'ദ്രുതഗതിയില്‍ മഹാരാഷ്ട്രയെ വികസിപ്പിക്കാന്‍ അഖാഡി പാര്‍ട്ടികള്‍ക്കാവില്ല; അഴിമതിയിലെ ഏറ്റവും വലിയ ഖിലാഡികളാണ് അഖാഡി'; കടുത്ത വിമര്‍ശനവുമായി മോദി
മഹാവികാസ് അഖാഡി സഖ്യം അഴിമതിയിലെ ഏറ്റവും വലിയ ഖിലാഡികള്‍
മുംബൈ: മഹാവികാസ് അഖാഡി സഖ്യം അഴിമതിയിലെ ഏറ്റവും വലിയ ഖിലാഡികളെന്ന് (കളിക്കാര്‍) പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ ചിമൂറില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കവേയാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് - എന്‍സിപി(എസ്പി) - ശിവസേന (ഉദ്ധവ്) സഖ്യത്തിനു വികസനം മുടക്കുന്നതിലാണ വൈദഗ്ധ്യമെന്നും മോദി വിമര്‍ശിച്ചു.
''റെയില്‍പ്പാതയുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായുള്ള ആവശ്യം കോണ്‍ഗ്രസും അഖാഡി പാര്‍ട്ടികളും പരിഗണിച്ചിട്ടില്ല. ദ്രുതഗതിയില്‍ മഹാരാഷ്ട്രയെ വികസിപ്പിക്കാന്‍ അഖാഡി പാര്‍ട്ടികള്‍ക്കാവില്ല. വികസനത്തിന് തടയിടുന്നതിലാണ് അവര്‍ക്ക് വൈദഗ്ധ്യം. തടയുക, തടസമുണ്ടാക്കുക, തെറ്റിദ്ധരിപ്പിക്കുക എന്നിവയിലാണ് കോണ്‍ഗ്രസിന്റെ കഴിവ്. അഴിമതിയിലെ ഏറ്റവും വലിയ ഖിലാഡികളാണ് അഖാഡി''മോദി പറഞ്ഞു.
പട്ടികവര്‍ഗക്കാരെ ജാതികളായി വിഭജിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും മോദി ആരോപിച്ചു. രാജ്യത്ത് ജനസംഖ്യയുടെ 10 ശതമാനമാണ് ആദിവാസി ജനത. ഇവരെ ജാതിയടിസ്ഥാനത്തില്‍ വിഭജിച്ച് ദുര്‍ബലരാക്കാനും ഐക്യം നശിപ്പിക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ജാതികളായി വിഭജിച്ചാല്‍ ആദിവാസി സമൂഹത്തിന്റെ ശക്തിയും സ്വത്വവും ഇല്ലാതെയാകും. കോണ്‍ഗ്രസിന്റെ യുവരാജാവ് ഇക്കാര്യം ഒരു വിദേശരാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഭാഗമാകാതെ ഒന്നിച്ചുനില്‍ക്കണമെന്നും മോദി പറഞ്ഞു. നവംബര്‍ 20നാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ്.
അതേസമയം, വഖഫ് ബോര്‍ഡ് നിയമഭേദഗതി നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജാര്‍ഖണ്ഡില്‍ പറഞ്ഞു. ബാഘ്മാരയില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹേമന്ത് സോറനും രാഹുല്‍ ഗാന്ധിയും എതിര്‍ത്താലും വഫഖ് ഭേദഗതി ബില്‍ പാസാക്കുന്നതില്‍നിന്ന് ബിജെപിയെ ആര്‍ക്കും തടയാനാവില്ലെന്ന് അമിത് ഷാ പറഞ്ഞു. ജാര്‍ഖണ്ഡില്‍ ഏക സിവില്‍ കോഡ് പാസാക്കും. എന്നാല്‍ ഇതില്‍നിന്ന് ആദിവാസി വിഭാഗത്തെ ഒഴിവാക്കി നിര്‍ത്തുമെന്നും അമിത് ഷാ ആവര്‍ത്തിച്ചു. ജാര്‍ഖണ്ഡില്‍ നാളെയാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്