തര്‍ക്കം പരിഹരിച്ച് ശരദ് പവാര്‍; മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹാവികാസ് അഘാഡി; കോണ്‍ഗ്രസും എന്‍സിപിയും ഉദ്ദവ് താക്കറെ ശിവസേനയും 85 വീതം സീറ്റുകളില്‍ മത്സരിക്കും

സീറ്റ് വിഭജനം ദിവസങ്ങള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം

Update: 2024-10-23 16:18 GMT

മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം തുടരുന്നതിനിടെ പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഘാഡി സഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. ശരദ് പവാറിന്റെ മധ്യസ്ഥതയിലാണ് തര്‍ക്കം പരിഹരിച്ചത്. പ്രധാന ഘടകകക്ഷികളായ കോണ്‍ഗ്രസ്, ഉദ്ധവ് താക്കറെ പക്ഷം ശിവസേന, എന്‍.സി.പി. ശരദ് പവാര്‍ പക്ഷം എന്നിവര്‍ 85 വീതം സീറ്റുകളില്‍ മത്സരിക്കും. ദിവസങ്ങള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത്.

സഖ്യത്തിലെ മൂന്ന് പാര്‍ട്ടികളും കൂടെ 255 സീറ്റുകളാണ് പങ്കിട്ടെടുത്തത്. ബാക്കിയുള്ള 33 സീറ്റുകളില്‍ ചിലത് മൂന്ന് പാര്‍ട്ടികള്‍ക്ക് തന്നെ ഏറ്റെടുത്തേക്കും. ചിലത് സഖ്യത്തിലെ ചെറുപാര്‍ട്ടികള്‍ക്ക് കൈമാറാനും ധാരണയായി. സീറ്റ് വിഭജനം പൂര്‍ത്തിയായതായി പ്രഖ്യാപിച്ച ശിവസേന 65 സ്ഥാനാര്‍ഥികളുടെ പട്ടികയും പുറത്തിറക്കി. ശിവസേന നേതാവ് സഞ്ജയ് റാവുത്തും കോണ്‍ഗ്രസ് നേതാവ് നാനാ പടോലെയും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്.

'ശരദ് പവാര്‍ സാഹിബുമായുള്ള അവസാന യോഗവും പൂര്‍ത്തീകരിച്ചു. സീറ്റ് വിഭജനം നല്ലരീതിയില്‍ പൂര്‍ത്തിയായതായി മാധ്യമങ്ങളെ അറിയിക്കാന്‍ അദ്ദേഹം ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. 85-85-85 ഫോര്‍മുലയിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്'- റാവുത്ത് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ദിവസങ്ങളോളം ചര്‍ച്ചകള്‍ നടത്തിയിട്ടും സഖ്യത്തില്‍ സീറ്റ് ധാരണയിലെത്താന്‍ സാധിച്ചിരുന്നില്ല. നാസിക്കിലെയും മുംബൈയിലെയും ചില സീറ്റുകളെ ചൊല്ലി കോണ്‍ഗ്രസും ശിവസേനയും തമ്മിലായിരുന്നു പ്രധാന തര്‍ക്കം. കഴിഞ്ഞ ദിവസത്തെ ചര്‍ച്ച ആറ് മണിക്കൂറിലേറെ നീണ്ട് പുലര്‍ച്ചെയായിരുന്നു അവസാനിച്ചത്. അവസാനം ശരദ് പവാര്‍ മധ്യസ്ഥനായാണ് തര്‍ക്കം പരിഹരിച്ചത്.

എന്നാല്‍ നാസിക്കിലെയും മുംബൈയിലെയും വിദര്‍ഭയിലെയും ചില സീറ്റുകളില്‍ ഇപ്പോഴും ധാരണയായിട്ടില്ലെന്നാണ് വിവരം. ഇത്തരം സീറ്റുകളാണ് മാറ്റിവെച്ചിട്ടുള്ളത്. ചെറുകക്ഷികള്‍ക്ക് കൊടുത്ത ശേഷം ബാക്കിയുള്ള സീറ്റുകള്‍ വീണ്ടും വിഭജിക്കാനാണ് ശരദ് പവാര്‍ മുന്നോട്ടുവെച്ച ഫോര്‍മുല. നവംബര്‍ 20 ന് ഒറ്റ ഘട്ടമായാണ് മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 23 നാണ് വോട്ടെണ്ണല്‍.

Tags:    

Similar News