകൊണ്ടാണ് സാധനങ്ങള്‍ ഒഴിപ്പിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഡല്‍ഹി ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയാണ് ഈ നടപടിക്ക് പിന്നിലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആരോപണം.

എന്നാല്‍ ഇത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയല്ലെന്നും മുഖ്യമന്ത്രി അതിഷിക്ക് ഇതുവരെ ഇത് അനുവദിച്ചിട്ടില്ലെന്നും ലഫ്.ഗവര്‍ണറുടെ ഓഫിസ് വ്യക്തമാക്കി. അതിഷി അനുവാദമില്ലാതെ അവരുടെ വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചെന്നും പിന്നീട് അവര്‍ തന്നെ ഇതു നീക്കം ചെയ്യുകയാണ് ചെയ്തതെന്നും ഗവര്‍ണര്‍ ഓഫിസ് അറിയിച്ചു. സംഭവം രാജ്യതലസ്ഥാനത്ത് വീണ്ടും സര്‍ക്കാര്‍ഗവര്‍ണര്‍ പോരിനു വഴിവച്ചിരിക്കുകയാണ്.

കെജ്രിവാള്‍ ഉപയോഗിച്ചിരുന്ന മുഖ്യമന്ത്രിയുടെ വസതിയെ ചൊല്ലി ഇതിനുമുമ്പും ബിജെപി വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പാവപ്പെട്ടവരുടെ പ്രതിനിധി എന്നുപറഞ്ഞ് അധികാരത്തില്‍ എത്തിയ കെജ്രിവാള്‍ ഔദ്യോഗിക വസതിയില്‍ അത്യാഢംബരപൂര്‍ണമായ ജീവിതമാണ് നയിക്കുന്നതെന്നായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം. 'ഷീഷ്മഹല്‍' എന്നാണ് അവര്‍ ഈ വസതിയെ വിളിച്ചിരുന്നത്. ഈ വീട് കൈവിട്ടു പോകാതിരിക്കാനാണ് അതിഷിയെ ഇവിടേക്ക് താമസം മാറ്റിച്ചതെന്നും ബിജെപി ആരോപിക്കുന്നു.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെജ്രിവാള്‍ ജാമ്യത്തില്‍ ഇറങ്ങിയ സമയത്താണ് മുഖ്യമന്ത്രിപദം രാജിവെച്ചത്. പിന്നാലെ അതിഷിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനുപിന്നാലെ കെജ്രിവാള്‍ മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞിരുന്നു. മാതാപിതാക്കളെയും കൂട്ടി ഇവിടെനിന്നും ഇറങ്ങിപ്പോകുന്ന കെജ്രിവാളിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ അതെല്ലാം കെജ്രിവാളിന്റെ അഭിനയമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.

Tags:    

Similar News