വിജയ്യെ കാര്യമായി വിമര്‍ശിക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം; തമിഴ്‌നാട്ടില്‍ ഭാവിയില്‍ ടിവികെയുമായി സഖ്യസാധ്യത തള്ളാതെ അണ്ണാഡിഎംകെ; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണായകം
എടപ്പാടി പളനിസ്വാമി നേതാക്കന്മാര്‍ക്ക് നിര്‍ദേശം നല്‍കി
ചെന്നൈ: ലക്ഷങ്ങളെ അണിനിരത്തി പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം നടത്തി രാഷ്ട്രീയ നയം പ്രഖ്യാപിച്ചതോടെ നടന്‍ വിജയ്യുമായി അടുക്കാന്‍ എഐഎഡിഎംകെ. വിജയ്യെയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ടിവികെയെയോ(തമിഴക വെട്രി കഴകം) വിമര്‍ശിക്കരുതെന്ന് കാണിച്ച് പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള നേതാക്കള്‍ക്കും വക്താക്കള്‍ക്കും അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി നിര്‍ദേശം നല്‍കിയതയാണ് റിപ്പോര്‍ട്ട്. ഉടന്‍ സഖ്യമുണ്ടാക്കാന്‍ സാധിക്കാതെവന്നാലും ഭാവിയില്‍ ഇതിനുള്ള സാധ്യതയുണ്ടെന്നാണ് അണ്ണാ ഡിഎംകെ വിലയിരുത്തുന്നത്.
ടിവികെയുടെ ആദ്യ സംസ്ഥാനസമ്മേളനത്തില്‍ ഡിഎംകെയെ വിജയ് കടന്നാക്രമിച്ചിരുന്നു. എന്നാല്‍ അണ്ണാ ഡിഎംകെക്കെതിരെ ഒരു പരാമര്‍ശവും നടത്തിയിരുന്നില്ല. മാത്രമല്ല എംജിആറിനെ പുകഴ്ത്തുകയും ചെയ്തിരുന്നു. ഇതോടെ അണ്ണാ ഡിഎംകെ-ടിവികെ സഖ്യസാധ്യത സംബന്ധിച്ച ചര്‍ച്ചകളും സജീവമായി. അണ്ണാ ഡിഎംകെയെ വിജയ് വിമര്‍ശിക്കാത്തതിന് കാരണം പാര്‍ട്ടിയുടെ പ്രവര്‍ത്തനം മികച്ചതായതിനാലാണ് എന്നായിരുന്നു പളനിസ്വാമിയുടെ പ്രതികരണം.
അണ്ണാ ഡിഎംകെയെ വിജയ് വിമര്‍ശിക്കാത്തതിനാല്‍ 'ആ മര്യാദ' തിരിച്ചും കാണിക്കണമെന്നാണ് വക്താക്കള്‍ക്ക് നല്‍കിയ പ്രത്യേക നിര്‍ദേശം. പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയ്യുടെ പാര്‍ട്ടി സമ്മേളനത്തിന് പിന്നാലെ ടിവി ചാനലുകളിലും മറ്റും ചര്‍ച്ചകള്‍ സജീവമായിരുന്നു. ഭരണപക്ഷമായ ഡിഎംകെ ഉള്‍പ്പെടെ വിജയ്യുടെ പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ എഐഎഡിഎംകെ നേതാക്കളെയാരും വിമര്‍ശന വേദിയില്‍ കണ്ടിരുന്നില്ല.
ഉടനില്ലെങ്കിലും സഖ്യസാധ്യതകള്‍ സജീവമാക്കാനാണ് അണ്ണാ ഡിഎംകെ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, നേതൃത്വവും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി യോഗം വിളിച്ചിട്ടുണ്ട്. നവംബര്‍ ആറിന് പാര്‍ട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറിമാര്‍ പങ്കെടുക്കും. വിജയ്യുമായി സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച വന്നേക്കും. ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ ഡിഎംകെയെ കടന്നാക്രമിച്ച വിജയ്, അണ്ണാ ഡിഎംകെക്കെതിരേ ഒരു പരാമര്‍ശവും നടത്തിയിരുന്നില്ല. പകരം എംജിആറിനെ പുകഴ്ത്തുകയും ചെയ്തു.
ഇതോടെയാണ് അണ്ണാ ഡിഎംകെ -ടിവികെ സഖ്യസാധ്യത സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നത്. അണ്ണാ ഡിഎംകെയെ വിജയ് വിമര്‍ശിക്കാത്തതിന് കാരണം പാര്‍ട്ടിയുടെ പ്രവര്‍ത്തനം മികച്ചതായതിനാലാണ് എന്നായിരുന്നു പളനിസ്വാമിയുടെ പ്രതികരണം. ജയലളിതയുടെ വിയോഗത്തിന് പിന്നാലെ തുടര്‍ച്ചയായ പരാജയങ്ങളാണ് പാര്‍ട്ടിക്കേല്‍ക്കുന്നത്. സംഘടനാ തലത്തിലും തെരഞ്ഞടുപ്പ് തലത്തിലും ക്ഷീണത്തിലായ പാര്‍ട്ടിയെ ഉണര്‍ത്താനാണ് നേതൃത്വം ശ്രമിക്കുന്നത്. അതിനുള്ളൊരു വഴിയായാണ് വിജയ്യെ, പാര്‍ട്ടി കാണുന്നത്.
അഴിമതി, കുടുംബവാഴ്ച തുടങ്ങിയവയില്‍ ടിവികെയുടെ ആദര്‍ശങ്ങള്‍ എഐഎഡിഎംകെയുടേതിന് സമാനമാണെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. പവന്‍ കല്യാണിന്റെ ജനസേനയുമായി ടിഡിപി സഖ്യമുണ്ടാക്കിയത് പോലെ തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ, വിജയ്യുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമോയെന്ന ചോദ്യത്തിന് സമയമായിട്ടില്ലെന്നായിരുന്നു പളനിസ്വാമിയുടെ മറുപടി. ചന്ദ്രബാബു നായിഡു നയിക്കുന്ന ആന്ധ്രാപ്രദേശ് സര്‍ക്കാറില്‍ പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രിയാണ്. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയല്ല വിജയ് ഇറങ്ങിയിരിക്കുന്നത്.
ഒറ്റക്ക് ഭരണത്തിലേറി മുഖ്യമന്ത്രിക്കസേരയ്ക്കാണ് വിജയ് ലക്ഷ്യമിടുന്നത്. അതില്‍ കുറഞ്ഞതൊന്നും വിജയ് ആഗ്രഹിക്കുന്നില്ലെന്നാണ് വിവരം. സഖ്യത്തെ സംബന്ധിച്ചൊന്നും വിജയ് മനസ്തുറന്നിട്ടില്ല. അതേസമയം പളനിസ്വാമിയും മുഖ്യമന്ത്രിക്കസേര ലക്ഷ്യമിടുന്നതിനാല്‍ ഇരുവരും ഒന്നാകുമോ എന്ന കാര്യവും സംശയമാണ്. എന്നാല്‍ വിജയ്ക്ക് പിന്തുണയേറുന്നതും അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ആളുകൂടുന്നതും ചങ്കിടിപ്പോടെയാണ് ഡിഎംകെ നോക്കിക്കാണുന്നത്.